|
Home |
Gulfmalayaly.com |
Magazine Archive |
|
1387 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബദറില്‍
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ |
1387 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്തുവര്‍ഷം 624ലെ മാര്‍ച്ച് 27 ന് ഇസ്ലാമും ഇസ്ലാമിന്റെ ശത്രുക്കളും തമ്മില്‍ ആദ്യമായി ഉണ്ടായ യുദ്ധമാണ് ബദര്‍ യുദ്ധം. ഇത് നടക്കുന്നത് ഹിജറ രണ്ടാം വര്‍ഷത്തിലെ റമദാന് പതിനേഴിനാണ്. മുഹമ്മദ് നബി(സ) മക്കയില്‍ ജീവിക്കുന്ന കാലഘട്ടത്തില്‍ തന്നെ പക്വതയും ഭദ്രതയും ഒത്തിണങ്ങിയ സ്വഭാവവും വിശാലമനസ്കതയും വിവേകവും ഉള്ള ഒരു നേതാവാണെന്ന് തന്റെ വ്യക്തിത്വത്തില്‍ നിന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ അദേഹത്തിനു കഴിഞ്ഞിരുന്നുവെന്ന് നമുക്കു കാണുവാന്‍ കഴിയും. മക്കാ ജീവിതത്തില്‍ നബി(സ) നടത്തിയ പ്രവര്‍ത്തനത്തേയും, പ്രബോധനത്തേയും അവജ്ഞാപൂര്‍വം വീക്ഷിച്ചിരുന്നവര്‍ അതിന്റെ അന്ത്യഘട്ടത്തില്‍ ഇത് ഗുരുതരമായ അപകടമായിത്തീരും എന്നറിഞ്ഞ് അവരുടെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്തുവാന്‍ തീരുമാനിച്ചു. അതിനുമുന്പേ ഈ പ്രബോധനത്തില്‍ വിശ്വാസം ഉള്‍ക്കൊണ്ട് വലിയ ഒരു വിഭാഗം ജനങ്ങള്‍ മുഹമ്മദ് നബി(സ) യുടെ കീഴില്‍ ഉയര്‍ന്നുവന്നിരുന്നു. ഇവര്‍ക്ക് ഖുറൈശികളില്‍ നിന്ന് മര്‍ദ്ദനമുറകള്‍ ഏല്‍ക്കേണ്ടിവന്നെങ്കിലും, അവര്‍ വിശ്വസിച്ച തത്വങ്ങളില്‍ നിന്ന് വ്യതിചലിച്ചില്ല. ഈ ഒരു സംഭവം ഖുറൈശികളുടെ മുന്നില്‍ ഇവര്‍ക്ക് യഥാര്‍ത്ഥമായ് ഇസ്ലാമിനോട് സ്നേഹവും വിശ്വാസവുമുണ്ടെന്നു കാണിക്കുവാന്‍ കഴിഞ്ഞു. ശത്രുക്കളുടെ മുന്നില്‍ ഇസ്ലാമിന്റെ ശബ്ദം അതിന്റെ നേട്ടങ്ങളുടെ വളരെ അടുത്തെത്തിയെന്നു കാണിക്കുവാന്‍ പറ്റിയ ഒരു ഉത്തമ ഉദാഹരണവുമാണിത്.
സ്വന്തം ആദര്‍ശങ്ങളും ലക്ഷ്യങ്ങളും വിലകല്പിക്കാതെ ഇസ്ലാമിനു വേണ്ടി ആത്മത്യാഗം ചെയ്യാന്‍ കഴിവുള്ള ഒരു സംഘം ആളുകളെ ലഭിച്ചുവെങ്കിലും, മണലില്‍ കാലുറപ്പിച്ചു നടക്കാന്‍ പറ്റുന്ന ഒരു സ്ഥിതി കൈവന്നിരുന്നില്ല. എങ്കിലും ഈ സംഘത്തിനു ഇസ്ലാമികപ്രബോധനം വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞു എന്നത് ഒരു വലിയ വിജയം തന്നെയായിരുന്നു. മക്കയില്‍ നിന്ന് ഈ സംഘത്തിനു വലിയ പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്നതിനാല്‍ ഇസ്ലാമിന്റെ ഈ പ്രബോധനം സത്യസന്ധമാണെന്നു തെളിയിക്കാന്‍ വേണ്ടത്ര സമയം ലഭിക്കാതെ വന്നു. ഇതിന്റെ മുഖ്യകാരണം പല ഘടകങ്ങളായി വിഘടിച്ചു കിടന്നിരുന്ന ഗോത്രങ്ങളെ ഒന്നിപ്പിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു. മക്കയിലെ അവസാന വര്‍ഷങ്ങളെ ഹജ്ജ് കാലത്ത് പ്രവാചകനു ലഭിച്ച എഴുപത്തിയഞ്ചു പേരടങ്ങുന്ന ഒരു സംഘം പിന്നീട് ഇസ്ലാമിന്റെ ചരിത്രത്തില്‍ വിപ്ലാവാത്മകമായ വഴിത്തിരിവായിത്തീര്‍ന്നു. ഇവര്‍ നല്കിയ ഉറപ്പിന്മേലാണ് പ്രവാചകന് മദീനയില്‍ സഘടിതമായ ഒരു സമൂഹം കെട്ടിപടുക്കുവാന്‍ തീരുമാനിക്കുന്നതും അതിനായ് മക്കവിട്ട് മദീനയിലേക്കു ചേക്കേറിയതും. അങ്ങിനെ അവിടെ മദീനത്തുല്‍ ഇസ്ലാം അഥവാ ഇസ്ലാമിന്റെ നഗരം പടുത്തുയര്‍ത്തുന്നതിന്റ ഭാഗമായി, ഇസ്ലാമിന്റെ പ്രഥമകേന്ദ്രമായ ദാറുല്‍ ഇസ്ലാം സ്ഥപിച്ചതും ഇതിന്റെ ഭാഗമായ് ഇസ്ലാമിന്റെ ചരിത്രത്തിലെ രണ്ടാം അഖബ ഉടമ്പടിയെന്ന പ്രശസ്തമായ ബൈഅത്ത്നടന്നതും.
ഈ ഉടമ്പടിയില്‍ പറയുന്ന കാര്യങ്ങള്‍ വളരെയേറേ പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് നമുക്ക് ഇതു കേള്‍ക്കുന്ന നിമിഷം മനസിലാവും. ഈ എഴുപത്തിയഞ്ചു പേരടങ്ങുന്ന ആദ്യകാല സംഘത്തിനെ വിളിച്ചിരുന്ന പേര് അന്‍സ്വാര്‍ എന്നായിരുന്നു. ഇവര്‍ പ്രവാചകന്റെ കൈയില്‍ കൈ വെച്ചാണ് ഈ ഉടമ്പടി നടത്തിയത്. അല്ലാഹുവിന്റെ ദൂതനാണ് എന്നറിഞ്ഞുകൊണ്ട് ആകുന്നു നാം ഇദ്ദേഹത്തെ ഈ മദീനയിലേക്കു കൂട്ടികൊണ്ടുവന്നത്. ഇത് ഇവിടെയുള്ളവരുമായ് ശത്രുതയ്ക്കിട വരുത്തുകയും തന്മൂലം നമ്മളില്‍ പലരും വധിക്കപ്പെടുകയോ, പീഡിപ്പിക്കപ്പെടുകയോ ഉണ്ടായാലും, അതെല്ലം സഹിച്ച് നമ്മുക്കിദ്ദേഹത്തെ സ്വീകരിക്കാം. ഇതിനെല്ലാം പ്രതിഫലം അല്ലാഹുവില്‍ ആണെന്നും അറിയുക. അല്ലാത്ത പക്ഷം നമുക്കിദ്ദേഹത്തെ സ്വീകരിക്കാതിരിക്കാം. അല്ലാതെ നമ്മള് നശിക്കുമ്പോള്‍, നേതാക്കള്‍ വധിക്കപ്പെടുമ്പോള്‍ ഇദേഹത്തെ ശത്രുക്കളെ ഏല്‍പ്പിച്ചുകൊടുക്കുകയാണെങ്കില്‍ നമുക്കിപ്പോള്‍ തന്നെ പിരിയാം, അതാണ് അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ സ്വീകാര്യമായത്. അങ്ങനെ ഇദ്ദേഹത്തെ ശത്രുക്കള്‍ക്കു ഏല്‍പ്പിച്ചു കൊടുക്കുന്നത് അല്ലാഹുവാണേ ഇരുലോകത്തിനും അപമാനമായിരിക്കും. ഈ സംഘത്തിലെ അംഗങ്ങളുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു ധനനഷ്ടമോ, നേതാക്കളുടെ വധമോ, എന്തുതന്നെ വന്നാലും ഞങ്ങള്‍ ഇദേഹത്തെ സ്വീകരിക്കും ഇതാണ് പ്രശസ്തമായ അഖബ ഉടമ്പടിയെന്ന ബൈഅത്ത്.
പ്രവാചകന്റെ വ്യക്തിത്വവും യോഗ്യതയും നല്ലപോലെ മനസിലാക്കിയിരുന്ന ഖുറൈശികള്‍ ഇതെല്ലാം അറിഞ്ഞ് അസ്വസ്ഥരായിത്തീര്‍ന്നു. മുഹമ്മദിന്(സ) മദീനയില്‍ മുസ്ലീമുകളെ ഒത്തുചേര്ക്കാനായ് താവളം ലഭിച്ചാല്‍, ഖുറൈശികളും മറ്റുഗോത്രങ്ങളും ജീവിതമാര്‍ഗമായ് കണ്ടിരുന്ന കച്ചവടം (യമനില്‍ നിന്ന് ശാമിലേക്കുള്ള ചെങ്കടല്‍ തീരത്തില്‍ കൂടി നടന്നിരുന്ന കച്ചവടം) മുസ്ലീമുകളുടെ അധീനതയിലാകുമോ എന്ന ഭയവും അവരെ അതിനെതിരെ നീങ്ങുവാന്‍ തീരുമാനിച്ചു. ഉടമ്പടി ഉണ്ടായ അന്നുതൊട്ട് മക്കാനിവാസികള്‍ മുഹമ്മദി(സ)നെ ഒറ്റപ്പെടുത്തുവാന്‍ നീക്കം ആരംഭിച്ചിരുന്നു. പക്ഷേ ഇതെല്ലാം വിഫലമായെന്നു മാത്രമല്ല, മുസ്ലീമായ മക്കാനിവാസിക്കള്‍ ഓരോരുത്തരായ് മദീനയിലേക്ക് പോയിത്തുടങ്ങിയതോടെ ഖുറൈശികള്‍ പ്രവാചകനെ വധിക്കുവാന്‍ തീരുമാനിച്ചു. അതിനായ് നബിയുടെ ഗോത്രത്തില്‍ (ബനു ഹാശിം) നിന്നൊഴികെ മറ്റെല്ലാ ഖുറൈശി ഗോത്രത്തില്‍ നിന്നും ഓരോരുത്തരെ വീതം തെരഞ്ഞെടുത്തു. ബനു ഹാശിം ഗോത്രത്തിനൊറ്റക്ക് എല്ലാ ഖുറൈശികളെയും നേരിടുക പ്രയാസമായതിനാല്‍ അവര്‍ സ്വയമേ ഞങ്ങളുടെ കാല്‍ക്കീഴിലെത്തും എന്നായിരുന്നു ഖുറൈശി സമൂഹത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ നബിക്കുകൂട്ടായി അല്ലാഹുവിന്റെ അനുഗ്രഹവും വിശ്വാസം ഉണ്ടായിരുന്നതിനാാല് മക്കയില്‍ നിന്ന് സുരക്ഷിതമായി മദീനയിലെത്തിച്ചേരാന് നബിക്കു കഴിഞ്ഞു. അങ്ങിനെ നബി തന്റെ ഹിജറ പൂര്‍ത്തിയാക്കി.
ഇതില്‍ പരാജിതരായ ഖുറൈശികള്‍ മദീനയിലെ തലവനായ അബ്ദുള്ളാ ഹിബ്നു ഉബൈദിനു കത്തെഴുതി. നിങ്ങള്‍ ഞങ്ങളുടെ എതിരാളിയായ മുഹമ്മദി(സ) നും കൂട്ടാളികള്‍ക്കും അഭയം നല്കിയിരിക്കുന്നു. അതിനാല്‍ ഇയാളെ ഒറ്റക്കായോ, കൂട്ടമായോ പുറത്താക്കണം. അല്ലാത്തപക്ഷം ഞങ്ങള്‍ നിങ്ങളെ ആക്രമിക്കും. ഇതറിഞ്ഞ അബ്ദുള്ളാ ഹിബ്നു ഉബൈദിനു കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചുവെങ്കിലും, ഒന്നും വിജയിച്ചില്ല എന്നു മാത്രമല്ല അബ്ദുള്ളാ ഹിബ്നു ഉബൈദിനുവിന്റെ ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തു. ഇതിന്റെ കാരണം മദീനയിലെ ഔസ്, ഖസ്റജ് എന്നീ ഗോത്രങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചതാണ്. പിന്നീട് മദീനയിലെ നേതാവ് സഅദ്ബ്നു മുഅദ് എന്ന മുസ്ലീം ആവുകയും ചെയ്തു. ഇദ്ദേഹം മക്കയിലേക്ക് ഉംറ നിര്‍വഹിക്കാന്‍ പോയപ്പോള്‍ അബൂജഹല്‍ ഹറമിന്റെ കവാടത്തില്‍ ഇദ്ദേഹത്തെ തടയുകയും അനന്തരം ഇങ്ങനെ ആക്രോശിക്കുകയും ചെയ്തു. ഞങ്ങളുടെ മതത്തില്‍ നിന്നു തെറ്റിയവര്‍ക്കു നിങ്ങള്‍ അഭയം നല്‍ക്കുകയും ചെയ്തിട്ട് നിങ്ങള്‍ നിര്‍ഭയരായി ഇവിടെ ത്വവാഫ് ചെയ്യുന്നത് ഉമ്മയ്യത്തിന്റെ അതിഥിയായതിനാലാണ്. അല്ലെങ്കില്‍ നീ ജീവനും കൊണ്ടിവിടെനിന്നു പോവില്ലെന്നും. ഇതിനു സഅദ്ബ്നു മുഅദ് തക്ക മറുപടിയും നല്കി. അതിങ്ങനെയായിരുന്നു. മദീനയില്ക്കൂടി നിങ്ങള്‍ക്കുള്ള കച്ചവടമാര്‍ഗ്ഗം ഞാനും തടയും. ഇത് മക്കനിവാസിക്കള്‍ക്ക് ആലോചിക്കാന്‍ പോലും കഴിയാത്ത ഒന്നായിരുന്നതിനാല്‍, മുസ്ലീം സമൂഹത്തോടുള്ള ശത്രുതാനിലപാടില്‍ മാറ്റം വരുത്തേണ്ടതായി വന്നു.
മദീനയിലെത്തിയ നബി ആദ്യമായ് ചെയ്തത് അവിടെത്തെ ഇസ്ലാമീക സമൂഹത്തിന്റെ ഭരണകാര്യങ്ങള്‍ ചിട്ടപ്പെടുത്തുകയും, ജൂതവിഭാഗങ്ങളുമായ് നിലനിന്നു പോന്ന പ്രശ്നങ്ങള്‍ പരിഹരിക്കുകയുമാണ്. പിന്നീടുമാത്രമായിരുന്നു കച്ചവടകാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. കച്ചവടകാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനായി നബി പ്രധാനമായും രണ്ടുകാര്യങ്ങളാണ് ചെയ്തത്. അതില്‍ ആദ്യത്തേത് ചെങ്കടല്‍ തീരത്തിനും മദീനക്കും മദ്ധ്യേയുള്ള ഗോത്രവര്‍ഗ്ഗമായ ജുഹൈനയുമായും പ്രാന്തപ്രദേശങ്ങളിലെ ഗോത്രങ്ങളായ യന്‍ ബുഇനം, ദുല്‍ ഉശൈറ, ബനൂസമുറ എന്നിവരുമായും സൗഹൃദ സഖ്യ ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു. ഇവരെല്ലാം ഇസ്ലാമിനോടു കൂറു പുലര്‍ത്തുന്നവരായിരുന്നു. രണ്ടാമതായി ഖുറൈശി കച്ചവടക്കാരെ ഭീഷണിപ്പെടുത്താന്‍ തുടരെ തുടരെ സംഘങ്ങളെ അയച്ചിരുന്നു. ചില സംഘങ്ങളില്‍ നബിയും ഉള്‍പ്പെട്ടിരുന്നു. ആദ്യവര്‍ഷത്തില്‍ നാലു സംഘങ്ങളും രണ്ടാം വര്‍ഷത്തില്‍ രണ്ടു സംഘങ്ങളെയുമാണ് അയച്ചതെന്ന് യുദ്ധ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിക്കാണുന്നു. ഇതില്‍ നബി നേരിട്ട് നയിച്ചിരുന്ന സംഘത്തിന്റെ പേര് ഗസ്വ എന്നും സഹാബികളുടെ നേതൃത്വത്തില്‍ പോയിരുന്ന സംഘങ്ങളുടെ പേര് സരിയ്യ എന്നുമാണ് അറിയപ്പെട്ടിരുന്നത്. ഈ സംഘങ്ങളില്‍ നബി മദീനക്കാരെ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നതും ഈ ഭീഷണിപ്പെടുത്തല്‍ അതിന്റെ എല്ലാ മാന്യതയും പാലിച്ചിരുന്നു എന്നതും വളരെയേറെ ശ്രദ്ധേയമാണ്. കാരണം ഇതില്‍ രക്തചൊരിച്ചലോ, കച്ചവടസാമഗ്രിഹികള്‍ കൊള്ളയടിക്കല്ലോ ഉണ്ടായിരുന്നില്ല.
പക്ഷേ മക്കാനിവാസികള്‍ ഇതിനെതിരെ തിരിച്ചടിച്ചത് മദീനാ നിവാസികളുടെ കച്ചവടസാമഗ്രികള്‍ കൊള്ളയടിച്ചായിരുന്നു. കാര്യങ്ങള്‍ ഇത്രത്തോളം ആയപ്പോള്‍ ഇതിനെതിരെ മദീനായിലെ ഗോത്ര നിവാസികള്‍ മക്കാ നിവാസികളെ തിരിച്ചടിച്ചു. അതിന്നാല്‍ മദീനയില്‍ കൂടി മക്കയിലേക്കു ചരക്കുകള്‍ കൊണ്ടു പോകാന്‍ മക്കാഖുറൈശികള്‍ ഭയന്നു. അങ്ങിനെ ഒരുനാള്‍ ക്യത്യമായ് പറഞ്ഞാല്‍ ക്രിസ്തുവര്‍ഷം 623 ആദ്യമാസങ്ങളില്‍ അല്ലെങ്കില്‍ ഹിജറ രണ്ട് ശഹബാനില്‍ സിറിയയില്‍ നിന്ന് മക്കയിലേക്ക് മദീന വഴി പോയിരുന്ന കച്ചവടസംഘത്തിന്റെ പക്കല്‍ വളരെ അധികം ചരക്കുണ്ടായിരുന്നുവെങ്കിലും, കാവല്‍ക്കാരായി ഉണ്ടായിരുന്നവര്‍ മുപ്പതിനും നാല്പതിനും മദ്ധ്യേ മാത്രമായിരുന്നു. മദീനഗോത്രങ്ങളുടെ കവര്‍ച്ചക്കിരയായ മുന്‍ സംഭവങ്ങള്‍ ഓര്‍ത്ത് സംഘതലവന്‍ അബുസുഫിയാന്‍ മക്കയിലേക്ക് ദൂതനെ അയച്ചു. ദൂത് ഇപ്രകാരമായിരുന്നു. മുഹമ്മദും (സ) കൂട്ടരും എന്റെ കയ്യിലുള്ള നിങ്ങളുടെ ധനം പിടിച്ചെടുക്കാന്‍ പുറപ്പെട്ടിരിക്കുന്നു ഉടന്‍ സഹായത്തിനെത്തുക. ഇതു വായിച്ച മക്കാഖുറൈശികള്‍ക്ക് വളരെയേറെ ദേഷ്യം വരികയും അവര്‍ യുദ്ധത്തിനായ് തയ്യാറാവുകയും ചെയ്തു. യുദ്ധത്തിന് 600 ഭടന്മാര് 100 കുതിരകളടങ്ങുന്ന ഭടന്മാരും ചേര്‍ന്ന് 1000 വരുന്ന സംഘം കച്ചവടക്കാരെ രക്ഷിക്കാനായ് പുറപ്പെട്ടു.
തെറ്റായി ധരിപ്പിക്കപ്പെട്ട ഈ യുദ്ധവാര്ത്തയറിഞ്ഞ നബി(സ) ഈ യുദ്ധത്തില്‍ നിന്നും ഇസ്ലാമിനെ രക്ഷിക്കാന്‍ തനിക്കു കഴിഞ്ഞില്ലയെങ്കില്‍ മുസ്ലീം സമൂഹം തന്നെ ഇല്ലാതായേക്കുമെന്നതിന്നാലും, ഖുറൈശി മതാനുഭാവികളായ മുനഫിഖുകളും, മുശ്രിക്കുകളും ഉള്ള മദീനയില്‍ മക്കാഖുറൈശികള്‍ അക്രമിച്ചാല്‍ മുസ്ലീം സമൂഹമാണ് ഇല്ലാതാവുക എന്നതിനാലും നബി(സ) ഈ യുദ്ധത്തിനെതിരെ പോരാടുവാന്‍ നിശ്ചയിച്ചു. എന്നാല്‍ മദീനയില്‍ നബി(സ) എത്തിയിട്ട് രണ്ടു വര്‍ഷങ്ങളേയാവുന്നുള്ളൂ എന്നതും ആയുധങ്ങള്‍ ഇല്ലാത്ത മുജാഹിറുകളും അന്‍സ്വാറുകളും യഹൂദരുമായ് എതിര്‍പ്പിലാണ്. എന്തുവന്നാലും പോരാറ്റാന്‍ നിശ്ചയിച്ച നബി(സ) മുജാഹിറുകളെയും അന്‍സ്വാറുകളെയും വിളിച്ചു കൊണ്ടു ചോദിച്ചു. വടക്കുഭാഗത്ത് കച്ചവടസംഘമുണ്ട് അതുപോലെ തെക്കുഭാഗത്ത് ഖുറൈശി സംഘവുമുണ്ട്. രണ്ടിലൊരുസംഘത്തെ നമുക്കു നേരിടണം. അതിനാല്‍ ഏതുസംഘത്തെ നേരിടുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതിനു മുറുപടി ലഭിച്ചത് കച്ചവടസംഘത്തെ ആക്രമിക്കാനാണ് അധികം ആളുകളുടെയും താല്പര്യമെന്നാണ്. എന്നാല്‍ നബി(സ) ആഗ്രഹിച്ചത് ഖുറൈശികളെ ആക്രമിക്കാനായിരുന്നു. അതിനാല്‍ നബി(സ) ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ മുജാഹിറുകളില്‍പ്പെട്ട മിഖ്ദാദുല്‍ ഇബ്ബുഅംറ് എഴുന്നേറ്റുനിന്നു കൊണ്ടു പറഞ്ഞു. റസൂലേ, അങ്ങയോട് അല്ലാഹു എന്തു പറഞ്ഞുവോ? അങ്ങോട്ടു പോവുക. ഞങ്ങളും അങ്ങോട്ട് അങ്ങയുടെ ഒപ്പമുണ്ട്. നീയും നിന്റെ ദൈവവും പോയി യുദ്ധം നടത്തുക, ഞങ്ങളിവിടെയിരുന്നു കൊള്ളാം എന്നു പറഞ്ഞിരുന്നു മൂസ്സ(അ) മയോട് ഇസ്രായേലുക്കാര്‍. ഞങ്ങള്‍ അതുപോലെ പറയാതെ മറിച്ചു പറയുന്നു, അങ്ങും അങ്ങയുടെ ദൈവവും പോയി യുദ്ധം ചെയ്യുക. അങ്ങയോടോപ്പം ഞങ്ങളും ജീവന് കൊടുത്തും പൊരുതും എന്നുപറഞ്ഞവസാനിപ്പിച്ചു.
അന്‍സ്വാറുകളുടെ പക്കല്‍ നിന്നു മറുപടിയോന്നും വരാതെയായപ്പോള്‍ നബി(സ) ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അന്‍സ്വാര്‍കളുടെയിടയില്‍ നിന്ന് സഅദു ഇബ്നുമു അദ് (റ) എഴുന്നേറ്റുനിന്നു കൊണ്ടു പറഞ്ഞു. അങ്ങ് ഞങ്ങളെ ഉദേശിച്ചാണ് എന്നു തോന്നുന്നു ചോദ്യം ആവര്‍ത്തിച്ചതെന്നു തോന്നുന്നതിനാല്‍ പറയുകയാണ്. ഞങ്ങള്‍ അങ്ങയില്‍ വിശ്വസിക്കുകയും അങ്ങ് സത്യവാദിയാണ് എന്ന് സമ്മതിച്ചിരിക്കുകയും അങ്ങയെ അനുസരിക്കാന്‍ ഞങ്ങള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. റസൂലേ അങ്ങ് ഉദേശിച്ചിടത്തേക്ക് നീങ്ങുക. അങ്ങ് സമുദ്രത്തിലേക്കിറങ്ങുകയാണെങ്കില്‍ പോലും ഞങ്ങള്‍ അങ്ങയെ അനുസരിക്കും. ആരും പിന്‍വാങ്ങുകയില്ല. ശത്രുവിനെ നേരിടുമ്പോള്‍ ഞങ്ങളുടെ ബോധവും ധൈര്യവും തെളിയിക്കുന്നതാണ്. ഇവിടെനിന്ന് അങ്ങ് പുറപ്പെട്ടാലും ഞങ്ങള്‍ അങ്ങയോടോപ്പമുണ്ട് എന്നുപറഞ്ഞവസാനിപ്പിച്ചു. ഇതനുസരിച്ച് നബി(സ) ഖുറൈശി സംഘത്തെ നേരിടാനായി മുജാഹിറുകള്‍ എണ്‍പത്തിയാറ്, ഔസ് ഗോത്രക്കാര്‍ അറുപത്തിയൊന്ന്, ഖസ്റജ് ഗോത്രക്കാര്‍ നൂറ്റിയെഴുപത് മൊത്തം മുന്നൂറ്റിപതിനേഴ് പേരടങ്ങുന്ന ആ ചെറുസൈന്യം യാത്രയായി. ഇതില്‍ കുതിരയുള്ളവര് വെറും മൂന്നോ നാലോ മാത്രം, പിന്നെ എഴുപത് ഒട്ടകങ്ങളും. അറുപത് ആളുകള്ക്കുമാത്രമായിരുന്നു ഇതില്‍ കവചമുണ്ടായിരുന്നത്. ഒപ്പം ആയുധങ്ങളും കുറവായിരുന്നു. മൂന്നുനാലുപേര്‍ വീതം മാറി മാറി ഒട്ടകപ്പുറത്തു യാത്ര ചെയ്തു. ആത്മത്യാഗവും മതിമറന്ന ആവേശത്താലുമാണ് ഇത്തരം അപകടകരമായ ഒരു യുദ്ധത്തിന് തയ്യാറായതെന്ന് നമുക്കു മനസിലാക്കാം. ഇസ്ലാമിനോടുള്ള അവസരസേവകര്‍ക്ക് ഇത് ഒരു ഭ്രാന്തന് നയമായിട്ടാണ് കാണാന്‍ കഴിഞ്ഞിരുന്നത്. ഇവര്‍ വിശ്വാസത്തിന്റെ പേരില്‍ ജീവനും ധനവും നഷ്ടപ്പെടുത്തുവാന്‍ തയ്യാറായിരുന്നില്ല എന്ന് മാത്രമല്ല ഇസ്ലാമിനെ കളിയാക്കുകയും ചെയ്തു.
നബിയും യഥാര്‍ത്ഥ വിശ്വസികളും സര്‍വ്വതും മറന്ന് ജീവന്മരണ പോരാട്ടത്തിനായി തെക്കുഭാഗത്തേക്ക് നീങ്ങി. ഇവിടെയാണല്ലോ, ഖുറൈശിപ്പടയുള്ളത്. അങ്ങിനെ റമദാന് പതിനേഴ്, ഹിജറ രണ്ടാം വര്‍ഷം ബദറില്‍ ഇരുസംഘങ്ങളും അണിനിരന്നപ്പോള്‍, മൂന്നു ഖുറൈശിക്കു ഒരു മുസ്ലീം എന്നും ആയുധങ്ങള്‍ വേണ്ടയത്രയില്ലെന്നും കണ്ട നബി(സ) ഭക്തിപൂര്‍വം ഇരുകൈകളും മുകളിലോട്ടുയര്‍ത്തി വളരെ വിനീതനായി അല്ലാഹുവിനോട് അഭ്യര്‍ത്ഥിച്ചു. അല്ലാഹുവേ ഖുറൈശികള്‍ അഹങ്കാരത്താല്‍ അങ്ങയുടെ ദൂതന് കള്ളനാണ് എന്നു വരുത്തുവാന്‍ കൂട്ടം കൂടി വന്നിരിക്കുന്നു. അതിനാല്‍ അങ്ങ് വാഗ്ദാനം ചെയ്ത സഹായത്തിനായ് ഞാന്‍ അങ്ങയോടു യാചിക്കുകയാണ്. ഇന്ന് ഇവിടെ ഈ ചെറിയ മുസ്ലീം സൈന്യം നശിച്ചാല്‍ പിന്നെ ഈ ഭൂമിയില്‍ അങ്ങയെ ആരാധിക്കാന്‍ അരും തന്നെ അവശേഷിക്കില്ല എന്നുപറഞ്ഞവസാനിപ്പിച്ചു. പോരാട്ടത്തില്‍ പരീക്ഷണം മുജ്ജാഹിറുകള്ക്ക് ആയിരുന്നു. ശത്രുപക്ഷത്ത് സ്വന്തം പിതാക്കള്‍, പുത്രന്മാര്, സഹോദരങ്ങള്‍ അങ്ങിനെ നീളുന്നു ബന്ധുക്കള്‍. അടര്‍ക്കളത്തില്‍ സ്വന്തം വാളിനുനേരെവരുന്നത് സ്വന്തക്കാര് തന്നെയാണ്. ഈ അവസരത്തില്‍ എങ്ങിനെയാണ് കൈകള്‍ക്ക് യുദ്ധത്തിനായ് ബലം ലഭിക്കുക. പക്ഷെ ഇവിടെ ബന്ധുക്കള്‍ തമ്മിലല്ല യുദ്ധം എന്നതിനാല്‍ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാന്‍ തിരുമാനിച്ചു. ഇവിടെ അവിശ്വാസവും, വിശ്വാസവും ത്മിലാണ് യുദ്ധം ചെയ്യുന്നത്. അന്‍സ്വാറുകളുടെ ചിന്തയും വിഭിന്നമായിരുന്നില്ല.
മദീനയില്‍ മുസ്ലീമിനഭയം കൊടുത്തതിനാല്‍ പ്രബല ഗോത്രങ്ങളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന കടുത്ത ശത്രുതയും പിന്നെ ഇപ്പോള്‍ ഇസ്ലാമിനായ് യുദ്ധവും. അറേബ്യയിലെ മുഴുവന്‍ ശത്രുതയും ഞങ്ങളുടെ ഈ ചെറിയ സമൂഹം വിളിച്ചുവരുത്തുന്നുവെന്ന സത്യം മനസിലാക്കിയെങ്കിലും, ആദര്‍ശത്തിന്റെയും വിശ്വസത്തിന്റെയും പേരില്‍ എല്ലാം അവഗണിച്ച് യുദ്ധത്തിനായ് തയ്യാറാവുകയായിരുന്നു. അങ്ങിനെ ദൃഢവിശ്വാസത്തിന്റെ മുന്നില്‍ ഖുറൈശി പട പരാജയമടഞ്ഞു. നിരായുധരായ വിശ്വാസത്തിന്റെ അനുയായികള്‍ക്ക് ലഭിച്ച വിജയത്തില്‍ എഴുപതു ഖുറൈശികള്‍ വധിക്കപ്പെടുകയും എഴുപതുപേര്‍ ബന്ധനസ്ഥരാവുകയും യുദ്ധ സാമഗ്രികള്‍ മുസ്ലീമുകള്‍ക്കു ലഭിച്ചുവെന്നു മാത്രമല്ല ഇസ്ലാം വിരുദ്ധപ്രസ്ഥാനത്തിന്റെ നട്ടെല്ലായ ഖുറൈശിനായകര് ഈ യുദ്ധത്തോടെ ഇല്ലാതാവുകയും ചെയ്തതോടെ അറേബ്യയിലുടനീളം ഇസ്ലാം പരിഗണിക്കപ്പെടേണ്ട ശക്തിയായി ഉയര്‍ന്നു ഈ യുദ്ധം ഇസ്ലാമിന്റെ വിശുത മതഗ്രന്ഥമായ ഖുര്‍ ആനില്‍ പറയുന്ന മഹത്തായ യുദ്ധം.
ഗള്‍ഫ് മലയാളി.കോം: പ്രവാസിമലയാളിയുടെ ഉറ്റനാവ്
സക്കറിയ സലാഹുദ്ദീന്, മാനേജിംഗ് ഡയറക്ടര്‍, ഗള്‍ഫ് മലയാളി.കോം
റമദാന്: പുണ്യങ്ങളുടെ പൂക്കാലം സുള്‍ഫിക്കര്‍ ഒതായി, ജിദ്ദ






മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍