ആറന്മുള കണ്ണാടിയില്‍ ഇനി ചിത്രങ്ങള്‍ തെളിയില്ല
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ആറന്‍മുള പൊന്നമ്മ നമ്മില്‍ നിന്ന് വിടവാങ്ങി. ഈ മാസം രണ്ടിനാണ് അവരെ ശാരീരിക അവശതകളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞയാഴ്ച അവരെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. മരിക്കുമ്പോള്‍ 97 വയസായിരുന്നു. നടന്‍ സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ അമ്മൂമ്മയാണ്. സുരേഷ് ഗോപിയുടെ കൂടെയാണ് അവര്‍ താമസിച്ചുവന്നിരുന്നത്. എം.പി.പൊന്നമ്മയെന്ന ആറന്മുള്ള പെന്നമ്മ 1914 മാര്‍ച്ച് 22ന് മേലേടത്ത് കേശവപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും മകളായി പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലായിരുന്നു ജനിച്ചത്. കര്‍ണാടിക് സംഗീതം ചെറുപ്പത്തിലേ പഠിച്ച് തുടങ്ങിയ ഇവര്‍ പന്ത്രണ്ടാം വയസ്സില്‍ അരങ്ങേറ്റവും നടത്തി. പതിനഞ്ചാമത്തെ വയസ്സില്‍ കൊച്ചുകൃഷ്ണപിള്ളയെ വിവാഹം കഴിച്ചു.പിന്നീട് സ്വാതിതിരുന്നാള്‍ മ്യൂസിക് അക്കാദമിയില്‍ സംഗീതത്തിലെ തുടര്‍പഠനത്തിനായി പൊന്നമ്മ ചേര്‍ന്നു. പഠനത്തിനുശേഷം പൊന്നമ്മ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ സംഗീതാധ്യാപികയായി.

തലശേരിയിലെ ആദ്യത്തെ സിനിമാ തിയറ്ററായ മുകുന്ദ് ടാക്കീസിലെ തിരശ്ശീലയിലൂടെയാണ് ഇവര്‍ അഭിനയരംഗത്തേയ്ക്ക് കടന്ന് വന്നത്. ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിന്റെ നായികയായി ഭാഗ്യലക്ഷ്മി എന്ന നാടകത്തിലാണ് പൊന്നമ്മ ആദ്യമായി അഭിനയിച്ചത്. അന്ന് പൊന്നമ്മയ്ക്ക് 29 വയസ്സായിരുന്നു പ്രായം. തുടര്‍ന്ന് പൊന്നമ്മ നാടകങ്ങളില്‍ സജീവമായി. 1950ല്‍ പുറത്തിറങ്ങിയ ശശിധരന്‍ എന്ന ചലച്ചിത്രത്തില്‍ മിസ് കുമാരിയുടെ അമ്മയായി അഭിനയിച്ചുകൊണ്ട് പൊന്നമ്മ സിനിമകളിലേയ്ക്ക് കടന്നു. അതേവര്‍ഷം തിക്കുറിശ്ശി സുകുമാരന്‍ നായര്‍ നായകനായ അമ്മ എന്ന ചിത്രത്തിലും പൊന്നമ്മ അമ്മവേഷം അണിഞ്ഞു. തുടര്‍ന്ന് പൊന്നമ്മയെ തേടിവന്നതെല്ലാം അമ്മവേഷങ്ങളായിരുന്നു. ആദ്യ കളര്‍ച്ചിത്രമായ 'കണ്ടംബെച്ച കോട്ടില്‍ അഭിനയിച്ച ഇവര്‍ കഴിഞ്ഞ അറുപത് വര്‍ഷങ്ങളോളം അഭിനയരംഗത്ത് സജീവമായിരുന്നു. മലയാളം സിനിമയിലെ ആദ്യ തലമുറയിലെ നായകന്മാരായ തിക്കുറിശ്ശി സുകുമാരന്‍ നായര്‍, രണ്ടാമത്തെ തലമുറയിലെ നായകനായ പൊന്നമ്മ പ്രേം നസീര്‍, സത്യന്‍, മധു, ശിവാജി ഗണേശന്‍, തുടങ്ങിയവര്‍, മൂന്നാം തലമുറയിലെ നായകന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, കമലഹാസന്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ അമ്മയായും മുത്തശ്ശിയായും നിരവധി അമ്മവേഷങ്ങള്‍ കൈകാര്യം ചെയ്തു.

1995 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത കഥാപുരുഷന്‍ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ആറന്മുള പൊന്നമ്മയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയുണ്ടായി. 2006 ല്‍ കേരള സര്‍ക്കാരിന്റെ ജെ.സി. ഡാനിയേല്‍ സ്മാരക ആയുഷ്‌കാലനേട്ടങ്ങള്‍ക്കുള്ള പുരസ്‌കാരവും ആറന്മുള പൊന്നമ്മയെ തേടിയെത്തിയിരുന്നു.ഇതിനു പുറമെ ദുബായ് അറ്റ്‌ലസ് ഫിലിം അവാര്‍ഡ്, സമഗ്രസംഭാവനയ് ക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ്, എം.ജി. സോമന്‍ അവാര്‍ഡ്, പ്രേംനസീര്‍ അവാര്‍ഡ്, സത്യന്‍ അവാര്‍ഡ് തുടങ്ങിയവയൊക്കെയാണ് അഭിനയ ജീവിതം പൊന്നമ്മയ്ക്കു നല്‍കിയ അംഗികാരങ്ങളാണ്. ജനാധിപത്യം, അമ്മ, കാവാലം ചുണ്ടന്‍, ശശീധരന്‍, കണ്ടംവെച്ച കോട്ട്, വിരുതന്‍ ശങ്കു, ഹൃദയം ഒരു ക്ഷേത്രം, ഓപ്പോള്‍, തീക്കടല്‍ , പത്താമുദയം, കഥാപുരുഷന്‍ , പുതുക്കോട്ടയിലെ പുതുമണവാളന്‍ !,അദ്വൈതം, ഒരു സാഅയാഹ്‌നത്തിന്റെ സ്വപ്‌നം, അച്ചുവേട്ടന്റെ വീട്, രാരീരം,അനിയത്തി തുടങ്ങിയവയാണ് ഇവര്‍ അഭിനയിച്ച പ്രധാന സിനിമകള്‍ .