ഫ്ലാഷ് ന്യൂസ്‌
കുട്ടനാട് കാര്‍ഷിക പാക്കേജ് നാടിന് സമര്‍പ്പിച്ചു              ഗ്വാട്ടിമാലയില്‍ വെള്ളപ്പൊക്കം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു              അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു              എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ്: വെള്ളാപ്പള്ളി പാനലിന് വിജയം             
പ്രധാന ലിങ്കുകള്‍
ആര്‍കൈവ്സ്

ദുരിത ജീവിതത്തിന് അറുതി തേടി രാജകുമാര്‍ മടങ്ങുന്നു

അന്‍വര്‍ മൊയ്തീന്‍

News added on : Friday, July 30, 2010 1:30 AM hrs IST

മനാമ: കമ്പനിയില്‍ നിന്ന് ഒളിച്ചോടി തലചായ്ക്കാന്‍ ഇടവും വരുമാനവുമില്ലാതെ വലഞ്ഞ കന്യാകുമാരി സ്വദേശിയായ യുവാവ് നാട്ടിലേക്ക് തിരിച്ചുപോകും. താമസിക്കാനിടമില്ലാത്തതിനാല്‍ കത്തിനശിച്ച പഴയൊരു കെട്ടിടത്തില്‍ താമസിക്കുകയായിരുന്ന മാര്‍ത്താണ്ഡം സ്വദേശി രാജകുമാറാ(33)ണ് ഈസി എക്‌സിറ്റ് വഴി  ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങുന്നത്. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കോയമ്പത്തൂരിലേക്കാണ് പോകുന്നതെന്ന് ഇയാളെ സഹായിക്കുന്ന മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ചെമ്പന്‍ ജലാല്‍ അറിയിച്ചു.

മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്റെ സംരക്ഷണയിലാണ് രാജകുമാര്‍. എല്‍.എം.ആര്‍.എയില്‍ അടയ്ക്കാനുള്ള പിഴ തുകയും അസോസിയേഷന്‍ നല്‍കി. ഐ.സി.ആര്‍.എഫ്. ടിക്കറ്റും നല്‍കി. ടിക്കറ്റും എംബസിയില്‍ നിന്നു നല്‍കിയ രേഖകളും രാജകുമാര്‍ ജോലി ചെയ്തിരുന്ന കമ്പനിക്ക് കൈമാറിയിട്ടുണ്ട്. ഇയാളുടെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കാമെന്നും എല്‍.എം.ആര്‍.എയുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും കമ്പനി അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ജലാല്‍ പറഞ്ഞു.

ഒന്നര വര്‍ഷം മുമ്പാണ് രാജകുമാര്‍ ഒരു പ്രമുഖ നിര്‍മാണ കമ്പനിയില്‍ ജോലിക്കെത്തിയത്. 85,000 രൂപ നല്‍കിയാണ് വിസ സംഘടിപ്പിച്ചത്. 85 ദിനാറായിരുന്നു ശമ്പളം. കൂടാതെ ഓവര്‍ടൈം വഴി അധിക വരുമാനവും ലഭിച്ചിരുന്നു. കമ്പനി വക താമസസൗകര്യവും ഉണ്ടായിരുന്നു.  10 മാസം ഇവിടെ ജോലി ചെയ്തു. പുറത്തു പോയി ജോലി ചെയ്താല്‍ കൂടുതല്‍ വരുമാനമുണ്ടാകുമെന്ന നാട്ടുകാരായ ചിലരുടെ ഉപദേശമനുസരിച്ചാണ് കമ്പനിയില്‍ നിന്നും രാജകുമാര്‍ ഒളിച്ചോടിയത്. അവര്‍ പറഞ്ഞതു വിശ്വസിച്ച രാജകുമാര്‍ ഒമ്പതു മാസം മുമ്പ് കമ്പനിയില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു.

എന്നാല്‍ പ്രതീക്ഷക്കു വിപരീതമായ അനുഭവമാണ് രാജകുമാറിനുണ്ടായത്. പുറത്ത് കൃത്യമായി ജോലി ലഭിച്ചില്ല. പലപ്പോഴും ചെയ്ത ജോലിക്ക് പ്രതിഫലം പോലും ലഭിച്ചില്ല. പണമില്ലാത്തിനാല്‍ താമസിക്കാനിടമില്ലാതായി. പലപ്പോഴും പട്ടിണിയിലുമായി. ഒടുവില്‍ ഇന്ത്യന്‍ എംബസിക്കടുത്ത് കത്തി നശിച്ച, ഉപേക്ഷിക്കപ്പെട്ട ഒരു പഴയ കെട്ടിടത്തില്‍ താമസമാക്കി. വൈദ്യുതിയും വെള്ളവുമില്ലാത്ത കെട്ടിടത്തില്‍ ദുരിതപൂര്‍ണമായിരുന്നു ഇയാളുടെ ജീവിതം.

കഴിഞ്ഞ ഞായറാഴ്ച രാവിലെ രാജകുമാര്‍ ഇതിനടുത്ത് ഒരു പ്രമുഖ നിര്‍മാണ കമ്പനി എറ്റെടുത്ത പ്രവൃത്തി നടക്കുന്ന സൈറ്റിലെത്തി സഹായം തേടുകയായിരുന്നു. കമ്പനിയിലെ സൂപ്പര്‍വൈസറും മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ എന്‍.കെ. മുഹമ്മദലി രാജകുമാറിനെ കൂട്ടിക്കൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുത്തു. പിന്നീട് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ചെമ്പന്‍ ജലാലിനെ വിവരമറിയിച്ചു. ഇരുവരും ചേര്‍ന്ന് രാജകുമാറിനെ എംബസിയില്‍ കൂട്ടിക്കൊണ്ടുപോയി ഈസി എക്‌സിറ്റ് വഴി നാട്ടിലയക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.



Today's News

പരിസ്ഥിതി സംരക്ഷണം ഇസ്‌ലാം കല്‍പനയായി അവതരിപ്പിക്കുന്നു; ഡോ.ജോര്‍ജ് ജോസഫ്