പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി 113 തൊളിലാളികള്‍ നാട്ടിലേക്ക്
News added on : Friday, July 30, 2010 1:43 AM hrs IST
മനാമ: മൂന്നുമാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയുമായി എംബസിയിലെത്തിയ ടൂബ്ലിയിലെ ഒരു സപ്ലൈ കമ്പനിയിലെ 113 തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. കമ്പനി അടക്കുകയും സ്‌പോണ്‍സറുമായി ബന്ധപ്പെടാന്‍ കഴിയാത്തതിനെയും തുടര്‍ന്നാണ് തൊഴിലാളികള്‍ തിരിച്ചുപോകുന്നത്. ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ എംബസിയുടെ പേരില്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കും. വ്യാഴാഴ്ച എംബസിയിലെത്തിയ തൊഴിലാളികള്‍ ഔട്ട് പാസിന് അപേക്ഷ നല്‍കി.
മൂന്നുമാസമായി ശമ്പളം ലഭിക്കാത്ത തൊഴിലാളികള്‍, ക്യാമ്പില്‍ നിന്ന് ഇറക്കിവിട്ടതിനെതുടര്‍ന്നാണ് സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ എംബസിയിലെത്തിയത്. 80 തമിഴ്‌നാട്ടുകാരും 16 രാജസ്ഥാന്‍കാരും ആറ് ആന്ധ്രക്കാരുമാണ് പരാതിക്കാര്‍. ഇവര്‍ക്ക് ഐ.സി.ആര്‍.എഫില്‍ നിന്നാണ് ഭക്ഷണം നല്‍കുന്നത്.
വ്യാഴാഴ്ച വൈകീട്ട് കമ്പനി അധികൃതര്‍ ക്യാമ്പിലെത്തി ചില വാഗ്ദാനങ്ങള്‍ നല്‍കിയതായി തൊഴിലാളികള്‍ പറഞ്ഞു. വിവരം ഉടന്‍ എംബസി അധികൃതരെ അറിയിച്ചു. ഭീഷണിക്കും സമ്മര്‍ദ്ദത്തിനും വഴങ്ങരുതെന്ന് തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കുകയും സംരക്ഷണം ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്.
ഈ മാസം 31ന് ക്യാമ്പ് ഒഴിയണമെന്നും മറ്റെവിടെയെങ്കിലും സ്വന്തം ചെലവില്‍ താമസസ്ഥലം കണ്ടെത്തണമെന്നും കമ്പനി അധികൃതര്‍ തങ്ങളോട് ആവശ്യപ്പെട്ടിരുന്നതായി തൊഴിലാളിയായ ശക്തിവേല്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 11ന് ക്യാമ്പിലെ വൈദ്യുതി- കുടിവെള്ള കണക്ഷന്‍ കട്ടാക്കിയതായി ഇയാള്‍ പറയുന്നു. ഇതേതുടര്‍ന്ന് ഭക്ഷണം പോലുമില്ലാതെ ഇവര്‍ വഴിയാധാരമായി. ചൊവ്വാഴ്ച രാത്രി നവകേരള കലാവേദി പ്രവര്‍ത്തകരായ ടി. ബാലന്‍, പ്രസന്നന്‍, സതീഷ് ചന്ദ്രന്‍ എന്നിവര്‍ ക്യാമ്പിലെത്തുകയും പ്രശ്‌നം ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ജോണ്‍ ഐപ്പിനെ അറിയിക്കുകയും ചെയ്തു. ഐ.സി.ആര്‍.എഫിന്റെ സഹായത്തോടെ എല്ലാവര്‍ക്കും രാത്രി ഭക്ഷണം ഏര്‍പ്പാടുചെയ്തു.
ബുധനാഴ്ച രാവിലെ എംബസിയിലെത്തിയ തൊഴലാളികളുമായി അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫും ഫസ്റ്റ് സെക്രട്ടറി എ. അജയ്കുമാറും സംസാരിച്ചു.
വന്‍തുക കടം വാങ്ങി അഞ്ചുവര്‍ഷം മുമ്പ് എത്തിയ തൊഴിലാളികള്‍ മൂന്നുമാസമായി മലയാളികളുടെ കോള്‍ഡ് സ്‌റ്റോറുകളുടെയും ഹോട്ടലിന്റെയും കാരുണ്യത്തിലാണ് ഭക്ഷണം കഴിക്കുന്നത്. ഭക്ഷണത്തിനുമാത്രം എല്ലാ തൊഴിലാളികള്‍ക്കുമായി വന്‍തുക കടമുണ്ട്. താമസസൗകര്യം, എല്‍.എം.ആര്‍.എ ഫീസ് എന്നീ ഇനങ്ങളില്‍ 20 ദിനാര്‍ ശമ്പളത്തില്‍ നിന്ന് ഈടാക്കിയിരുന്നതായി ശക്തിവേല്‍ പറഞ്ഞു. ഓവര്‍ ടൈമിനെക്കുറിച്ചും മറ്റും സംശയം ചോദിച്ചാല്‍, കണക്ക് പരിശോധിക്കാനെന്നുപറഞ്ഞ് രണ്ടു ദിനാര്‍ ഈടാക്കുമത്രേ. ഒരു മണിക്കൂറിന് 500 ഫില്‍സായിരുന്നു ശമ്പളം. ജോലിയില്ലാത്ത ദിവസങ്ങളില്‍ ശമ്പളം ഇല്ല. ഒരു മുറിയില്‍ എട്ടുപേരാണ് കഴിഞ്ഞിരുന്നത്. പണിയില്ലാത്തതിനാല്‍ താമസസൗകര്യം നല്‍കാനാകില്ലെന്നാണ് കമ്പനി പറഞ്ഞതെന്ന് തൊഴിലാളികള്‍ അറിയിച്ചു. കുടിവെള്ളത്തിന് താല്‍ക്കാലിക സൗകര്യം ചെയ്ത് തൊഴിലാളികള്‍ വൈദ്യുതിയില്ലാത്ത ക്യാമ്പിലാണ് രണ്ടുദിവസമായി കഴിച്ചുകൂട്ടുന്നത്.
പരാതി ലഭിച്ചയുടന്‍ എംബസി അധികൃതര്‍ തൊഴിലാളികള്‍ നല്‍കിയ നമ്പറില്‍ സ്‌പോണ്‍സറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേതുടര്‍ന്നാണ് നിയമനടപടിക്ക് കാത്തുനില്‍ക്കാതെ പവര്‍ ഓഫ് അറ്റോര്‍ണി വാങ്ങി തൊഴിലാളികളെ ഔട്ട് പാസില്‍ നാട്ടിലേയ്ക്കയക്കാന്‍ തീരുമാനിച്ചത്. ഔട്ട് പാസ് സംബന്ധിച്ച നടപടിക്രമങ്ങള്‍ക്ക് ഐ.സി.ആര്‍.എഫ് ഹെല്‍പ് ഡെസ്‌ക് അംഗം പവിത്രന്‍ നീലേശ്വരം, വളണ്ടിയര്‍ ചാരുലത എന്നിവര്‍ നേതൃത്വം നല്‍കി.


Print
Email to A Friend