പ്രവാസത്തിന്റെ സംഭാവനകള്‍ കേരളം വേണ്ടത്ര ചര്‍ച്ചചെയ്തിട്ടില്ല: പി ടി കുഞ്ഞുമുഹമ്മദ്
News added on : Friday, July 30, 2010 2:35 AM hrs IST
മനാമ: പ്രവാസത്തിന്റെ ദര്‍ശനപരവും സാമ്പത്തിക, സാമൂഹ്യ,സാംസ്‌കാരികവുമായ സംഭാവനകള്‍ കേരളം വേണ്ടത്ര ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. പ്രവാസം എന്ന വിഷയം കൂടി ഉള്‍പ്പെടുത്തിയാലേ കേരളത്തിന്റെ സാമൂഹ്യചരിത്രം പൂര്‍ണമാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബഹ്‌റൈനില്‍ ഫാല്‍ക്കണ്‍ ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബ് സംഘടിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികള്‍ക്കെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
കേരളത്തിലെ ഭൂപരിഷ്‌കരണം മാറ്റിനിര്‍ത്തി കേരളത്തെ പഠിക്കാന്‍ സാധ്യമല്ല. അതുപോലെ കേരളീയ സാമൂഹ്യ മണ്ഡലത്തില്‍ പ്രവാസവും വലിയ മാറ്റം ഉണ്ടാക്കി .ആ സമൂഹം കേരളത്തിലെ സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക രംഗങ്ങളില്‍ സംഭാവന നല്‍കിയിട്ടുണ്ട്. എന്നാല്‍, എഴുത്തുകാരോ ബുദ്ധിജീവികളോ പ്രവാസം എന്ന പ്രതിഭാസം പഠിച്ചിട്ടില്ല. കേരളത്തിന്റെ ജനസംഖ്യയില്‍ മൂന്നിലൊരു ഭാഗം പ്രവാസികളാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം 45-50 ലക്ഷം പ്രവാസി മലയാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ലോകത്തിന്റെ എല്ലാ ഭാഗത്തും കേരളീയരായ പ്രവാസികളുണ്ട്. കേരളത്തിലേക്ക് നിയമപരമായ രൂപത്തില്‍ മാത്രം പ്രവാസികളില്‍നിന്നും ഒരു ലക്ഷം കോടി രൂപയോളം വരുന്നുണ്ട്.
പ്രവാസികളെക്കുറിച്ച് ഗൗരവമായ ഒരു പഠനം കേരളത്തിലില്ലാതാകാന്‍ കാരണം പ്രവാസികള്‍ തന്നെയാണെന്ന് മുന്‍ പ്രവാസിയായ പി ടി കുഞ്ഞുമുഹമ്മദ് അഭിപ്രായപ്പെട്ടു. പ്രവാസികള്‍ പ്രവാസികളെക്കുറിച്ച് പഠിച്ചിട്ടില്ല. നിരവധി സംഘടനകള്‍ ഇവിടെയുണ്ട്. എന്നാല്‍ അവരാവും പ്രവാസികളെ കുറിച്ച് പഠിക്കുന്നില്ല. പ്രവാസികള്‍ പ്രവാസികളെ കുറിച്ചറിഞ്ഞാലേ ഇതിനു പരിഹാരം കാണാനാകൂ. പ്രവാസികള്‍ ഒരു പൊതു പ്ലാറ്റ്‌ഫോമില്‍ നില്‍ക്കണമെന്നും അവകാശങ്ങള്‍ പിടിച്ചുവാങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു അംഗീകാരം പോലും ലഭിക്കാതെ പ്രവാസികള്‍ക്കുവേണ്ടി ജീവിച്ച എത്രയോ പേര്‍ ഗള്‍ഫിലുണ്ടായിരുന്നു. അവരെക്കുറിച്ച് അനുസ്മരണംപോലും പ്രവാസികള്‍ക്ക് നടത്താനാകുന്നില്ല. അബുദാബിയില്‍ പ്രവാസിയായിയിരിക്കുമ്പോള്‍ ഉപ്പയുടെ സുഹൃത്ത് അവിടെ പ്രതിരോധസേനയില്‍ ജോലി ചെയ്തിരുന്നു. ഡസേര്‍ട്ട് ഷൂ ധരിച്ച് അദ്ദേഹം ജോലിയില്ലാതെ അലയുന്ന പ്രവാസികളെ അന്വേഷിച്ച് അവര്‍ക്ക് ജോലി കണ്ടെത്താന്‍ ശ്രമിച്ചു. അങ്ങിനെ നിരവധി പേര്‍ ഉണ്ടായിരുന്നു. അവരെക്കുറിച്ചൊന്നും ആരും അന്വേഷിച്ചില്ല. നമ്മള്‍ നാട്ടില്‍നിന്നും ബുദ്ധി ജീവികളെയും എഴുത്തുകാരെയും ഇവിടെ ആനയിച്ചു കൊണ്ടുവന്ന് ഒരുമിച്ച് നിന്ന് ഫോട്ടോയെടുക്കും. ഗള്‍ഫില്‍നിന്നും അവാര്‍ഡ് വാങ്ങിപോയ ഒരു സാഹിത്യകാരനും പ്രവാസികള്‍ക്കുവേണ്ടി അവരുടെ വേദനയെ പറ്റി എഴുതിയിട്ടില്ലെന്നും പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.
150 സ്ത്രീകള്‍ കുവൈത്തില്‍ കുടുങ്ങി കിടക്കുകയാണെന്ന് കഴിഞ്ഞദിവസം ഫോണ്‍ സന്ദേശം ലഭിച്ചതായി അദ്ദേഹം അറിയിച്ചു. ആരും അവരെ തിരിഞ്ഞുനോക്കുന്നില്ല. പ്രവാസം ദുരിതമാകുമ്പോള്‍ പ്രവാസത്തെ നിയമം കൊണ്ട് നിരോധിക്കലല്ല, അത് സുഗമാക്കുകയും സുതാര്യമാക്കുകയും സുരക്ഷിതമാക്കുകയുമാണ് കേന്ദ്ര സര്‍ക്കാരിന്റെ കടമയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍നിന്നുള്ള പ്രവാസികളുടെ കണക്ക് കേ്രന്ദ സര്‍ക്കാരിന്റെ കൈയിലില്ല. ഗള്‍ഫിലെ ജയിലുകളില്‍ എത്ര ഇന്ത്യക്കാരുണ്ട്, ഇവിടെ ആശുപത്രികളിലെ മോര്‍ച്ചറികളില്‍ എത്ര ഇന്ത്യക്കാരുടെ മൃതദേഹങ്ങളുണ്ട് എന്നീ കാര്യങ്ങള്‍ മാത്രം വയലാര്‍ രവി പറഞ്ഞാല്‍ മതി. എന്നാല്‍ അതിനുപോലും ആകില്ല. ഇത് അടിസ്ഥാനപരമായ തെറ്റാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ എന്‍ആര്‍ഐ പദവി ഇല്ല. അത് ഇന്‍കം ടാക്‌സിനായി ഉണ്ടാക്കിയതാണ്. എന്‍ആര്‍ഐക്ക് നിര്‍വചനം ഭരണഘടനയില്‍ ഇല്ല. സംരക്ഷണവുമിന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികള്‍ക്ക് സംരക്ഷണം നല്‍കുന്ന എമിഗ്രേഷന്‍ നിയമത്തിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണം. പ്രവാസികള്‍ ഇതിനായി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഫാല്‍ക്കണ്‍ ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ഭാവാഹികളായ കമാല്‍ മുഹമ്മദ്, റസാഖ് മൂഴിക്കല്‍, പ്രതിഭ നേതാക്കളായ എന്‍ ഗോവിന്ദന്‍, സുബൈര്‍ കണ്ണൂര്‍, കെ സതീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.


Print
Email to A Friend