|
Home |
Gulfmalayaly.com |
Magazine Archive |
|
അരുന്ധതിയുടെ അന്നത്തെ ദിവസം
മനോരാജ് കെ ആര്
സമയം ഒത്തിരി വൈകി. രാവിലെ തന്നെ എഴുന്നേല്‍ക്കുന്നത് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്. പക്ഷെ, എന്തു ചെയ്യാം അരുന്ധതി ജോലിക്ക് പോയില്ലെങ്കില്‍ വീട്ടിലെ കാര്യങ്ങള്‍ ഒന്നും നേരെചൊവ്വെ മുന്നോട്ട് പോകില്ല. അതൊക്കെ പറയാനാണെങ്കില്‍ ഒത്തിരി ഉണ്ട്.. ഇപ്പോള്‍ അതൊക്കെ ചിന്തിച്ചു നിന്നാല്‍ ബസ്സ് അതിന്റെ പാട്ടിനു പോകും.. വെളുപ്പിനു നാലുമണിക്ക് ഉറക്കം ഉണര്‍ന്നതാ..ഇപ്പോളും പണികള്‍ ഒതുങ്ങിയില്ല... ശരിക്കു പറഞ്ഞാല്‍ മടുത്തു തുടങ്ങി.. ഈ നശിച്ച ജീവിതം എന്നാ ഒന്ന് പച്ച പിടിക്കുക.
'മോളേ.. ആമീ...' അകത്ത് നിന്നും ഭര്‍ത്താവിന്റെ സ്നേഹപൂര്‍ണ്ണമായ വിളി. എന്തുള്‍വിളിയാണാവോ ഇപ്പോള്‍ കിട്ടിയത്. .അല്ലെങ്കില്‍ ഈ നേരത്തൊന്നും ഉണരാത്തതാണല്ലോ.. സാധാരണ അരുന്ധതി ഓഫീസില്‍ ചെന്ന് അവിടെനിന്നും ഫോണ്‍ ചെയ്താലേ രഘുനാഥന് ഉണരൂ.. ഓരോ ശീലങ്ങള്‍.. എന്തിനാ അദ്ദേഹത്തെ കുറ്റം പറയുന്നേ.. എല്ലാം എന്റെ തലയിലെഴുത്തല്ലേ.. അല്ലെങ്കില്‍ സ്നേഹിച്ച ചെറുക്കനോടൊപ്പം ജീവിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ച് താന്‍ തന്നെയല്ലേ ഇയാളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധം പിടിച്ചേ.. ഹോ, ഈ സമയമില്ലാത്ത നേരത്ത് മനസ്സില്‍ വരാന്‍ കണ്ട കാര്യങ്ങള്‍... നാശം.. 'എന്താ എന്നെ വിളിച്ചേ? നേരം പോയീട്ടോ..' അരുന്ധതി മുടി കോതിക്കൊണ്ട് തന്നെ ബെഡ് റൂമിലേക്ക് ചെന്നു...
'മോളെ, ചായ വേണമായിരുന്നു.. ' സത്യം പറഞ്ഞാല്‍ പെരുവിരലില്‍ മുതല്‍ വിറഞ്ഞു കയറിയതാ.. ക്ഷമിച്ചു.. 'ചായ അല്ലേ ഈ ഇരിക്കുന്നേ.. ദേ ഞാന്‍ ഇറങ്ങുകാ. ഇന്നേ ഓഫീസില്‍ ഓഡിറ്റിംഗ് ഉള്ളതാ...ഇനി അവിടെ ചെന്ന് വിളിക്കുകൊന്നുമില്ലാട്ടോ...'
ചോറ്റുപാത്രവും ബാഗില്‍ തിരുകി, ഒരു ദോശയെടുത്ത് നിന്ന നില്പ്പില് വിഴുങ്ങി, കുറച്ച് വെള്ളവും കുടിച്ച് ബസ്സ് സ്റ്റോപ്പിലേക്ക് ഓടി.. ഈ ഓട്ടം ഒരിക്കലും അവസാനിക്കില്ലെന്നാ തോന്നുന്നേ... ഓഫീസിലാണേല്‍ ഇന്ന് പിടിപ്പത് പണിയുണ്ട്... ഇന്നലെ വൈകുന്നേരം ഓവര്‍ ടൈം നിന്ന് കുറെ ഫയലുകള്‍ തീര്‍ക്കാന്‍ പറഞ്ഞപ്പോള്‍ രാവിലെ വന്ന് തീര്‍ത്തോളാം എന്ന് പറഞ്ഞത് സാറിനു ഇഷ്ടമായിട്ടില്ല.. ഇന്ന് എന്തെങ്കിലും കുഴപ്പം ആഡിറ്റര്മാര് കണ്ടുപിടിച്ചാല്‍ ആ മാര്‍വ്വാഡി എന്നെ ചിത്ത പറഞ്ഞ് കുളിപ്പിക്കും.. എന്തു പറയാനാ.. നമ്മുടെ പങ്കപാടുവല്ലതും അങ്ങോര്‍ക്കറിയണോ?
ഒരു വിധത്തില്‍ ഓടിയും നടന്നും ബസ്സ് സ്റ്റോപ്പിലെത്തിയപ്പോള്‍ സഹയാത്രികരെല്ലാം എത്തിയിട്ടുണ്ട്.. എന്റെ ധൃതിയിലുള്ള വരവുകണ്ടാവണം സാമിന്റെ മുഖത്ത് ചിരിവരുന്നുണ്ട്.. ഇവനൊക്കെ വെറുതെ ചിരിച്ചാല്‍ മതി.. രാവിലെ ഭാര്യ ഉണ്ടാക്കി കൊടുത്തതും വിഴുങ്ങി, കുളിച്ച് കുറിയും ചാര്‍ത്തി ചമഞ്ഞ് വന്ന് നിന്നാല്‍ പോരേ.. ദ്വേഷ്യം വന്നു. ഈയിടെയായി അരുന്ധതിക്ക് പെട്ടന്ന് ദ്വേഷ്യം വരുന്നുണ്ട്. ഉള്ളില്‍ വന്ന അരിശം പുറത്ത് കാട്ടാതിരിക്കാന്‍ അവള് കുറെ പണിപ്പെട്ടു. മുഖത്ത് സ്വേദകണങ്ങളോടൊപ്പം ഒരു പുഞ്ചിരി വരുത്താന്‍ വൃഥാ ഒരു ശ്രമം നടത്തി.
'ടെന്‍ഷന്‍ അടിക്കേണ്ട.. നമ്മുടെ സര്‍ക്കാര്‍ ബസ്സല്ലേ. അതു വരാന്‍ ഇനിയും സമയമെടുക്കും' സാം ഒന്ന് കളിയാക്കി..
വെറുതെ ചിരിച്ചു. അല്ലാതെ ഇവനോടൊക്കെ എന്തു പറയാന്‍.. തന്റെ പ്രശ്നങ്ങള്‍ ഇവനോടൊക്കെ പറഞ്ഞ് വെറുതെ എന്തിനാ സ്വയം പല്ലിട കുത്തി നാറ്റിക്കുന്നേ.. ഭാഗ്യത്തിനു രമചേച്ചി സ്റ്റോപ്പിലുണ്ട്.. അല്ലെങ്കില്‍ ഇവന്റെ പുളിച്ച തമാശകളും വെടക്ക് നൊട്ടവും സഹിക്കേണ്ടി വന്നേനേ.. രമച്ചേച്ചിയുള്ളപ്പോള്‍ എന്തോ ഒരു സുരക്ഷിതത്വബോധമുണ്ട്.. അത് തനിക്കു മാത്രമല്ലല്ലോ.? ആ ബി.എഡിനു പഠിക്കുന്ന രശ്മിയും ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു.. എന്തോ, രണ്ട് ദിവസമായി ആ കുട്ടിയെ കണ്ടിട്ട്.. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂഡ് ഔട്ട് ആയി തോന്നിയെന്ന് രമച്ചേച്ചിയും പറഞ്ഞിരുന്നു..
'അരുന്ധതിക്ക് ഓട്ടം ഒഴിഞ്ഞ ദിവസമില്ല അല്ലേ?' രമച്ചേച്ചി ചിരിച്ചുകൊണ്ട് ചോദിച്ചു. ഒരു വളിച്ച ചിരി സമ്മാനിച്ചു. ചേച്ചിയോട് പ്രത്യേകിച്ച് മറുപടിയുടെ ആവശ്യമില്ലാത്തതിനാല്‍ വേറെ ഒന്നും പറഞ്ഞില്ല... പക്ഷെ, ചേച്ചിയുടെ ചോദ്യത്തില്‍ തനിക്ക് ഒട്ടും ദ്വേഷ്യം തോന്നിയില്ലാല്ലോ? ആ ചോദ്യത്തില്‍ ഒരു വാല്‍സല്യമുണ്ടായിരുന്നോ? ഒരു ചേച്ചിയുടെ, അല്ലെങ്കില്‍ അമ്മയുടെ സ്ഥാനം!!!.. ഓ, ഇപ്പോളാ ഓര്‍ത്തേ, ഈ മാസം അമ്മാവുക്ക് മരുന്ന് വാങ്ങിയില്ല... പാവം, ഇപ്പോള്‍ മരുന്ന് തീര്‍ന്നിട്ട് ഒരാഴ്ചയായി കാണും.. എന്നാല്‍ ഒന്നോര്‍മ്മിപ്പിച്ചൂകൂടെ.. ! ഞാന്‍ അന്യയൊന്നുമല്ലല്ലോ... ഇല്ല, വാങ്ങി കൊടുക്കരുത്.. മനസ്സ് പറഞ്ഞു. പെട്ടന്ന് തന്നെ തിരുത്തി.. ഒരു പക്ഷെ, എന്റെ കഷ്ടപാടുകള്‍ക്കിടയില്‍ ഇതുകൂടെ പറഞ്ഞ് ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാവണം.. ഒരു പാവമാ അത്.. പ്രായമായിട്ടും എന്നെ ഓര്‍ത്തുള്ള ആധി തീര്‍ന്നിട്ടില്ല... എന്നോട് ഒന്നും പറയില്ല.. പറഞ്ഞാല്‍ ഞാന്‍ എല്ലാം അമ്മവുടേയും അപ്പാവുടെയും തലയില്‍ കെട്ടിവക്കും.. അറിയാം ഇതൊക്കെ സ്വയം വരുത്തിവച്ചതാണെന്ന്.. എന്നാലും സമ്മതിച്ച് കൊടുക്കാന്‍ തോന്നാറില്ല ...
ഓരോന്നോര്‍ത്ത് നിന്നപ്പോള്‍ ബസ്സ് വന്നത് കണ്ടില്ല.. രമചേച്ചി തട്ടിവിളിച്ചില്ലായിരുന്നേല്‍ ഒരു പക്ഷെ, ഇന്ന് ചീത്തവിളി കേട്ട് കാത് പൊട്ടിയേനേ... വീണ്ടും രമച്ചേച്ചിയെ നന്ദിയോടെ നോക്കി.. സര്‍ക്കാര്‍ ബസ്സായതിനാല്‍ ഉള്ള ഒരു ഡോറില്‍ കൂടി ഇടിച്ചുകയറാനുള്ള എല്ലാവരുടെയും ശ്രമമാ.. പതുക്കെ ഒഴിഞ്ഞു നിന്നു.. തിരക്ക് ചിലര്‍ക്കൊരു ഹരമാ.. തിരക്കുണ്ടാക്കി, അതിനിടയില്‍ കരകൌശലവേലചെയ്യുന്നവരാ കൂടുതലും.. ഇവര്‍ക്കൊക്കെയാ സര്‍ക്കാര്‍ പാരമ്പര്യതൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള പെന്ഷന് അനുവദിച്ച് വീട്ടിലിരുത്തേണ്ടത്.. ഒന്നുമില്ലേലും മറ്റുള്ളവര്‍ക്ക് മന:സ്സമാധാനത്തോടെ യാത്ര ചെയ്യാല്ലോ? ഒടുവില്‍ ബസ്സില്‍ കയറുക എന്ന കടമ്പയും കടന്നു.. ഏന്തീ വലിഞ്ഞ് നോക്കുമ്പോള്‍ രമചേച്ചി കണ്ണുകാട്ടി വിളിച്ചു. അങ്ങിനെ സീറ്റും കിട്ടി. ഇരുന്ന പാടെ കണ്ണടച്ചു. അത് രമചേച്ചിക്കറിയാവുന്നതാ.. തന്റെ ജീവിതത്തിലെ ഉറക്കത്തിന്റെ മുക്കാല്‍ ഭാഗവും ബസ്സിലാണെന്ന്.. ചേച്ചി പുഞ്ചിരിച്ചു കൊണ്ട് പുറം കാഴ്ചകളിലേക്ക് തിരിഞ്ഞു..
സാധാരണ ബസ്സിലെ സീറ്റു കണ്ടാല്‍ തന്നെ ഉറക്കം പിടിക്കുന്നതാ.. ഇന്നതിനും കഴിഞ്ഞില്ല.. ഒരു മാന്യദേഹം അവന്റെ ദേഹം കൊണ്ടുള്ള ചില പ്രയോഗങ്ങള്‍ തുടങ്ങിയപ്പോള്‍ ഉറക്കം പമ്പകടന്നു.. ഇവനോക്കെ പടകാളിയെപ്പോലുള്ളവര്‍ തന്നെ വേണം..അതു പറഞ്ഞപ്പോളാ .. തിരിഞ്ഞു നോക്കി.. പടകാളിയെ കണ്ടില്ല.. കയറേണ്ട സ്റ്റോപ് കഴിഞ്ഞു.. ഒരു പക്ഷെ, ചമ്മലാവും.. ഇന്നലത്തെ സംഭവം ഓര്‍ത്ത് ചെറുതായി ചിരിവന്നു. പക്ഷെ പടകാളിക്ക് വലിയ ചമ്മല് ഒന്നും കാണില്ല.. ആളു നല്ല ബോള്‍ഡാ.. പടകാളിയെ കുറിച്ചോര്‍ത്തപ്പോള്‍ ഒരു നിമിഷം കോളേജിലേക്ക് മനസ്സ് പാഞ്ഞു.. കോളേജ് എത്തിയാല്‍ മനസ്സിന്റെ കടിഞ്ഞാണ്‍ വിടും.. നാശം.. വീണ്ടും ഓഫീസിലെ ഫയലുകളുടെ കാര്യങ്ങള്‍ ഒ!ാര്ക്കാന് ശ്രമിച്ചു. പക്ഷെ, കഴിയുന്നില്ല.. വീണ്ടും കണ്ണടച്ചു. ഞാന്‍ ഒന്നു കണ്ണടക്കാന്‍ കാത്തു നില്ക്കുന്ന പോലെയാ അയാളുടെ അഭ്യാസങ്ങള്‍ തുടങ്ങാന്‍.. തറപ്പിച്ച് നോക്കി.. അടുത്ത സീറ്റിലിരുന്ന സാമിന്റെ വെടക്ക് ചിരികൂടിയായപ്പോള്‍ പൂര്‍ത്തിയായി.. ബസ്സ് ഏന്തി വലിഞ്ഞ് ഊര്‍ധ്വന്‍ വലിച്ചാ പോകുന്നേ.. സര്‍ക്കാരിന്റെയായതു കാരണം െ്രെഡവര്‍ക്കും വലിയ ധൃതിയൊന്നും ഇല്ല.. മുതലാളിയുടെ വക തെറി കേള്‍ക്കുകയൊന്നും വേണ്ടല്ലോ? മനസ്സ് വീണ്ടും അതിന്റെ വഴിവിട്ട യാത്ര തുടങ്ങി. ഒരു വെളുത്ത ഫ്രോക്ക്കാരി നോക്കി ചിരിച്ചു. നല്ല മനോഹരമായ പല്ലുകള്‍. അരുന്ധതിക്ക് ഫ്രോക്ക് വലിയ ഇഷ്ടമായിരുന്നു. ഒരിക്കലും ഇടാന്‍ കഴിയാത്ത ഒരു വസ്ത്രത്തോടുള്ള ഇഷ്ടം. ചെറുപ്പത്തില്‍ പട്ടുപാവാടയും ബ്ലസുമായിരുന്നല്ലോ തന്റെ വേഷം. പാട്ടിയെ പേടിച്ചാ, അല്ലെങ്കില്‍ അപ്പാവുക്കും ഇഷ്ടമായിരുന്നു തന്നെ പുതിയ രീതിയിലുള്ള വസ്ത്രങ്ങളൊക്കെ ധരിപ്പിക്കാന്‍. പാവം അപ്പാവ്!
അപ്പയുടെയും, അമ്മാവുടെയും പാട്ടിയുടെയുമെല്ലാം ഓമനയായി വളര്‍ന്ന കുട്ടിക്കാലം... ഒന്നിന്റെയും കുറവ് അപ്പാവു തന്നെ അറിയിച്ചിരുന്നില്ല... ചോദിക്കുന്നതെല്ലാം തനിക്ക് വാങ്ങിത്തരുവാന്‍ എന്നും തിടുക്കം കാട്ടിയ അപ്പാവു... കൃഷ്ണവേണിയെന്ന വീട്ടിലെ ചെല്ലപ്പേരു പോലും അപ്പാവു വിളിക്കുമ്പോള്‍ ഒരു സുഖമായിരുന്നു.. അപ്പാവിനും തന്നെ അങ്ങിനെ വിളിക്കാനായിരുന്നു കൂടുതല്‍ ഇഷ്ടം.. രാഗേന്ദു എന്ന പേരിനോടുള്ള തന്റെ അമര്‍ഷം താന്‍ അറിയിച്ചപ്പോള്‍ പുഞ്ചിരിച്ച അപ്പാവുവിന്റെ മുഖം.. ഓ, അതിനെക്കുറിച്ച് പറഞ്ഞാല്‍ ഒത്തിരി ഉണ്ട്. രാഗേന്ദു എന്ന തന്റെ ആദ്യ പേര്...! അരുന്ധതിയെന്ന പേരിലേക്കുള്ള കൂടുമാറ്റം!! അതിലേക്കുള്ള പരിവര്‍ത്തനത്തിന്റെ കഥകള്‍!!!
സ്കൂളിലും കോളേജിലും എല്ലാവരും തന്നെക്കാണുമ്പോള്‍ മൂളിപ്പാട്ട് പാടിയിരുന്നത് ഓര്‍ത്തുപോയി..
'രാഗേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല...
രജനീ കതംബങ്ങള്‍ മിഴിചിമ്മിയില്ല..
മദനോല്‍സവങ്ങള്‍ക്ക് നിറമാല ചാര്‍ത്തി..
മനവും തനുവും മരുഭൂമിയായി...
നിദ്രാവിഹീനങ്ങളല്ലോ എന്നും അവളുടെ രാവുകള്‍...'
അവസാന വരിക്ക് ആണ്പിള്ളേര് ഒരു ഊന്നല്‍ കൊടുക്കുമ്പോള്‍ അപ്പാവെ കൊല്ലാനുള്ള ദേഷ്യം വരും.. വീട്ടീല് ചെന്ന് അപ്പാവോട് മിണ്ടാതിരിക്കും. അപ്പാവുടെ ചിരികൂടിയായാല്‍ പൂര്‍ത്തിയായി. പിന്നെ, പേരു മാറ്റിതന്നില്ലെങ്കില്‍ കെട്ടിത്തൂങ്ങി ചാവും എന്ന ഭീഷണീ.. പട്ടിണി സമരം.. എത്ര നേരം!! തനിക്ക് സഹിക്കാന്‍ കഴിയാത്ത ഒരേ ഒരു കാര്യം വിശപ്പാണെന്ന് അപ്പാവുക്കും അറിയാം. ഞാന്‍ പട്ടിണി സമരം തുടങ്ങിയാല്‍ അരിയിടിച്ചുണ്ടാക്കിയ ഉണ്ടയുമായി അപ്പാവ് എന്റെ മുന്നില്‍ വന്നിരുന്നു തിന്നും.. എന്നിട്ട് അപ്പാവ് അരിയുണ്ടയുടെ രസം ആസ്വദിക്കുന്നത് കാണുമ്പോള്‍ തന്നെ പട്ടിണി സമരം അവസാനിക്കും. പിന്നെ, വീട്ടിലുള്ള മൊത്തം അരിയുണ്ടയും തിന്നിട്ടേ താന്‍ അടങ്ങുമായിരുന്നുള്ളൂ. ആ പഴയ കുട്ടിയാ ഇപ്പോള്‍ നിന്ന് കൊണ്ട് എന്തെങ്കിലും കഴിച്ചെന്ന് വരുത്തി ഓടുന്നത്. എല്ലാം കാലത്തിന്റെ വികൃതി!! അല്ലെങ്കില്‍ ഒരു കാലത്ത് താന്‍ വെറുത്തിരുന്ന പേരിനെ പിന്നീട് താന്‍ ഒത്തിരി സ്നേഹിക്കുമോ? ആ പേരു വിവാഹത്തിനു മുന്‍പ് മാറ്റണമെന്ന് രഘുവേട്ടന് ആവശ്യപ്പെട്ടപ്പോള്‍... ഗത്യന്തരമില്ലാതെ, പൊട്ടിക്കരഞ്ഞുപോയത്....
'അതേയ്, ഉറങ്ങിയത് മതി. ഇനി നാളെയുറങ്ങാം..' സാമിന്റെ മുന്നില്‍ വീണ്ടും വളിച്ച ചിരി വരുത്തേണ്ടി വന്നു. ബസ്സില്‍ നിന്നിറങ്ങി റോഡ് മുറിച്ച് കടന്ന് ഓഫീസിലേക്ക് കയറിയപ്പോള്‍ തന്നെ വേഗം എം.ഡി.യെ കാണാനുള്ള അറിയിപ്പുമായി സുധാകരേട്ടന് നില്‍പ്പുണ്ടായിരുന്നു. രൂക്ഷമായി ഒന്ന് നോക്കി. ആ പാവം ചിരിയോടെ വഴിമാറി തന്നു. തന്നെ നന്നായറിയാവുന്നത് കൊണ്ട് കുഴപ്പമില്ല. രജിസ്റ്ററില്‍ മുദ്ര ചാര്‍ത്തി, പഞ്ചിംഗ് മേഷീനീല്‍ കാര്‍ഡും സ്വാപ് ചെയ്ത് തിരിഞ്ഞുനോക്കിയത് മാര്‍വ്വാഡിയുടെ ചപ്പിയ മാങ്ങാണ്ടി കണക്കുള്ള മോന്തായത്തിലേക്കാ.. നശിച്ചു.. ഇന്നത്തെ ദിവസം പോക്കാ.. മനസ്സില്‍ പ്രാകി. തന്നെ എം.ഡി നേരില്‍ വിളിച്ചത് കൊണ്ടാവണം അങ്ങോരുടെ മുഖം ഇഞ്ചി കടിച്ച കുരങ്ങന്റെ കൂട്ടിരിക്കുന്നേ.. അല്ലെങ്കിലേ ഇയാള്‍ക്ക് തന്നെ കണ്ടുകൂടാ.. ഇപ്പോള്‍ ഇതു കൂടിയാകുമ്പോള്‍.. എന്തിനാണാവോ ഇനി എം.ഡി. അന്വേഷിക്കുന്നേ?
എം.ഡിയുടെ മുറിയുടെ വാതിലില്‍ തട്ടി അനുവാദം ചോദിച്ച് അകത്ത് കടന്നു. അങ്ങോര് ആരോടൊ സംസാരിക്കുകയാ? ഒരു ഫയല്‍ തന്റെ നേരെ നീട്ടിയിട്ട് 'അസിസ്റ്റ് ഹിം' എന്ന് മാത്രം പറഞ്ഞു. ഇതു പറയാനാണോ ഇയാള്‍ നേരില്‍ കാണണമെന്ന് പറഞ്ഞത്. പിന്നെ, അയോളോട് ദേഷ്യം തോന്നിയില്ല. കാരണം പെണ്ണിനെ കാണൂമ്പോള്‍ ഒലിപ്പിക്കുന്ന സ്വഭാവം ഒന്നുമില്ലാത്ത ഒരു മനുഷ്യനാ.. അതിന്റെ ഒരു ബഹുമാനം എന്നും അങ്ങേര്‍ക്ക് കൊടുത്തിട്ടുമുണ്ട്. പക്ഷെ, ഇതിപ്പോള്‍ മാര്‍വ്വാഡിയുടെ നോട്ടപ്പുള്ളിയായത് മെച്ചം. 'യെസ് സര്' എന്ന് പറഞ്ഞ് എതിരെ ഇരിക്കുന്ന മനുഷ്യന്റെ നേരെ തിരിഞ്ഞപ്പോള്‍ അസ്ത്രപ്രജ്ഞയായിപ്പോയി. ഇന്നത്തെ ദിവസം ആരെയാണാവോ കണികണ്ടത്. എന്നെ തന്നെയാവും! അതെങ്ങിനെയാ, രാത്രിയില്‍ എപ്പോള്‍ എഴുന്നേറ്റാലും ചരിഞ്ഞുകിടന്നുറങ്ങുന്ന എന്നെ കാണണമെന്ന നിര്‍ബന്ധത്തോടെ ഒരു വലിയ കണ്ണാടിയല്ലേ കട്ടിലിനോട് ചേര്‍ത്ത് സ്ഥാപിച്ചിരിക്കുന്നേ.. ഒരോ വട്ട്! സ്നേഹമുള്ളയാളാ.. അത് സമ്മതിക്കാതെ വയ്യ! പക്ഷെ, താനോ? ശരിക്ക് സ്നേഹിച്ചിട്ടുണ്ടോ ആ മനുഷ്യനെ?.... നാശം, പിടിച്ചാല്‍ കിട്ടാത്ത ഈ മനസ്സിനെ കൊണ്ട് തോറ്റു.
'എവിടെയോ കണ്ട് മറന്ന മുഖം. യെസ്! രാഗേന്ദു.. രാഗേന്ദുവല്ലേ?' അയാളുടെ ചോദ്യത്തില്‍ ഒരു നിമിഷം ഞെട്ടി. അയാളോ? ഒരു കാലത്ത് ഇവന് തനിക്കാരായിരുനു. ഇവനുമൊത്തല്ലാതെ ജീവിക്കില്ല എന്ന് വാശിപിടിച്ചത്... പാട്ടിയുടെ വീടുവിട്ട് പോകുമെന്നുള്ള ഭീഷണി... അമ്മാവിന്റെ ഏങ്ങലടികള്‍.. അപ്പാവിന്റെ ദയനീയമായ മുഖം! ഒരു മുസല്‍മാനെ അംഗീകരിക്കാന്‍ സമുദായത്തിന്റെയും പഴയ തലമുറയുടെയും ദ്രവിച്ച മനസ്സിനു കഴിയാതായപ്പോള്‍ പകരം, സമുദായത്തില്‍ തന്നെയുള്ള തനിക്ക് ചേരാത്തതെന്ന് മനസ്സില്‍ തോന്നിയ ബന്ധത്തിനായുള്ള പിടിവാശി! ഒടുവില്‍ എല്ലാവരുടേയും കണ്ണീര് കണ്ട് ക്രൂരമായി സന്തോഷിച്ചത്... ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുന്ന രഘുവേട്ടനെ താന്‍ സ്വീകരിച്ചത്! മറ്റുള്ളവര്‍ മുഴുവന്‍ തന്റെ ത്യാഗത്തെ വാഴ്ത്തിയപ്പോളും അപ്പാവെയും അമ്മാവെയും നോക്കി ക്രൂരമായി മന്ദഹസിച്ചത്! പാട്ടിയുടെ കണ്ണീരില്‍ സന്തോഷം കണ്ടെത്തിയത്...എല്ലാം ..എല്ലാം.. എന്നിട്ട്, ഇന്നും മനസ്സില്‍ ആരാധിക്കുന്ന ആ രൂപം മുന്നില്‍ വന്നപ്പോള്‍ , എന്താ സംഭവിച്ചേ? എന്താ അവന് തന്നോട് ചോദിച്ചേ? എവിടെയോ കണ്ട് മറന്ന മുഖമെന്നോ! 'ഈ മുഖത്തേക്ക് എത്ര നേരം നോക്കിയിരുന്നാലും എന്റെ കൊതി തീരുന്നില്ലല്ലോ' എന്നല്ലേ പണ്ട് അവന് പറഞ്ഞിരുന്നേ? എന്നിട്ട് ഇപ്പോള്‍...
'നോ.. യു ആര് മിസ്റ്റേകണ്‍..ഓ, സോറി.. ഇറ്റ്സ് മൈ മിസ്റ്റേക്. ഐ അം നോട്ട് ഇന്‍ട്രൊഡ്യൂസ് ഹെര്‍ ടൂ യു. മീറ്റ് മിസ്സിസ് അരുന്ധതി. അരുന്ധതി രഘുനാഥ്. ഷീ ഈസ് ഹാന്‍ഡിലിംഗ് ദീസ് വര്‍ക്ക്സ് ഇന്‍ ഔര്‍ പ്രെമിസെസ്'. എം.ഡിയുടെ മറുപടി ആണു അരുന്ധതിയെ തിരികെ കൊണ്ടുവന്നത്. 'അരുന്ധതി, മീറ്റ് ഔര്‍ വെരി ഇംപോര്‍ട്ടന്റ് ഗസ്റ്റ് മിസ്റ്റര്‍ ഗസല്‍ മുഹമ്മദ്' എം.ഡിക്കറിയില്ലല്ലോ തന്റെ പൂര്‍വ്വ കഥ. തന്റെ പഴയ പേരിനെക്കുറിച്ച് ഓഫീസില്‍ ആകെ അറിയാവുന്നത് എച്ച്.ആര്. മാനേജര്‍ സക്സേനക്ക് മാത്രമാണ്. അയാള്‍ ഒരു പ്രത്യേക ടൈപ്പ് ആയതുകൊണ്ടും ആരുമായും വലിയ അറ്റാച്ച്മന്റ് ഇല്ലാത്തതുകൊണ്ടും വേറെ ആര്‍ക്കും ആ ഒരു പഴയ പേരിനെക്കുറിച്ചറിയില്ല...
'ഹെല്ലോ' മുഖത്ത് ഒരു പുഞ്ചിരി വരുത്താനുള്ള ശ്രമം പാഴായെന്നു തോന്നുന്നു. ഓഫീസില്‍ എം.ഡിയുടെ വാക്കുകള്‍ പ്രതിധ്വനിച്ചു. 'അരുന്ധതി, മീറ്റ് ഔര്‍ വെരി ഇംപോര്‍ട്ടന്റ് ഗസ്റ്റ് മിസ്റ്റര്‍ ഗസല്‍ മുഹമ്മദ്' അതെ, തന്റെ പഴയ ഗദ്ദൂ...
'ഹായ്. നൈസ് ടു മീറ്റ് യു. സോറി, ആം ടോട്ടലി കണ്‍ഫ്യൂസ്ഡ്. വണ്‍ ഓഫ് മൈ ഓള്‍ഡ് കോളേജ് മേറ്റ് ലുക്സ് ലൈക് യു. ദാറ്റ്സ് വൈ ഐ കാള്‍ യൂ ദ നെയിം രാഗേന്ദു'
'ഓഹ്. ദാറ്റ്സ് ഗ്രേറ്റ്.' എം.ഡി.
പിന്നീട് അവര്‍ തമ്മില്‍ പറഞ്ഞത് തന്റെ പഴയകാലത്തെ കുറിച്ചാണെങ്കിലും ഒന്നും മനസ്സില്‍ കേറിയില്ല.. എന്തോ ഒരു പകപ്പായിരുന്നില്ലേ മനസ്സില്‍... സംഭവിക്കാന്‍ പാടില്ലാത്തതെന്തോ സംഭവിച്ചെന്ന ഒരു തോന്നല്‍!!! എം.ഡിയുടെ പൊട്ടിച്ചിരി കേട്ടാണ് മനസ്സ് വീണ്ടും തിരികെ വന്നത്. എന്താ സംഭവിച്ചത്. അദ്ദേഹം ഒരിക്കലും ഇതു പോലെ ചിരിച്ച് കണ്ടിട്ടില്ല.. അല്ലെങ്കിലും വാചകമടിച്ച് ഒരാളെ വീഴ്ത്താന്‍ ഗദ്ദുവിനെ കഴിഞ്ഞല്ലേ ഉള്ളൂ.. ഒരു പരിധിവരെ താനും അങ്ങിനെയല്ലേ ഇവനിലേക്ക് അടുത്തത്.
ഭാഷ ഇത്ര അനായാസേന കൈകാര്യം ചെയ്യുന്നത് കാണുമ്പോള്‍ പലപ്പോഴും കൊതിച്ചിട്ടുണ്ട്. അതു പറഞ്ഞുതന്നെ എത്ര വട്ടം തമ്മില്‍ ഉടക്കിയിരിക്കുന്നു. കോളേജിലെ ഏറ്റവും നല്ല പ്രാസംഗികന്, കവി, നാടകനടന്‍.. വിശേഷണങ്ങള്‍ പലതായിരുന്നു ഗദ്ദുവിനു.. അതോടൊപ്പം തന്നെ എല്ലാ തല്ലിപ്പൊളിക്കും മുന്നില്‍ ഉണ്ടാവുമായിരുന്നു. അങ്ങിനെതന്നെയാണു ആദ്യം പരിചയപ്പെട്ടതും... പരിചയം പിന്നെ....
ഒരു തരം മരവിപ്പോടെയാണു അന്നത്തെ ഓഡിറ്റിംഗ് ജോലികള്‍ക്ക് അസിസ്റ്റ് ചെയ്തത്. ഒന്നു രണ്ട് വട്ടം മാര്‍വ്വാഡി രൂക്ഷമായി നോക്കിയതും ഓര്‍മയുണ്ട്. ഒന്നും തലയില്‍ കയറിയില്ല. തനിക്ക് പ്രിയപ്പെട്ട കണക്കുകള്‍ പോലും പലപ്പോഴും കൈവിട്ട് പോയപ്പോള്‍ പകച്ചു. അല്ലെങ്കിലും തന്റെ കണക്ക് കൂട്ടലുകള്‍ മിക്കതും തെറ്റിയല്ലോ! എന്തൊക്കെയോ കാട്ടിക്കൂട്ടി ഓഡിറ്റിംഗ് തീര്‍ത്തു എന്ന് പറയാം. ലഞ്ച് സെര്‍വ്വ് ചെയ്യുമ്പോള്‍ വീണ്ടും അവന് പഴയ കോളേജ് ജീവിതം എടുത്തിട്ടപ്പോള്‍ അലോസരം തോന്നി. പക്ഷെ എം.ഡിയും മറ്റുമിരിക്കുമ്പോള്‍ ഇറങ്ങിപോകാന്‍ പറ്റില്ലല്ലോ? മാത്രമല്ല, തന്നെയാണ് അവനെ അസിസ്റ്റ് ചെയ്യാന്‍ ഏല്‍പ്പിച്ചിരിക്കുന്നതും. എന്തുകൊണ്ടോ ഇത്തരം ചെറിയ കാര്യങ്ങള്‍ക്ക് അധികം ചെവികൊടുക്കാത്ത ആളാണ് എം.ഡി. ഇതിപ്പോള്‍ ഓഡിറ്ററെ മുഷിപ്പിക്കേണ്ട എന്ന് കരുതിയാവും.
'രാഗേന്ദുകിരണങ്ങള്‍' പാട്ടുപാടിയുള്ള കളിയാക്കലില്‍ തന്നെയാണ് ഗദ്ദുവുമായുള്ള ബന്ധം തുടങ്ങിയത് തന്നെ. പാട്ട് പാടി കളിയാക്കിയിട്ട് അച്ഛന് സീമയുടെ ഫാനാണോ എന്നും അവളുടെ രാവുകള്‍ ഇറങ്ങിയ വര്‍ഷമാണോ തനിക്ക് തറക്കല്ലിട്ടതെന്നും ചോദിച്ചപ്പോള്‍ എന്തോ അതുവരെ ചെയ്യാത്ത വിധം പൊട്ടിത്തെറിച്ചു. കൈ നിവര്‍ത്തി അവന്റെ കരണം പുകച്ചത് മാത്രം ഓര്‍മയുണ്ട്. പിന്നീടാണു അതിന്റെ ഭവിഷ്യത്തുകള്‍ മനസ്സിലായത്. സീനിയര്‍ വിദ്യാര്‍ഥിയെ തല്ലി എന്ന് പറഞ്ഞ് എന്തൊരു പുകിലായിരുന്നു. ഒടുവില്‍ ഗദ്ദു തന്നെയാണ് അതില്‍ നിന്നും തന്നെ രക്ഷിച്ചത്.. അതിലൂടെയാണ് അടുപ്പമായതും..അതുകൊണ്ട് തന്നെ അന്ന് മുതല്‍ രാഗേന്ദു എന്ന പേര് പിന്നെ തനിക്ക് പ്രിയപ്പെട്ടതാവുകയായിരുന്നു. പിന്നീടുണ്ടായതെല്ലാം ചരിത്രമാണു.. പക്ഷെ, ഇവന്.. എല്ലാം അവനു തമാശയായിരുന്നോ? എന്തോ...
എന്തൊക്കെയോ കാട്ടിക്കൂട്ടി അന്നത്തെ ദിവസം അവസാനിപ്പിച്ചു. വൈകീട്ട് വീണ്ടും പഞ്ചിംഗ് കാര്‍ഡും സ്വാപ് ചെയ്ത് ഓഫീസിനു വെളിയില്‍ ഇറങ്ങിയപ്പോളാണ് അറിയുന്നത്. ബസ്സുകളുടെ മരണപ്പാച്ചിലിനിടയില്‍ പെട്ട് ഏതോ ഒരു പിഞ്ചുകുഞ്ഞ് മരണമടഞ്ഞു എന്നും അതിന്റെ പേരില്‍ നാട്ടുകാര്‍ ബസ്സുകള്‍ തല്ലിതകര്‍ത്തു എന്നും .. ചുരുക്കി പറഞ്ഞാല്‍ വാഹനഗതാഗതം തന്നെ ഏതാണ്ട് പൂര്‍ണ്ണമായി നിലച്ച മട്ടാണ്. എന്ത് ചെയ്യും. പരുങ്ങിയുള്ള നില്‍പ്പ് കണ്ടിട്ടാവണം ഗദ്ദു കാര്യം തിരക്കി. ഒടുവില്‍ ഗത്യന്തരമില്ലാതെ അവന്റെ വണ്ടിയില്‍ കയറേണ്ടി വന്നു. ഒരു നിമിഷം സുധാകരേട്ടനെ മനസ്സില്‍ ചീത്ത വിളിച്ചു. അല്ലെങ്കില്‍ ഒരു പത്ത് മിനിറ്റ് കൂടി കാത്ത് നിന്നിരുന്നേല്‍ മറ്റു സ്റ്റാഫിനെ കൊണ്ടുപോകുന്ന കൂട്ടത്തില്‍ എനിക്കും പോകാമായിരുന്നു. സ്ഥിരം യാത്രിക അല്ലാത്തതിനാലാവാം ആ പാവം അതോര്‍ക്കാതിരുന്നത്. ഗദ്ദുവിന്റെ കാറിന്റെ മുന്‍സീറ്റില്‍ എരിക്കുമ്പോള്‍ എ.സിയുടെ തണുപ്പിലും അരുന്ധതി വിയര്‍ത്തു. എന്ത് പറയണം.. ഒന്നും അറിയാതെ പകച്ച് ഇരുന്നു.
'രഘുനാഥനു സുഖമല്ലേ ഇന്ദൂ..'
'സുഖം തന്നെ.. ങേ. എന്താ ചോദിച്ചത് .. രഘുനാഥനോ? ആരാ അത്..' സമനില വീണ്ടെടുക്കാന്‍ കുറച്ച് സമയമെടുത്തു.
'ഹ..ഹ.. എന്താ ഇന്ദു എനിക്ക് നിന്നെ മനസ്സിലായില്ല എന്ന് കരുതിയോ നീ..'
'നീ...നീ എന്താ പറഞ്ഞേ..?' അരുന്ധതിക്ക് ക്ഷോഭം നിയന്ത്രിക്കാനായില്ല..
'എനിക്കെല്ലാം അറിയാം ഇന്ദു.. നീയെന്താ വിചാരിച്ചേ.. അന്നത്തെ സാഹചര്യത്തില്‍ നിന്നെ വിവാഹം കഴിക്കന്‍ മാത്രം ഒരു വിഡ്ഡിയാണു ഞാന്‍ എന്നോ? അതും എന്റെ വിശ്വാസങ്ങളെയും എന്റെ വീട്ടുകാരെയും അതിനേക്കാളേറെ എനിക്ക് കിട്ടാനുണ്ടായിരുന്ന എന്റെ സ്വത്ത് വകകളെയും എനിക്ക് വേണ്ടി മാത്രം കാത്തിരുന്നിരുന്ന എന്റെ ഫസിയയേയും വിട്ട് ഒരു കോളേജ് റൊമാന്‍സിന്റെ പിറകെ ചുറ്റാന്‍ ഞാന്‍ എന്താ ഒരു ഭ്രാന്തനാ? നിന്നെ വിവാഹം കഴിക്കുന്നതിനു മുന്‍പ് തന്നെ നിന്റെ അപ്പാവും രഘുനാഥനും എന്റെ അടുക്കല്‍ വന്നിരുന്നു. നിന്നെ സ്വീകരിക്കണമെന്ന് പറഞ്ഞുകൊണ്ട്.. നിനക്കറിയില്ല.. നിന്റെ രഘുനാഥന് അയാള്‍ എത്ര നല്ല മനുഷ്യനാണെന്ന്...'
'സ്റ്റോപ് ഇറ്റ്. ഐ സെ സ്റ്റോപ് ദി കാര്‍! തന്റേത് ഗര്‍ജ്ജനം തന്നെ ആയിരുന്നു എന്ന് തോന്നുന്നു. രണ്ട് ബൈക്ക് യാത്രികരെ വെട്ടിച്ച് വണ്ടി ഒതുക്കി നിറുത്തിയ ഗസലിന്റെ മുഖത്തെ പകപ്പ് അത് നല്ല പോലെ വെളിപ്പെടുത്തി. അരുന്ധതിയും കിതക്കുകയായിരുന്നു. എന്താ കേട്ടത്. അതും താന്‍ മനസ്സില്‍ എല്ലാക്കാലത്തും ആരാധിച്ചിരുന്ന ഗദ്ദുവില്‍ നിന്നും..
കൂടുതല്‍ ഒന്നും കേള്‍ക്കാന്‍ തോന്നിയില്ല.. പകയോടെ വണ്ടിയില്‍ നിന്നിറങ്ങി ഓടി.. ആരോടായിരുന്നു പക.. പ്രണയം നടിച്ച് ചതിച്ച ക്രൂരനായ ഗസല്‍ മുഹമ്മദിനോടോ? ...അതെ, തന്റെ മാത്രമെന്ന് കരുതിയിരുന്ന ഗദ്ദു.. അതോ.. എല്ലാം അറിഞ്ഞിട്ടും ഒന്നും അറിഞ്ഞില്ലെന്ന് നടിച്ച് തന്നെ ഒത്തിരി സ്നേഹിച്ച രഘുവേട്ടനോടോ? അതോ തനിക്ക് വേണ്ടി ഇവന്റെ കാലു പിടിക്കാന്‍ പോയ അപ്പാവോടോ? അതോ തന്നെ മനസ്സറിഞ്ഞ് സ്നേഹിച്ചിട്ടും തരിമ്പുപോലും മനസ്സാക്ഷിയില്ലാതെ അവരെയൊക്കെ സ്നേഹിക്കുന്നതായി നടിക്കുകമാത്രം ചെയ്ത് മനസ്സ് കൊണ്ട് ഈ ദുഷ്ടനെ മാറോട് ചേര്‍ത്ത ക്രൂരയായ തന്നോട് തന്നെയോ?
ഓടി ഓടി ഒടുവില്‍ റെയില്‍പാളത്തില്‍ എത്തിയപ്പോള്‍ ആണ് അരുന്ധതിക്ക് ബോധോദയം ഉണ്ടായത്. തീവണ്ടിയുടെ ഹുങ്കാരശബ്ദം അടുത്ത് വരുന്നത് കാതുകളില്‍ കേള്‍ക്കാം.. വളഞ്ഞുപുളഞ്ഞ് രക്തധമനിപോലെ തീവണ്ടിപാളം അവളുടെ മുന്പില്.. ഒരു നിമിഷം, മനസ്സ് ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി കെട്ടുപിണഞ്ഞു. തന്നെ മാത്രം സ്നേഹിക്കുന്ന രഘുവേട്ടനെ വിട്ട്.. രഘുവേട്ടന്റെ താളം തെറ്റി മിടിക്കുന്ന ഹൃദയധമനികളെ വിട്ട്... എവിടേക്കാണീ ഒളിച്ചോട്ടം. .പാടില്ല.. അരുന്ധതിയുടെ ദിവസങ്ങള്‍ അങ്ങിനെ അവസാനിക്കാനുള്ളതല്ല.. അത് ഇനിയും തുടരണം.. തിരിച്ച് പോകുമ്പോള്‍ അരുന്ധതിയുടെ മനസ്സ് ഒന്ന് പെയ്ത് തോര്‍ന്നിരുന്നു...വീടിന്റെ ഉമ്മറക്കോലായിയില്, അവളുടെ വരവും കാത്ത്.. വൈകിയതിലുള്ള അക്ഷമയോടെ.. നിന്നിരുന്ന രഘുവേട്ടനിലേക്ക് സമയം തെറ്റിവന്ന ഒരു തീവണ്ടി കണക്കെ.. അവള് ഒരു ഹുങ്കാരത്തോടെ കൂകിയണഞ്ഞു...






