Volume : 3 | Issue: 8
കഥ

ശവക്കുഴിയിലേക്ക് വഴിക്കണ്ണുമായി....

മനോരാജ്

'ഇന്ന് ഞാന്‍ നാളെ നീ'
വെളുത്ത പെയിന്റ് കൊണ്ട് വടിവൊത്ത അക്ഷരത്തില്‍ അത്രയും എഴുതി ഇമ്മാനുവല്‍ ഒന്ന് നെടുവീര്‍പ്പിട്ടു. ഉണ്ടാക്കി വച്ചിരുന്ന ശവപ്പെട്ടികളില്‍ അവസാന മിനുക്കുപണികള്‍ നടത്തുകയായിരുന്നു അയാള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇമ്മാനുവല്‍ ഇത് തന്നെയാണു ചെയ്യുന്നത്. ഇതുവരെ ചെയ്തത് തൃപ്തിയാവാഞ്ഞിട്ടല്ല. മറിച്ച്, ശവപ്പെട്ടികള്‍ വാങ്ങാന്‍ ദിവസങ്ങളോളമായി ആരും വരാത്തതുകൊണ്ട്... വീണ്ടും വീണ്ടും അവ മിനുക്കി വക്കുകയേ ഇനി നിവൃത്തിയുള്ളൂ എന്ന് തോന്നിയത് കൊണ്ട്..
ഇമ്മാനുവല്‍ പണി അവസാനിപ്പിച്ചു. കൈയും മുഖവും കഴുകി. സമയം നട്ടുച്ച. ഇറയത്തേക്ക് കയറുമ്പോള്‍ മോളെ വിളിച്ചു.
'സാറേ.. മോളേ സാറാക്കുട്ടീ...'
'ഇതാ വരുന്നപ്പാ' അകത്തുനിന്നും തളര്‍ന്ന ശബ്ദം. ഒപ്പം അഴിഞ്ഞ മുടി വാരിച്ചുറ്റി, മുഴിഞ്ഞ പാവാടത്തുമ്പ് കൊണ്ട് മുഖം തുടച്ച്, ഒരു മെലിഞ്ഞ സുന്ദരി കടന്ന് വന്നു. അവള്‍ സാറ.. കാണാന്‍ ചന്തമുള്ളവളാണു. വിവാഹപ്രായവുമായി. പക്ഷെ, കെട്ടിച്ചുവിടാന്‍ ഇമ്മാനുവലിന്റെ കൈയില്‍ നീക്കിയിരുപ്പില്ലാത്തതിനാല്‍ പുര നിറഞ്ഞുനില്‍ക്കുകയാണു. അയ്യാളുണ്ടാക്കുന്ന ശവപ്പെട്ടികള്‍ പോലെ! ഒരു ബാദ്ധ്യതയായി..

'മോളെ, സമയം എത്രയായി? വിശക്കുന്നു'
'കപ്പ പുഴുക്ക് എടുക്കട്ടെ അപ്പാ'
ഇന്നലത്തെ കപ്പ പുഴുക്കില്‍ ബാക്കിയുണ്ടായിരുന്നത് അവള്‍ അയാള്‍ക്കായി എടുത്ത് വച്ചു. അപ്പന്റെ ചാരത്ത് തന്നെ അവള്‍ ഇരുന്നു. അയാള്‍ രണ്ടു മൂന്നു കഷണം എടുത്തതിനുശേഷം ബാക്കി മകള്‍ക്ക് നീട്ടി. കൈകഴുകി ഇമ്മാനുവല്‍ പുറത്തിറങ്ങി. ഇന്നെങ്കിലും പെട്ടി വാങ്ങാന്‍ വരുമായിരിക്കും! ആരെങ്കിലും...
'കര്‍ത്താവേ! ആരെങ്കിലും ഒന്ന് മരിച്ചെങ്കില്‍' അയാള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. ഒരു നിമിഷം... അയാള്‍ നടുങ്ങി. എന്താണു ഞാന്‍ ആഗ്രഹിച്ചത്! തെറ്റ്'. എന്റെ വലിയ തെറ്റ്'.
'കര്‍ത്താവേ, എന്നോട് പൊറുക്കണേ..'
'അപ്പാ'
'എന്താ മോളേ' അയാള്‍ ഞെട്ടിതിരിഞ്ഞു.
'രാത്രിയിലേക്ക് ഒന്നും ഇല്ലപ്പാ!'

'വഴിയുണ്ടാക്കാം മോളേ' ഇമ്മാനുവല്‍ സാറയെ ചേര്‍ത്തുപിടിച്ചു. വിയര്‍പ്പിന്റെ ഗന്ധം അയാളുടെ മൂക്കില്‍ തുളച്ചു കയറി. ഈയിടേയായി സാറക്ക് ഒന്നിലും താല്‍പര്യമില്ലാത്തത് അയാള്‍ മനസ്സില്ലാക്കിയിരുന്നു. വെളുത്ത്, സുന്ദരിയായിരുന്ന മകള്‍ ഇപ്പോള്‍ ആകെ കരുവാളിച്ചു പോയി. കൊഴുത്തിരുന്ന അവളുടെ ശരീരത്തില്‍ ഇപ്പോള്‍ പട്ടിണിയുടെ വരണ്ട പാടുകളാണു. അതിനപവാദമായി ആരെയോ പുച്ഛത്തോടെ വെല്ലുവിളിക്കുന്ന ഉരുണ്ട രണ്ടു ഗോളങ്ങള്‍ മാത്രം!
'എന്താ മോളെ നിന്നെ വിഷമിപ്പിക്കുന്നത്. അപ്പനോട് പറയ്'
'അപ്പാ, ക്രിസ്മസ് ആയില്ലേ. ഒന്നും ഒരുക്കാന്‍..'
അവളെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ ശവപ്പെട്ടികളെ തുറിച്ചുനോക്കികൊണ്ട് അയാള്‍ ഇറങ്ങി നടന്നു. വൈകുന്നേരം വരെ പലയിടത്തും ചുറ്റിത്തിരിഞ്ഞു. എന്തുചെയ്യണമെന്ന് ഒരെത്തും പിടിയുമില്ല. മകളുടെ വാക്കുകള്‍ കാതില്‍ മുഴങ്ങികൊണ്ടിരുന്നു. ഒടുവില്‍ അയാള്‍ ഒരു തീരുമാനത്തിലെത്തിയപ്പോളേക്കും സമയം സന്ധ്യയായിരുന്നു. ഇമ്മാനുവലിന്റെ വേദന കാണാന്‍ ശേഷിയില്ലാതെയാകാം സൂര്യന്‍ കണ്ണുകള്‍ ഇറുക്കെ പൂട്ടി. എന്തും വരട്ടെ എന്ന് വിചാരിച്ചുകൊണ്ട് ഇമ്മാനുവല്‍ തോമാച്ചന്‍ മുതലാളിയുടെ മണിമാളികയിലേക്ക് നടന്നു.

തോമാച്ചന്‍ മുതലാളി നാട്ടിലെ അറിയപ്പെടുന്ന പണക്കാരനാണു. അറുത്ത കൈയ്ക്ക് ഉപ്പ് തേക്കാത്ത പലിശപ്പണക്കാരന്‍.. അയാള്‍ക്ക് ഒരു മകന്‍ മാത്രമേയുള്ളൂ. അവന്‍ അമേരിക്കയില്‍ ഒരു വലിയ ബിസിനസ്സ് ശൃംഖലയുടെ സീനിയര്‍ മാനേജറാണ്. തോമാച്ചന്റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ചുപോയിരുന്നു. ഇമ്മാനുവല്‍ തോമാച്ചന്‍ മുതലാളിയുടെ വീട്ടിലെത്തിയപ്പോള്‍ സ്വീകരണമുറിയിലെ സെറ്റിയില്‍ മയങ്ങികിടക്കുകയാണു തോമാച്ചന്‍.
'മുതലാളീ..' ഇമ്മാനുവല്‍ വിനയത്തോടെ വിളിച്ചു. കണ്ണുതുറന്ന തോമാച്ചന്‍ ഇമ്മാനുവലിനെ കണ്ടു. ഒന്നുകൂടി സെറ്റിയില്‍ നിവര്‍ന്നുകിടന്നു.
'മുതലാളീ..' ഇമ്മാനുവല്‍ ഒരിക്കല്‍ കുടി വിളിച്ചു.
'എന്താടാ..' തോമാച്ചന്‍ ഈര്‍ഷ്യയോടെ, കണ്ണടച്ചുകൊണ്ട് തന്നെ ചോദിച്ചു.

'മുതലാളി.. ക്രിസ്മസ് ഒക്കെയായില്ലേ? കുറച്ച് കാശ് തന്ന് സഹായിക്കണം. കച്ചോടം കുറവാ.. എന്നാലും ഞാന്‍ ഒരു മാസത്തിനകം തിരികെ തന്നോളാം. വീട്ടില്‍ കഞ്ഞിവെക്കാന്‍ കൂടി ഒന്നും ഇല്ല. അത്രക്കാ ദാരിദ്ര്യം. സാറാകുട്ടിയെ പട്ടിണിക്കിട്ട് ഇനിയും എനിക്ക് വയ്യ മുതലാളി. അതുകൊണ്ടാ' ഇമ്മാനുവല്‍ യാജിക്കുകയായിരുന്നു.
'ഒന്നു കടന്നുപോടാ... കടം തരാന്‍ നീ എന്റെ ആരാ? പിന്നെ നിന്റെ സാറാക്കുട്ടി... അവള്‍ മുഴുത്ത പെണ്ണായല്ലോടാ, അവള്‍ പട്ടിണി കിടക്കുന്നത് കഷ്ടം തന്നെയാ. നിയൊരു കാര്യം ചെയ്യ്. അവളെ ഇവിടെ കൊണ്ടുവന്നു നിറുത്തു. അവള്‍ക്ക് പട്ടിണി കിടക്കേണ്ടി വരില്ല. അവളുടെ കൊഴുത്ത ശരീരം എന്നെ പലവട്ടം കൊതിപ്പിച്ചതാ..' തോമാച്ചന്‍ പാതിമയക്കത്തിലും സാറയുടെ ശരീര വടിവ് വര്‍ണ്ണിച്ചു കൊണ്ടിരുന്നു. ഒരു വേള ഇമ്മാനുവലിന്റെ മനസ്സിലൂടെ മകളുടെ വാക്കുകല്‍ വെള്ളിടിപോലെ പാഞ്ഞു.
'ക്രിസ്മസ് അടുത്തില്ലേ അപ്പാ..'
'സാറാക്കുട്ടീ, ഇങ്ങോട്ട് ചേര്‍ന്നിരിക്കെടീ.. നിന്നെ ഞാനൊന്ന് ശരിക്ക് കാണട്ടെ..' തോമാച്ചന്‍ സ്വപ്നത്തിലെന്ന പോലെ പുലമ്പികൊണ്ടിരുന്നു.

ഇമ്മാനുവല്‍ രോഷം കൊണ്ട് വിറച്ചു. അയാള്‍ക്ക് എങ്ങിനെയെങ്കിലും പുറത്തുകടന്നാല്‍ മതിയെന്നായി. എല്ലാം അടക്കിപിടിച്ച് അയാള്‍ പിന്‍തിരിഞ്ഞു നടന്നു.
'സാറാക്കുട്ടീ.. ഇവിടെ... എന്താ ഇത്ര നാണം... ചേര്‍ന്നിരിക്കെടീ.. നിന്നെ ഞാനൊന്ന് ശരിക്ക് കാണട്ടെ..' തോമാച്ചന്‍ വീണ്ടും പുലമ്പികൊണ്ടിരുന്നു.
ഇമ്മാനുവല്‍ പതുക്കെ തോമാച്ചന്‍ മുതലാളിയുടെ അടുക്കലേക്ക് ചെന്നു. വിറച്ചുകൊണ്ട് ചുറ്റും കണ്ണോടിച്ചു. സ്വേദകണങ്ങള്‍ തീജ്വാല പോലെ പടര്‍ന്നു. കണ്ണുകള്‍ ബീഭല്‍സമായി. കൈകള്‍ വിറച്ചു. മുഖത്തെ മാംസപേശികള്‍ വലിഞ്ഞു മുറുകി.
സാറാക്കുട്ടിയുടെ നിഷ്‌കളങ്കമായ മുഖം അയാളുടെ മനസ്സില്‍ തെളിഞ്ഞു.
'ക്രിസ്മസ് അടുത്തില്ലേ അപ്പാ...' ആ വാക്കുകളിലെ നിസ്സഹായാവസ്ഥ അയാളെ ഭ്രാന്തനാക്കി. ഒപ്പം തോമാച്ചന്റെ ജല്‍പനങ്ങള്‍ കൂടിയായപ്പോള്‍ അയാള്‍ പേപ്പട്ടിയെപോലായി.
'ഇന്ന് ഞാന്‍ നാളെ നീ' ശവപ്പെട്ടിയിലെ വാചകം മനസ്സില്‍ തികട്ടി വന്നു. അല്ല, അങ്ങിനെയല്ല... അത് പാടില്ല....

'ഇന്ന് നീ നാളെ ഞാന്‍' ഇമ്മാനുവല്‍ ഉരുവിട്ടു. അതെ.. അതാണു ശരി.. അതുതന്നെയാവണം ശരി.. മനസ്സ് ഭ്രാന്തമായ അവസ്ഥയിലായിരുന്നു. തോമാച്ചന്‍ അപ്പോളും സാറയുടെ വര്‍ണ്ണന തുടര്‍ന്നുകൊണ്ടിരുന്നു. ഇമ്മാനുവലിനു എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. അയാള്‍ അറിയാതെ തന്നെ തോമാച്ചന്‍ കിടന്നിരുന്നതിന്റെ അടുത്ത സെറ്റിയിലെ കുഷ്യന്‍ അവേശത്തോടെ വാരിയെടുത്തു. ഒരു നിമിഷം അയാള്‍ പതറിയോ? ഇല്ല.. കുഷ്യന്‍ മൃദുവായി തോമാച്ചന്റെ മുഖത്ത് അമര്‍ത്തുമ്പോള്‍ ഇമ്മാനുവല്‍ ഒന്നു പുഞ്ചിരിച്ചു. ആ സമയം തല ചെറുതായൊന്നു പെരുത്തുവോ? തോന്നിയതാവാം... അതോ, തോമാച്ചന്റെ തല പെരുക്കുന്നുണ്ടാകുമോ..? പെരുക്കട്ടെ... തല മാത്രമല്ല അവന്‍ ആകെ പിടയട്ടെ... ഇമ്മാനുവല്‍ കൂടുതല്‍ ആവേശത്തോടെ അമര്‍ത്തി. തോമ ഒന്ന് കാലിട്ടടിച്ചു. പെട്ടെന്ന് തന്നെ നിശ്ചലനായി. അതു കഷ്ടമായി.. അല്‍പം കൂടി വേദനിപ്പിക്കണമായിരുന്നു. ഇമ്മാനുവല്‍ ഭ്രാന്തമായി ഒരിക്കല്‍ കൂടി അമര്‍ത്തി.

'ഇവിടെ ഞാന്‍ വിശ്രമിക്കുന്നു!' ഇമ്മാനുവല്‍ മനസ്സില്‍ പറഞ്ഞു.. ഒപ്പം തന്നെ കുരിശും വരച്ചു. പെട്ടന്നാണു അയാള്‍ക്ക് പരിസരബോധം വീണ്ടുകിട്ടിയത്... താന്‍ എന്താ ചെയ്തത്.. കൊലപാതകം... ആണോ? അല്ല.. തന്റെ ശിക്ഷ അല്‍പം കുറഞ്ഞുപോയ്യോ? എന്തോ... ഒന്നും അറിയില്ല.. അയാള്‍ വീട്ടിലേക്ക് ഓടി.. വിറക്കുന്നുണ്ടായിരുന്നെങ്കിലും എന്തുകൊണ്ടോ അയാളില്‍ ഒരു നിശ്ചയദാര്‍ഢ്യം ഉടലെടുത്തു. തെറ്റ് ചെയ്തിട്ടില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. അയാള്‍ വീട്ടിലേക്ക് വേഗത്തില്‍ ഓടി. പെട്ടിയില്‍ അല്‍പം കൂടി മിനുക്കുപണികള്‍... അയാളുടെ മനസ്സ് ബിസിനസ്സുകാരന്റേതായി. വിയര്‍ത്തുകുളിച്ചു വീട്ടിലെത്തിയ ഇമ്മാനുവല്‍ ശവപ്പെട്ടികള്‍ നിരത്തി വച്ചു. ഏറ്റവും ഭംഗിയുള്ളതില്‍ അല്‍പം കൂടി തൊങ്ങലുകള്‍....! വേണം.. ചത്തു കിടന്നാലും ചമഞ്ഞുകിടക്കണമെന്നാ ശാസ്ത്രം... പക്ഷെ, ഇത് ചത്തതാണൊ? താന്‍ കൊന്നതല്ലേ? അല്ല, ഇരന്നു വാങ്ങിയ മരണമാ.. അപ്പോള്‍ അല്‍പം ചമഞ്ഞോട്ടെ...

'ഇന്ന് ഞാന്‍ നാളെ നീ' ശവപ്പെട്ടി അയാളെ നോക്കി കൊഞ്ഞനം കുത്തി. ഇമ്മാനുവലിനു കലി കയറി... അവിടമാകെ കറുത്ത പെയിന്റ് കോരി തെച്ചു. വെള്ളപെയിന്റ് കൊണ്ട് ശവപ്പെട്ടിയില്‍ 'ഇവിടെ ഞാന്‍ വിശ്രമിക്കുന്നു' എന്നെഴുതി. ഇനി... കാത്തിരിക്കാം.. തോമാച്ചന്‍ മുതലാളിയുടെ വീട്ടിലേക്ക് പെട്ടിയെടുക്കാന്‍ ആളുവരും. വലിയ വിലപറയണം. കാശുകാരനല്ലേ! വലിയ വില പറഞ്ഞേ തീരൂ.. എന്റെ സാറായുടെ മാനത്തിനു വിലയിട്ട ആളല്ലേ..! അവനു ഞാന്‍ വിലയിട്ടേ തീരൂ.. കൊന്നതിന്റെ വിലയെങ്കിലും.. അയാളുടെ മനസ്സ് ഭ്രാന്തമായി..
ഇമ്മാനുവല്‍ പുരക്കകത്ത് കയറി നോക്കി. റാന്തല്‍ വിളക്കിന്റെ വെളിച്ചതില്‍ മകള്‍ തളര്‍ന്നുറങ്ങുന്നു. അയാള്‍ വിളക്കുമായി വരാന്തയില്‍ വന്നിരുന്നു. സമയം രാത്രിയായി.. ഇനിയും എന്താ ആരും വരാത്തത്? ഭയം തോന്നിതുടങ്ങുന്നു. എന്താണു താന്‍ ചെയ്തത്! കൊലപാതകം ...ഇല്ല...ഞാനല്ല അത് ചെയ്തത്.. എനിക്കതിനു കഴിയില്ല.. അത് ചെയ്യിച്ചത് ദൈവമാണു. അര്‍ഹിച്ച, അനിവാര്യമായ മരണം...

'അപ്പാ'
'ങേ, ഹാരാ..ശവപ്പെട്ടി തയ്യാറാണു' അയാള്‍ പുലമ്പി
'എന്താ അപ്പാ' സാറ അയാളുടെ മുഖം കണ്ട് ഭയപ്പെട്ടു.
'ങേ, നീയായിരുന്നോ? പോ...അകത്ത് പോ.. അല്ലെങ്കില്‍ നിന്നെയവര്‍... അകത്ത് പോ..' അയാള്‍ വിറച്ചുകൊണ്ട് അകത്തേക്ക് വിരല്‍ ചൂണ്ടി.
'അപ്പാ... എന്തുപറ്റിയപ്പാ... എന്തൊക്കെയാ ഈ പറേണേ.. എനിക്ക് പേടിയാവുന്നപ്പാ...'
'മോളെ.. അകത്തുപോ സാറാക്കുട്ടീ' അയാള്‍ ദയനീയമായി പറഞ്ഞു.
'ഇമ്മാനുവല്ലേട്ടനില്ലേ?' ആരോ വിളിച്ചത് കേട്ടിട്ട് അയാള്‍ പുറത്തിറങ്ങി.
'ങാ, ആരാ.. ശവപ്പെട്ടി റഡിയായിട്ടുണ്ട് ജോസഫേ' ആളെ മനസ്സിലാക്കിയ അയാള്‍ വിളിച്ചുപറഞ്ഞു.
'എന്താ ചേട്ടാ, പെട്ടി എന്തിനാ? ഓ തോമാച്ചന്‍ മരിച്ചത് ചേട്ടനറിഞ്ഞു അല്ലേ.. പക്ഷെ, ശവപ്പെട്ടി .. ആരാ ചേട്ടാ പെട്ടി ഓര്‍ഡര്‍ ചെയ്തത്?' ജോസഫ് വിസ്മയത്തോടെ ചോദിച്ചു.

'അല്ല... ഓര്‍ഡര്‍... ആരും ചെയ്തില്ല... എപ്പോളായാലും പെട്ടി ഞാന്‍ തന്നെയുണ്ടാക്കണ്ടേ ജോസഫേ' ഇമ്മാനുവല്‍ വിക്കി വിക്കി പറഞ്ഞു.
അല്ല ചേട്ടാ, തോമാച്ചന്റെ മകന്‍ അമേരിക്കയിലാണെന്ന് അറിയാമല്ലോ? അവനെ വിവരമറിയിച്ചപ്പോള്‍ വരാന്‍ സാധിക്കില്ല, സമയമില്ല എന്നാണു പറഞ്ഞത്...'
'അതും പെട്ടിയുമായി...' അയാള്‍ ധൃതിവച്ചു.
'അതെ, അതാണു പറഞ്ഞുവന്നത്. അവന്‍ 2 വര്‍ഷമായി അമേരിക്കയില്‍ അപ്പനുവേണ്ടി ശവപ്പെട്ടി വാങ്ങിവച്ചിട്ട്! ശീതീകരിച്ച പെട്ടിയാണതെ! ഒരെണ്ണത്തിനു എത്രയോ ഡോളറിന്റെ കണക്കുപറഞ്ഞു. പെട്ടി അടുത്ത വീമാനത്തില്‍ നാട്ടിലെത്തും. ആ പെട്ടിയുടെ പുറം ഭാഗം ഇതുപോലെ മരമൊന്നുമല്ല.. ലോഹമാണു..! ഓ, ശീതികരിച്ച ശവപ്പെട്ടി! എങ്കിലും മകന്‍ അപ്പനുവേണ്ടി രണ്ടുവര്‍ഷം മുമ്പ്...' ജോസഫിന്റെ വിശദീകരണം ശ്രദ്ധിക്കാന്‍ ഇമ്മാനുവലിനു കഴിഞ്ഞില്ല. മനസ്സ് ആകെ കലുഷിതമാണു.. എന്താണു താന്‍ കേട്ടത്... വയ്യ ...ഇത് സത്യമാണോ? അതോ.. ഞാന്‍... ഞാന്‍ എന്താണു ചെയ്തത്.. ഒരാളെ കോന്നില്ലേ? കൊന്നോ?... അതെ, പൈശാചികമായി.. എന്തിനു.. ജീവിക്കാനോ... ആവോ, വയ്യ എനിക്ക് ദാഹിക്കുന്നു . തൊണ്ട വരളുന്നു..
'എങ്കിലും ശീതികരിച്ച പെട്ടി...'
'ജോസഫേ, നീ പോ.. പോകാന്‍..' അയാള്‍ ക്ഷുഭിതനായി. ജോസഫ് അമ്പരന്നു. അയാള്‍ പേടിച്ചിറങ്ങിപ്പോയി. സാറ അപ്പനെ താങ്ങി മുറിയില്‍ കൊണ്ടുപോയി.
'മോളെ, നാളെകഴിഞ്ഞ് ക്രിസ്മസ്സ് അല്ലേ.. നമുക്ക് പുല്‍ക്കൂടുവേണ്ടേ? ഉണ്ണിയേശുവിനെ വരവേല്‍ക്കണ്ടേ? മോള്‍ക്ക് പുത്തന്‍ ഉടുപ്പു വാങ്ങേണ്ടേ?'
'അപ്പന്‍ അടങ്ങിക്കിടന്നേ'
'അല്ല മോളെ..'
അവള്‍ അപ്പനെ കമ്പിളികൊണ്ട് മൂടിയശേഷം പോയികിടന്നു.

ഇമ്മാനുവല്‍ പരിഭ്രമം കൊണ്ട് വിറക്കാന്‍ തുടങ്ങി. കണ്ണുകള്‍ ഇറുകെ പീട്ടി. തോമാച്ചന്‍ മുന്നില്‍ നിന്ന് പുഞ്ചിരിക്കുന്നു! അതോ.. പല്ലിറുമ്മുന്നതാണോ? തല പെരുക്കുന്നുണ്ട്. മുഖം വലിഞ്ഞു മുറുകുന്നു. വയ്യ... ഇമ്മാനുവല്‍ ചാടി എഴുന്നേറ്റു. കൈകള്‍ കൂട്ടിത്തിരുമ്മി മുറിയില്‍ അങ്ങോളമിങ്ങോളം നടന്നു. കാലുകള്‍ വേച്ച് പോകുന്നു. തോമാച്ചന്‍ പരിഹസിച്ച് ചിരിക്കുന്നത് പോലെ.. അതോ, അട്ടഹസിച്ചുകൊണ്ട് താണ്ഡവമാടുകയാണോ? സെറ്റിയിലെ ചുവന്ന കുഷ്യന്‍ തന്നെ നോക്കി പൊട്ടിക്കരയുന്നുണ്ടോ? എന്നെ എന്തിനു യൂദാസാക്കി എന്നു ചോദിക്കും പോലെ.. വയ്യ, ഹൃദയം നാലായി പിളരുന്നുണ്ടോ? അതിനു തനിക്ക് ഹൃദയമുണ്ടോ? ഈ തന്തയില്ലാ കഴുവേറിക്ക് ഹൃദയമുണ്ടോ? കൈകള്‍ക്ക് എന്താ ഒരു നീല നിറം.. ഒരാളെ കൊന്ന് വിഷലിപ്തമായ കൈകള്‍.. ഹോ... ഞാനെന്തിനതു ചെയ്തു. പക്ഷെ, ഞാന്‍ അതെങ്കിലും ചെയ്യേണ്ടേ? എന്റെ സാറക്ക് വേണ്ടി അതെങ്കിലും ചെയ്തില്ലെങ്കില്‍ ഞാന്‍ ഒരച്ഛനാണോ? അതു മാത്രമോ, അയാളുടെ മകന്‍ രണ്ടു വര്‍ഷമായി അപ്പന്റെ മരണവും കാത്ത് ശവപ്പെട്ടിയും വാങ്ങിവച്ച് കാത്തിരിക്കുന്നു. ആ ദുഷ്ടനോടെങ്കിലും ഞാന്‍ നീതിപുലര്‍ത്തിയില്ലേ? ഞാന്‍ ചെയ്തത് തെറ്റല്ല.. ആണോ?

ഇമ്മാനുവല്‍ ഉത്തരം കിട്ടാതെ വിവശനായി. തോമാച്ചനു വേണ്ടി മോടിയാക്കിയ ശവപ്പെട്ടി അയാളെനോക്കി ചിരിക്കുന്നതായി തോന്നി. തോന്നലാണോ? 'ഇവിടെ ഞാന്‍ വിശ്രമിക്കുന്നു' അക്ഷരങ്ങള്‍ പിടിച്ചുവലിക്കുന്നതുപോലെ... പെട്ടിയുടെ മൂടി ഒന്നനങ്ങിയോ? അതോ.. ഭ്രാന്തമായ ആവേശത്തോടെ അയാള്‍ മൂടി തള്ളിതാഴെയിട്ടു. എന്താണീ കാണുന്നത്.. അയ്യോ! പെട്ടിക്കുള്ളില്‍ ചോര! അല്ല, മഞ്ഞവെളിച്ചം വന്നു പെട്ടി മൂടും പോലെ.... ശവപ്പെട്ടിക്കകത്ത് എപ്പോഴാണു ഞാന്‍ കുരിശുവരച്ചത്! അയ്യോ, അത് കര്‍ത്താവിന്റെ ക്രൂശിതരൂപമല്ലേ! അതോ.. ഉണ്ണിയേശുവോ? എന്നെ മാടിവിളിക്കുന്നതുപോലെ, ങാ, ഞാനിതാ വരുന്നു തമ്പുരാനേ... അയാള്‍ പെട്ടിക്കരികില്‍ മുട്ടുകുത്തി നിന്നു. ബോധം മറയുന്നുണ്ട്. കണ്ണുകളില്‍ ഇരുട്ട് കയറുന്നതുപോലെ....... ഇമ്മാനുവല്‍ പെട്ടിക്കുള്ളിലേക്ക് മലര്‍ന്ന് വീണു.
'ഇവിടെ നീ വിശ്രമിക്കുന്നു' പെട്ടി ഒന്നു പുഞ്ചിരിച്ചില്ലേ? ഉവ്വ്. അയാളും പുഞ്ചിരിച്ചു. ഹാ... കര്‍ത്താവ് തന്നെ ആലിംഗനം ചെയ്യുന്നു. അയാള്‍ നിര്‍വൃതിയില്‍ കിടന്നു. കര്‍ത്താവിന്റെ ആലിംഗനത്തില്‍ മതിമറന്ന്...

രാവിലെ തന്നെ ആരുടെയോ വിളികേട്ടാണു സാറ ഉറക്കമുണര്‍ന്നത്. കണ്ണുതിരുമ്മി, ഉടുവസ്ത്രം നേരെയാക്കുന്നതിനിടയില്‍ തന്നെ ഉമ്മറത്ത് വന്ന സാറ കണ്ടത് കാക്കി ധരിച്ച പോലീസുകാരെയാണു. അവളുടെ ഉള്ളോന്ന് കാളി. വസ്ത്രം നേരെയാക്കാന്‍ അവള്‍ മറന്നു.
'അപ്പനില്ലേ കൊച്ചേ' ഏമാന്‍ ചോദിച്ചു.
'അപ്പന്‍....' അവള്‍ അവിടമാകെ കണ്ണുകൊണ്ട് പരതി. പുറത്തുപോയിരിക്കും. ഈയിടെ കുടിയല്‍പം കൂടുതലാ. സന്തോഷം വന്നാലും ശരി, സങ്കടം വന്നാലും ശരി. ഇതിപ്പൊ, ക്രിസ്മസ്സിന്റെ വേവലാതി തീര്‍ക്കാനാവും. അവള്‍ മനസ്സില്‍ കരുതി.
'അപ്പന്‍ പുറത്തുപോയെന്നാ തോന്നുന്നേ...' അവള്‍ ഭവ്യതയൊടേ പറഞ്ഞു.
'രാവിലെ തന്നെ മനുഷ്യനെ മെനക്കെടുത്താന്‍ ഓരോന്ന് പോന്നോളും. ഇവനോക്കെ ഈ കടപ്പുറമേ കിട്ടിയുള്ളോ ആത്മഹത്യ ചെയ്യാന്‍..' ഏമാന്‍ ചൊടിച്ചു.

'ഒരു ശവപ്പെട്ടി വേണമെന്ന് പറയാന്‍ വന്നതാ, അതിനിടയില്‍ ഇയാളിത്...'
'പെട്ടി ഇവിടെയുണ്ട് സാറേ...' അവള്‍ സന്തോഷത്തോടെ പറഞ്ഞു. ഒപ്പം ഒരുവനു ഇവിടെ വരെ വന്ന് ആത്മഹത്യ ചെയ്യാന്‍ തോന്നിപ്പിച്ചതിനു കര്‍ത്താവിനൊട് നന്ദി പറയുവാനും അവള്‍ മറന്നില്ല..
'എത്രയാ വില? അറിയാല്ലോ, ഇത് സര്‍ക്കാരു കാര്യാ..'
ശവപ്പെട്ടിക്ക് ആരുവന്നാലും നല്ല വിലപറയണമെന്ന് അപ്പന്‍ പറയാറുള്ളത് അവള്‍ ഓര്‍ത്തു. ഒരു വലിയ വില തന്നെ പറഞ്ഞു. ' എടീ, നീയാ ശവത്തിനുകൂടി വില പറയാണോ? കഴുവേറീടെ മോളെ, ഇത് സര്‍ക്കാരു കാര്യാന്നറിയാല്ലോ...' ഏമാന്‍ കണ്ണൂരുട്ടി.
'ഓ... സര്‍ക്കാരു കാര്യായതോണ്ട് ഒറ്റ പൈസ കുറക്കില്ലേമാനേ. നിങ്ങടെ സര്‍ക്കാരുപോലും ശവപ്പെട്ടിക്കു വലിയ വിലയീടാക്കി കീശ വീര്‍പ്പിക്കുന്നു. പിന്നാണോ ഈ പാവങ്ങള്‍! നിങ്ങടെ ഏമാന്മാര്‍ നാടിനുവേണ്ടി മരിച്ചവര്‍ക്ക് ശവപ്പെട്ടി വാങ്ങിയതിനു കമ്മീഷന്‍ വാങ്ങിയ തുക വച്ചുനോക്കുമ്പോള്‍, നാട്ടുകാര്‍ക്കും, വീട്ടുകാര്‍ക്കും വേണ്ടാതെ ആത്മഹത്യ ചെയ്ത ഒരാളുടെ ശവത്തിനായി ഈ പെട്ടിക്ക് ഞാന്‍ പറഞ്ഞ വില കൂടുതലല്ലേമാനേ.' അവള്‍ സധൈര്യം പറഞ്ഞു.

കാര്യം ശരിയാണെന്ന് തോന്നിയ ഏമാന്‍ പിന്നീട് തര്‍ക്കിക്കാന്‍ നിന്നില്ല. നിന്നെ പിന്നെ കണ്ടോളാം എന്ന് പറഞ്ഞ് കണ്ണൂരുട്ടി പറഞ്ഞ തുകയെണ്ണിക്കൊടുത്തു. വാങ്ങിയ കാശിനോടുള്ള ആത്മാര്‍ത്ഥതകൊണ്ടോ, അതോ.. മരിച്ച ആളോട് ഒരു നിമിഷത്തേക്കു തോന്നിയ ബഹുമാനം കൊണ്ടോ, മിനുക്കുപണികള്‍ തീര്‍ത്ത് അപ്പന്‍ ഭംഗിയാക്കിയിരുന്ന പെട്ടി അവള്‍ ചൂണ്ടിക്കാട്ടി. പെട്ടി തുറന്ന പോലീസുകാര്‍ ഞെട്ടി പിറകോട്ടു മാറി. അവര്‍ രൂപയെണ്ണീതിട്ടപ്പെടുത്തുന്ന സാറയെ പകപ്പോടെ നോക്കി.
'എടീ, നായിന്റെ മോളെ, ഈ ശവത്തിനും കൂടിയാണോടി നീ വിലയിട്ടത്?' ഏമാന്‍ അവളുടെ മുടിക്കുകുത്തി പിടിച്ചു.

ഒരു നിമിഷം... സാറ നടുങ്ങിപ്പോയി. തന്റെ പ്രിയപ്പെട്ട അപ്പന്‍ കൈകള്‍ വിടര്‍ത്തി മലര്‍ന്നു കിടക്കുന്നു. അവള്‍ നിലത്തിരുന്നുപോയി. ചുരുട്ടിയ നോട്ടുകളുമായി അവള്‍ അപ്പന്റെ കൈ കവര്‍ന്നു. കൈകള്‍ തണുത്ത്, മരവിച്ചിരിക്കുന്നു. വാവിട്ടു കരയുമ്പോള്‍ അപ്പന്റെ കണ്ണുകള്‍ തുറിച്ചിരിക്കുന്നതായി അവള്‍ക്ക് തോന്നി. കഴുത്തില്‍ ബലം പ്രയോഗിച്ചതിന്റെ പാടുകള്‍ പോലെ... ശവപ്പെട്ടിയുടെ മൂടിയിലെ വാചകങ്ങള്‍ അവളെ നോക്കി പല്ലിളിച്ചു. 'ഇവിടെ ഞാന്‍ വിശ്രമിക്കുന്നു' അപ്പന്‍ വെളുത്ത പെയിന്റ് കൊണ്ടല്ലേ അതെഴുതിയത്? പക്ഷെ, ഇപ്പോളതിനു ചുവപ്പുനിറമാണല്ലോ? അതിനു ചോരയുടെ ഗന്ധം! അയ്യോ, അപ്പന്‍ തന്നെ വിളിച്ചോ! അല്ല, അപ്പന്റെ കരച്ചിലല്ലേ കേള്‍ക്കുന്നത്... അപ്പന്‍ കരയുകയാ... ദയനീയമായി. അപ്പാ... എന്തു പറ്റിയപ്പാ... ചുവരിലെ ക്രൂശിത രൂപത്തില്‍ നിന്നും ചോര അപ്പന്റെ മുഖത്ത വീണു! കണ്ണില്‍ നിന്നും വാര്‍ന്നൊഴുകുന്ന ചോര ക്രൂശിതനായ പിതാവിന്റെയല്ലേ?

'അപ്പാ..' അവള്‍ ഭ്രാന്തമായി അലറി. നോട്ടുകള്‍ കൈയില്‍ നിന്നും പറന്ന് ശവപ്പെട്ടിയുടെ മുകളില്‍ വീണു.
'ഇവിടെ ഞാന്‍ വിശ്രമിക്കുന്നു'
ശവപ്പെട്ടിക്ക് നിശ്ചയിച്ച വില... അത്, അപ്പന്റെ ശവത്തിന്റേതു കൂടിയാണോ? ശവപ്പെട്ടിയില്‍ കിടന്ന് അപ്പന്‍ തുറിച്ചുനോക്കുന്നു. അപ്പനു മുകളില്‍ നോട്ടുകള്‍ വിശ്രമിക്കുന്നു.
'നീയെന്റെ ശവത്തിനു വിലപറഞ്ഞല്ലോ? ഓ.. ഇതെന്റെ പാപത്തിന്റെ ശമ്പളം. മുപ്പത് വെള്ളിക്കാശ്.... അതോ, നിന്റെ മാനം കാത്തതിനുള്ള കൂലിയോ?' ആരോ അവളോടങ്ങിനെ പറഞ്ഞുവോ? ആരാണത്?
കര്‍ത്താവോ....! യൂദാസോ......! അതോ, അപ്പന്‍ തന്നെയോ.....!
അപ്പോളേക്കും ഏമാന്മാരുടെ പിടുത്തം മുടിക്കുത്തില്‍ നിന്നും അവളുടെ മടിക്കുത്തിലേക്ക് മാറിയിരുന്നു. വയറ്റിലെ മാംസളമായ ഞൊറിവുകളില്‍ ഏമാന്‍ അമര്‍ത്തിയപ്പോള്‍.... ശവപ്പെട്ടിയിലെ തൊങ്ങലുകളുടെ ഞൊറിവുകള്‍ അവളെ പ്രത്യാശയോടെ നോക്കുന്നുണ്ടായിരുന്നു...


is loading comments...