Home GM Special Archive Gulfmalayaly.com
<<HOME

ഖത്തറിലെ മലയാളം ബ്ലോഗേഴ്സ്സ് സംഗമം
ജി എന്‍ എന്‍

ബ്ലോഗെഴുത്തുകാരുടെ പങ്കാളിത്തം കൊണ്ടും ചര്‍ച്ചയോടുള്ള ഗൗരവപരമായ സമീപനം കൊണ്ടും ഖത്തറിലെ പ്രവാസികളായ മലയാളം ബ്ലോഗെഴുത്തുക്കാരുടെ സംഗമം ശ്രദ്ധേയമായി. ക്വാളിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ 40 ഓളം ബ്ലോഗേഴ്‌സ് പങ്കെടുത്തു. ഇത് അഞ്ചാം തവണയായിരുന്നു ഖത്തര്‍ ബ്ലോഗേഴ്‌സ് സംഗമിക്കുന്നത്. ഇന്നത്തെ പല കവിതകളും വായനക്കാരിലേക്ക് ഇറങ്ങിച്ചെന്ന് സംവദിക്കുന്നില്ല എന്നും ഇത് മുഖ്യമായും കവിയുടെ പരാജയമാണെന്ന് പറഞ്ഞ സംഗമം കവി കാണുന്ന അര്‍ത്ഥങ്ങളിലേക്ക് വായനക്കാരന് ഇറങ്ങി ചെല്ലാന്‍ സാധിച്ചാല്‍ അത് കവിയുടെയും കവിതയുടെയും വിജയമാണെന്നും വിലയിരുത്തുകയുണ്ടായി. ബ്ലോഗ് പോസ്റ്റുകള്‍ വലിച്ചു നീട്ടി എഴുതാതെ കുറുക്കിയെഴുതാനും, എഴുത്തില്‍ അശ്ലീലം ഒഴിവാക്കി വായനക്കാര്‍ക്ക് എന്തെങ്കിലും സന്ദേശമെത്തിക്കാനും ശ്രമിക്കണമെന്നും അതു പോലെ സൃഷ്ടികള്‍ വായിച്ചുകൊണ്ടായിരിക്കണം അതിനു കമേന്റ് എഴുതേണ്ടതെന്നും സദസില്‍ നിന്നും അഭിപ്രായങ്ങള്‍ ഉണ്ടായി.

ഔദ്യോഗികമായ യാതൊരു ഉപചാരങ്ങളുമില്ലാതെ ഖത്തറിലെ മലയാളം ബ്ലോഗേഴ്‌സ്സൊന്നിച്ച് ഒരു കൂട്ടമായി മീറ്റിനു തുടക്കം കുറിക്കുകയായിരുന്നു.ആദ്യമായി ഓരോരുത്തരെയും പരിചയപ്പെടുത്തലായിരുന്നു. പരിചയപ്പെടുത്തല്‍ അസീസ് മഞ്ഞിയിലിലൂടെ തുടങ്ങി ദിനകരനിലൂടെ മുഹമ്മദ് സഗീറിലൂടെ ദീപകിലൂടെ സിദ്ധിക്ക് തൊഴിയൂരിലൂടെ സ്മിതയിലൂടെ ബിജുവേട്ടനിലൂടെ മനോഹരനിലൂടെ എ ആര്‍ നജീമിലൂടെ മറ്റു ധാരാളം പേരിലൂടെയും സഞ്ചരിച്ച് ചാണ്ടിക്കുഞ്ഞില്‍ അതവസാനിച്ചു. കവിതകളുമായി ബന്ധപ്പെട്ടുയര്‍ന്ന ചില സംസാരങ്ങള്‍ കുറച്ചു സമയത്തേക്ക് ശബ്ദമുഖരിതമായി തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നമ്മുടെ എഴുത്തുകളില്‍ കാര്യമാത്ര പ്രസക്തമായ വിഷയങ്ങളെ കൈകാര്യം ചെയ്തു കൊണ്ട് ഈ സംവിധാനത്തിന്റെ ജീവനെ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ സവിസ്തരം പങ്കുവെച്ചു. വായിക്കപ്പെടുന്നവയില്‍ സത്യസന്ധമായി അഭിപ്രായം കുറിക്കുന്നതിന് സൗഹൃദം ഒരു തടസ്സമായി വരരുതെന്നും, നിര്‍ബന്ധമായും സത്യസന്ധമായ വിലയിരുത്തലുകള്‍ ഉണ്ടാകണമെന്നും അത് നമ്മുടെ വായനാ നിലാവരത്തെ ഉയര്‍ത്തുമെന്നും എഴുത്തിനെ മെച്ചപ്പെടുത്തുമെന്നുമുള്ള അഭിപ്രായങ്ങള്‍ക്ക് എല്ലാവരും യോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. പരിചയത്തിലുള്ള മറ്റു എഴുത്തുകാരിലേക്കും ബ്ലോഗിനെ പരിചയപ്പെടുത്തുന്നതിനും അതിന്റെ സാങ്കേതിക വശങ്ങളെ പഠിപ്പിക്കുന്നതിനും സഹായകമാകുന്ന തരത്തില്‍ ഒരു ശില്പശാല സംഘടിപ്പിക്കുവാനും തത്വത്തില്‍ അംഗീകാരമായി.

വരും നാളുകളില്‍ ഞങ്ങള്‍ക്ക് സാദ്ധ്യമാകുന്ന അളവില്‍ സേവന പ്രവര്‍ത്തങ്ങളില്‍ സജീവമാകാനുള്ള ഒരു തീരുമാനവും കൈകൊണ്ടിട്ടാണ് ഖത്തറിലെ മലയാളം ബ്ലോഗേഴ്സ്സ് പിരിഞ്ഞത്. സംഗമത്തിന് വേണ്ടി അക്ഷീണം പ്രയത്‌നിച്ചത് ഇസ്മായീല്‍ കുറവമ്പടി, ശ്രദ്ധേയന്‍, രാമചന്ദ്രന്‍ വെട്ടിക്കാട്, സുനില്‍ പെരുമ്പാവൂര്‍ മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ തുടങ്ങിയ ബ്ലോഗര്‍മാരാണ്. ഏപ്രില്‍ 17ന് തുഞ്ചന്‍പറമ്പില്‍ നടക്കുന്ന കേരളാ ബ്ലോഗ് മീറ്റിനോടനുബന്ധിച്ചിറങ്ങുന്ന ബ്ലോഗ് സ്മരണികക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച സംഗമം പുതിയ ബ്ലോഗെഴുത്തുകാര്‍ക്കായി ഒരു ശില്പശാല സംഘടിപ്പിക്കാന്‍ തിരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://qatar-bloggers.blogspot.com സന്ദര്‍ശിക്കുക.