എമിറേറ്റ്​സ്​ ലോ​ട്ടോ അടിമുടി മാറ്റങ്ങളോടെ തിരിച്ചുവരുന്നു

mahzooz

ദുബൈ: ഏറ്റവുമധികം സമ്മാനത്തുക വാഗ്ദാനം ചെയ്യുന്ന യു.എ.ഇയിലെ ആദ്യ കലക്ടബ്ള്‍ സ്‌കീമായ എമിറേറ്റ്‌സ് ലോട്ടോ അടിമുടി മാറ്റത്തോടെ തിരിച്ചുവരുന്നു. ഭാഗ്യം എന്നര്‍ഥം വരുന്ന ‘മഹ്‌സൂസ്’ എന്ന പേരുമായാണ് ലോട്ടോയുടെ പുതിയ വരവ്. ഈ മാസം 21ന് രാത്രി ഒമ്പതിന് ഉദ്ഘാടന നറുക്കെടുപ്പ് നടത്തുമെന്ന് സംഘാടകരായ ഇ- വിങ്ങ്‌സ് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പഴയ തുകയായ 35 ദിര്‍ഹം തന്നെയായിരിക്കും ഇക്കുറിയും ഒരു കാര്‍ഡിന് ഈടാക്കുക. ആറു നമ്പറുകളും ഒത്തുവരുന്നവര്‍ക്ക് അഞ്ചുകോടി ദിര്‍ഹം വരെ സമ്മാനം ലഭിക്കും. മൂന്നു നമ്പറുകള്‍ വരെ ഒത്തുവന്നാല്‍ 35 ദിര്‍ഹം തിരികെ ലഭിക്കും. www.mahzooz.ae എന്ന വെബ്‌സൈറ്റിലൂടെയാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.

നറുക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ പങ്കാളികളാവുന്നത് ഇന്ത്യക്കാരാണെന്നും മലയാളികള്‍ നിരവധിയുണ്ടെന്നും ഇ-വിങ്‌സ് കോ സി.ഇ.ഒമാരായ തെരേസ സ്റ്റാര്‍, ഫരീദ് സാംജി എന്നിവര്‍ പറഞ്ഞു. അതിനാല്‍ തന്നെ നറുക്കെടുപ്പില്‍ മറ്റു ഭാഷകള്‍ക്കൊപ്പം മലയാളത്തിലും വിവരണം നല്‍കുന്നത് പരിഗണനയിലാണ്.
50 വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 47,500 പേര്‍ കഴിഞ്ഞ ഡ്രോയില്‍ പങ്കെടുത്തെന്നും 14 കോടി ദിര്‍ഹം ഇവര്‍ക്ക് സമ്മാനമായി നല്‍കിയെന്നും അവര്‍ അറിയിച്ചു. ഇതില്‍നിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ച് വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നു. ‘മഹ്‌സൂസ്’ വഴി കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നതായും അവര്‍ അറിയിച്ചു.