ദോഹ: കഴിഞ്ഞ വര്‍ഷം എക്കാലത്തേയും കുറഞ്ഞ നിലയിലേക്ക് കൂപ്പു കുത്തിയ എണ്ണവില വീണ്ടും മഹാമാരിക്കു മുമ്പത്തെ നിലയിലേക്ക് എത്തി. എണ്ണയുടെ ഡിമാന്റ് ഇപ്പോഴും സാധാരണയിലും കുറഞ്ഞ നിലയിലാണെങ്കിലും കോവിഡ് വാക്സിന് വ്യാപമായി വിതരണം ചെയ്തു തുടങ്ങിയതോടെയാണ് സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചതിലും വേഗത്തിലായത്.
കഴിഞ്ഞ ഏതാനും മാസത്തിനിടെ 50 ശതമാനം വര്‍ധന രേഖപ്പെടുത്തിയ എണ്ണവില ബാരലിന് 60 ഡോളറിലെത്തി. എണ്ണവിലയുടെ പ്രധാന അടിസ്ഥാനമായ ബ്രെന്റ് ക്രൂഡ് മികച്ച വളര്‍ച്ചയാണ് അടുത്ത കാലത്ത് നേടിയത്. അവധി വ്യാപാരം നവംബറിന് ശേഷം 59 ശതമാനമാണ് വളര്‍ച്ച നേടിയത്. കൊറോണ വൈറസ് പിന്മാറുന്നു എന്ന സൂചനയാണ് സാമ്പത്തിക മേഖല തിരിച്ചു കയറാനും എണ്ണയുടെ ഡിമാന്‍ഡ് വര്‍ധിക്കാനും കാരണമായതെന്ന് സിംഗപ്പൂരിലെ ഓയില്‍ മാര്‍ക്കറ്റ് ഡാറ്റ കമ്പനിയായ വന്ദ ഇന്‍സൈറ്റ്സ് സ്ഥാപക വന്ദന ഹരി പറഞ്ഞു.