ജൂണ്‍ ഒന്നു മുതല്‍ അറ്റ്​ലാന്‍റയിലേക്ക് സര്‍വീസ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: ജൂണ്‍ ഒന്നു മുതല്‍ അമേരിക്കയിലെ അറ്റ്‌ലാന്റയിലേക്ക് വിമാന സര്‍വീസ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. ആഴ്ചയില്‍ നാല് സര്‍വിസുകളാണ് ദോഹ-അറ്റ്‌ലാന്റ സെക്ടറില്‍ ഖത്തര്‍ എയര്‍വേസ് പ്രവര്‍ത്തിക്കുക. അതോടൊപ്പം ആഴ്ചയില്‍ അധിക 13 സര്‍വിസുകള്‍ കൂടി ഖത്തര്‍ എയര്‍വേസ് ഉള്‍പ്പെടുത്തുന്നതോടെ അമേരിക്കയിലെ 12 നഗരങ്ങളിലേക്കായി ആഴ്ചയിലെ സര്‍വിസുകളുടെ എണ്ണം 83 ആയി വര്‍ധിക്കും.

അതേസമയം കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ സര്‍വിസ് നടത്തുന്ന ഏറ്റവും വലിയ രാജ്യാന്തര വിമാന കമ്പനിയായി ഖത്തര്‍ എയര്‍വേസ് മാറി. ബോസ്റ്റണ്‍, ഷികാഗോ, ഡാളസ് ഫോര്‍ട്ട് വര്‍ത്ത്, ഹ്യൂസ്റ്റണ്‍, ലോസ് ആഞ്ജലസ്, മിയാമി, ന്യൂയോര്‍ക്, ഫിലഡെല്‍ഫിയ, സാന്‍ഫ്രാന്‍സിസ്‌കോ, വാഷിങ്ടണ്‍ ഡി.സി, സിയാറ്റില്‍ എന്നീ നഗരങ്ങളിലേക്കാണ് നിലവില്‍ ഖത്തര്‍ എയര്‍വേസ് ദോഹയില്‍നിന്നും സര്‍വിസ് നടത്തുന്നത്.