പുതിയ പേരുമായി സമൂഹ മാധ്യമമായ ഫേസ്ബുക്ക് റീബ്രാന്‍ഡ് (Facebook rebranding) ചെയ്യാനൊരുങ്ങുന്നതായി റിപോര്‍ട്ട്. സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റമെന്ന് ദി വെര്‍ജ്(the verge) റിപോര്‍ട്ട് ചെയ്യുന്നു. ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സമൂഹമാധ്യമങ്ങളിലൊന്നാണ് ഫേസ്ബുക്ക്. 2021 ലെ കണക്കുകള്‍ പ്രകാരം നിലവില്‍ ഫേസ്ബുക്കിന് 190 കോടി ആക്ടീവ് യൂസേഴ്സുണ്ട്.
ഒക്ടോബര്‍ 28 ന് നടക്കുന്ന കമ്പനിയുടെ കോണ്‍ഫറന്‍സിലായിരിക്കും പേര് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. എന്നാല്‍ ഇതിനും മുമ്പേ പേര് മാറ്റമുണ്ടായേക്കുമെന്ന വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തു. കമ്പനിയുടെ ബിസിനസ് സമ്പ്രദായങ്ങളില്‍ യുഎസ് ഗവണ്മെന്റിന്റെ വര്‍ധിച്ചുവരുന്ന പരിശോധന നേരിടുന്ന സമയത്താണ് പേര് മാറ്റത്തിന് കമ്പനി തയ്യാറെടുക്കുന്നത്.
അതേ സമയം, ഇതേക്കുറിച്ച് ഫേസ്ബുക്ക് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഊഹാപോഹങ്ങളെക്കുറിച്ച് പ്രതികരിക്കില്ല എ്നാണ് ഇതേക്കുറിച്ച് ഫേസ്ബുക്ക് പറഞ്ഞത്.
ഫേസ്ബുക്ക് എന്ന പേര് നിലനില്ക്കും?
എന്നാല്‍, ഇതിനകം ജനങ്ങള്‍ ഏറ്റെടുത്ത കഴിഞ്ഞ ഫേസ്ബുക്കിന്റെ പേര് അതുപോലെ തന്നെ നിലനിര്‍ത്താനാണ് സാധ്യത. പകരം പുതിയൊരു കമ്പനി സ്ഥാപിച്ച് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ്, ഒക്കുലസ് തുടങ്ങിയവയെ അതിന് കീഴിലാക്കുമെന്നാണ് സൂചന. നേരത്തേ ഗൂഗിള്‍ ഇതുപോലെ ചെയ്തിരുന്നു. സ്ഥാപനത്തിന്റെ പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2015ല്‍ ആല്‍ഫബെറ്റ് എന്ന കമ്പനിയുണ്ടാക്കി ഗൂഗിളിനെയും മറ്റ് അനുബന്ധ ഉല്‍പ്പന്നങ്ങളെയും അതിന് കീഴിലാക്കുകയായിരുന്നു.
മെറ്റാവേഴ്സിലേക്കുള്ള ചുവടുവയ്പ്പ്
ജനങ്ങളെ വെര്‍ച്വല്‍ ലോകത്ത് പരസ്പരം സംവദിക്കാന്‍ അവസരമൊരുക്കുന്ന മെറ്റാവേഴ്സ് എന്ന് വിപ്ലവകരമായ മാറ്റത്തിലേക്കാണ് ഫേസ്ബുക്കും ചുവട് വയ്ക്കാനൊരുങ്ങുന്നത്.
ഉപയോക്താക്കള്‍ വെര്‍ച്വല്‍ യൂണിവേഴ്സിന് പുറത്ത് പോകാതെ തന്നെ ജീവിക്കുകയും മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുമെന്ന ആശയമാണിത്. കമ്പനിയുടെ ഒക്കുലസ് വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകളും സേവനവും പ്രസ്തുത ആശയം സാക്ഷാത്കരിക്കുന്നതില്‍ നിര്‍ണായകമാണ്.
ഇതിനോടകം തന്നെ ഫേസ്ബുക്ക് വെര്‍ച്വല്‍ റിയാലിറ്റി (വി.ആര്), ഓഗ്മെന്റ്ഡ് റിയാലിറ്റി (ഒ.ആര്) എന്നീ നൂതനസാങ്കേതിക വിദ്യകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ജൂലൈ മുതലാണ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് മെറ്റാവേഴ്സ് എന്ന പദത്തെ കുറിച്ചുള്ള സംസാരങ്ങള്‍ക്ക് തുടക്കമിട്ടത്.
ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കുന്ന ‘ഷെയേര്‍ഡ് വെര്‍ച്വല്‍ സ്പേസ്’ ആണ് മെറ്റാവേഴ്സ്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക് ഈ വെര്‍ച്വല്‍ ലോകത്ത് പ്രവേശിക്കാനാവും. ഓരോരുത്തര്‍ക്കും വെര്‍ച്വല്‍ രൂപമുണ്ടാവും. പരസ്പരം കാണാനും സംസാരിക്കാനും സാധിക്കും.
നോവലിലെ ആശയം യാഥാര്‍ത്ഥ്യമാവുന്നു
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഡിസ്റ്റോപിയന്‍ നോവലിലാണ് മെറ്റാവേഴ്സ് എന്ന പദമാദ്യം ഉപയോഗിക്കുന്നത്. ടെക് ഭീന്മാരായ മൈക്രോസോഫ്റ്റും മറ്റും ഈ പദത്തെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ആദ്യമൊക്കെ ഹാര്‍വാര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം അംഗത്വം നല്‍കിയിരുന്ന ഫേസ്ബുക്ക് ഇന്ന് ആഗോളതലത്തിലേറെ ശ്രദ്ധയാകര്‍ഷിച്ച സമൂഹ മാധ്യമം കൂടിയാണ്.
ALSO WATCH