ഞാന്‍ അമിതമായി കാശ് ചെലവാക്കും; സമ്പാദ്യശീലം വളര്‍ത്തിയത് ഭാര്യ: ആസിഫ് അലി

യുവമനസുകളുടെ ഇഷ്ടതാരമാണ് ആസിഫ് അലി. കഥ തുടരുന്നു എന്ന സിനിമ മുതല്‍ ഇങ്ങോട്ട് എത്രയോ കഥാപാത്രങ്ങള്‍ ആസിഫ് വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കി. അഭിമുഖങ്ങളില്‍ തന്റെ ജീവിതത്തിലെ കാര്യങ്ങളെല്ലാം ആസിഫ് തുറന്നുപറയാറുണ്ട്.

തന്റെ സിനിമകളുടെ അഭിപ്രായം അറിയണമെങ്കില്‍ ഭാര്യ സമയോടു ചോദിച്ചാല്‍ കൃത്യമായി പറയുമെന്ന് ആസിഫ് അലി. സുഹൃത്തുക്കള്‍ പോലും അഭിപ്രായങ്ങള്‍ പറയുന്നത് എനിക്ക് ഫീല്‍ ചെയ്യുമോ എന്നൊക്കെ ചിന്തിച്ചാണ്. പക്ഷേ, സമ അങ്ങനെയല്ല. ഇഷ്ടപ്പെട്ടില്ലെങ്കില്‍ തുറന്നു പറയും. പണ്ട്, എനിക്ക് ഡാന്‍സ് ചെയ്യുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു. അത് ആദ്യം കളിയാക്കിയത് സമയാണ്. അവളുടെ കളിയാക്കല്‍ കൊണ്ടാണു ഞാനതു ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട്, അതു തിരുത്തി നന്നാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.

എന്റെ കൂടെയിരുന്ന് സിനിമ കണ്ട് ഞാന്‍ പല സ്ഥലത്തും ഫെയ്ക്ക് ചെയ്തുവെന്ന് മനസിലാക്കിത്തരുന്നതും സമയാണ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും എന്റെ ഗൈഡ് സമയാണ്. ഞാന്‍ അമിതമായി കാശ് ചെലവാക്കുന്ന ആളായിരുന്നു. എന്നില്‍ സമ്പാദ്യശീലം വളര്‍ത്തിയത് സമയാണ്.

തീരെ ചെറുപ്പത്തില്‍ സിനിമയിലെത്തിയ ആളാണ് ഞാന്‍. പണം കിട്ടിത്തുടങ്ങിയപ്പോള്‍ എങ്ങനെ ചെലവാക്കണമെന്ന് അറിയില്ലായിരുന്നു. പക്ഷേ, സമ എന്റെ ജീവിതത്തിലേക്കു വന്നുകഴിഞ്ഞപ്പോള്‍ ആകെ മാറി. വിവാഹത്തോടെ ആസിഫ് എന്ന വ്യക്തി പുതിയൊരാളാകുകയായിരുന്നുവെന്നും ആസിഫ്.