ഐജിടിവിയെ കുഴിച്ചുമൂടാന്‍ ഇന്‍സ്റ്റഗ്രാം; ഇനി റീല്‍സ് ഒഴികെയുള്ളതെല്ലാം ഇന്‍സ്റ്റഗ്രാം വീഡിയോ

Instagram IGtv

ഐജിടിവി(IGTV) എന്ന പേര് ഒഴിവാക്കാന്‍ ഇന്‍സ്റ്റഗ്രാം(Instagram) തീരുമാനിച്ചു. ഐജിടിവിയേയും ന്യൂസ് ഫീഡ് വീഡിയോകളേയും ‘ഇന്‍സ്റ്റാഗ്രാം വീഡിയോ'(Instagram video) എന്ന പേരില്‍ ഒന്നിപ്പിക്കാനാണ് പദ്ധതി. ഇതിനായി ഉപഭോക്താവിന്റെ പ്രൊഫൈലില്‍ പുതിയ വീഡിയോ ടാബ് അവതരിപ്പിക്കും.

ദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്കായി 2018ല്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ച പ്രത്യേക ആപ്ലിക്കേഷനാണ് ഐജിടിവി. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ന്യൂസ് ഫീഡിലും ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ളവ ഐജിടിവിയിലും നല്‍കുക എന്നതായിരുന്നു കമ്പനിയുടെ പദ്ധതി. യുട്യൂബിനോട് മല്‍സരിക്കാന്‍ ലക്ഷ്യമിട്ട് ഐജിടിവിക്ക് വേണ്ടി പ്രത്യേകം ആപ്ലിക്കേഷനും ഒരുക്കിയിരുന്നു.

2020ല്‍ റീല്‍സ് കൂടി അവതരിപ്പിച്ചതോടെ ഇന്‍സ്റ്റഗ്രാമില്‍ ന്യൂസ് ഫീഡ് വീഡിയോ, റീല്‍സ് വീഡിയോ, ഐജിടിവി വീഡിയോ എന്നിങ്ങനെ മൂന്ന് തരം വീഡിയോ ഫോര്‍മാറ്റുകള്‍ സൃഷ്ടിക്കപ്പെട്ടു. ഇത് ഒഴിവാക്കാനാണ് ന്യൂസ് ഫീഡ് വീഡിയോയും ഐജിടിവിയും ഒന്നിപ്പിക്കുന്നത്. ചെറുവീഡിയോകള്‍ മുതല്‍ ദൈര്‍ഘ്യമേറിയ വീഡിയോകള്‍ വരെ ന്യൂസ് ഫീഡില്‍ പങ്കുവെക്കാനാവും. അതേസമയം തന്നെ റീല്‍സ് പ്രത്യേക വിഭാഗമായി തുടരും.

ടിക് ടോക്കുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് ഇന്‍സ്റ്റഗ്രാം റീല്‍സ് സേവനം തുടങ്ങുന്നത്. ഇതിന്റെ വരവോടെ ഫോട്ടോ ഷെയറിങ് ആപ്പ് എന്ന നിലയില്‍ നിന്ന് മാറി വീഡിയോ ആപ്പ് ആയി മാറാനുള്ള ശ്രമത്തിലാണ് കമ്പനി. അതേസമയം ഐജിടിവി ആപ്പിനെ ഇന്‍സ്റ്റഗ്രാം ടിവി ആപ്പ് എന്ന് പേര് മാറ്റുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്‍സ്റ്റഗ്രാമിലെ വീഡിയോ ഉള്ളടക്കങ്ങളില്‍ നിന്നും പരസ്യ വരുമാനം നേടാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിനു വേണ്ടി ക്രിയേറ്റര്‍മാരെ പ്രോല്‍സാഹിപ്പിക്കാന്‍ വരും വര്‍ഷം മുതല്‍ ഇന്‍സ്റ്റഗ്രാമിലെ വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് പ്രതിഫലം നല്‍കുമെന്നാണ് ഫെയ്‌സ്ബുക്കിന്റെ പ്രഖ്യാപനം.