1) കർഷക സമരമോ സ്വന്തന്ത്ര്യ പോരാട്ടമോ ആയിരുന്നുവെങ്കിൽ ഹിന്ദുക്കളായ കർഷകരും കുടിയാന്മാരും പങ്കെടുക്കാതിരുന്നതെന്തു കൊണ്ട്?
ഹിന്ദുക്കളിൽ ജാതിവ്യവസ്ഥ കർശനമായി പാലിയ്ക്കപ്പെട്ടിരുന്ന, സവർണ്ണന് അവർണ്ണൻ്റെ ജീവിതത്തിൻ്റെ സമസ്തമേഖലയിലും സമ്പൂർണ്ണമായ ആധിപത്യം നിലനിന്ന അന്നത്തെ സാമൂഹിക ചുറ്റുപാടിൽ ജന്മിമാർക്കെതിരെ സായുധകലാപം പോയിട്ട് തമ്പ്രാന് മുന്നിൽ നിവർന്ന് നിന്ന് സംസാരിയ്ക്കാൻ എത്ര അവർണ്ണഹിന്ദുക്കൾ ധൈര്യപ്പെടുമായിരുന്നു? കിട്ടുന്നത് വാങ്ങി സ്വന്തം കാര്യം നോക്കുകയും അധികാരസ്ഥാനത്തുള്ള ജന്മിയുടെയും ബ്രിട്ടീഷ്കാരൻ്റെയും പ്രീതിയ്ക്കായി സമരം ചെയ്ത മാപ്പിളമാരെ ഒറ്റുകൊടുക്കുകയും ചെയ്തവരാണ് മിക്ക ഹിന്ദു കർഷകരും എന്ന് എം.ഗംഗാധരൻ്റെ Malabar Rebellion എന്ന പുസ്തകത്തിൽ നിന്ന് മനസിലാക്കാം. ഇതേ ചോദ്യത്തെ ഇഎംഎസ് മറ്റൊരു രീതിയിൽ സമീപിയ്ക്കുന്നുണ്ട്. ജാതിയുടെയും അന്ധവിശ്വാസങ്ങളുടെയും പേരിൽ വിഘടിച്ചു നിന്ന ഹിന്ദുക്കളേക്കാൾ ഒറ്റക്കെട്ടായി ബ്രിട്ടീഷ്-ജന്മി ആധിപത്യങ്ങൾക്കെതിരെ പോരാടാൻ കൂട്ടപ്രാർത്ഥനകളും മതപ്രബോധനങ്ങളും മാപ്പിളമാരെ കൂടുതൽ സജ്ജരാക്കി എന്ന് അദ്ദേഹം ‘A Short History of Kerala’s Peasant Revolt’ എന്ന പുസ്തകത്തിൽ നിരീക്ഷിയ്ക്കുന്നു (page 10). അടിമത്തവും വിധേയത്വവും അപകർഷതയും മതവിശ്വാസത്തിൻ്റെ രൂപത്തിൽ പിന്നോട്ട് വലിച്ച ഹിന്ദു കർകനെക്കാൾ അനീതിയ്ക്കും വിവേചനത്തിനും എതിരെ ശബ്ദമുയർത്തിയിട്ടുണ്ടാവുക സമഭാവന മൂലതത്വമാക്കിയ ഇസ്ലാമിൻ്റെ പാത പിന്തുടർന്ന മാപ്പിള കര്ഷകനാവും എന്നത് സാമാന്യബുദ്ധിയിൽ ചിന്തിച്ചാൽ തന്നെ മനസ്സിലാക്കാമല്ലോ.
2). ജന്മിമാർക്കും ബ്രിട്ടീഷുകാർക്കും എതിരെ സമരം ചെയ്തവർ ഹിന്ദുക്കളിലെ ദരിദ്രരായ അവർണരെ എന്തിന് കൊന്നുതള്ളി?
ഇതിനുള്ള ഉത്തരം മേൽ സൂചിപ്പിച്ച ഉത്തരത്തിൽ തന്നെയുണ്ട്. അധികാരവർഗ്ഗത്തിൻ്റെ (ജന്മിമാരും ബ്രിട്ടീഷുകാരും) ചൂഷണങ്ങളോട് നിസ്സംഗത പുലർത്താൻ ജനിച്ചകാലം മുതൽ ശീലിച്ച ഹിന്ദുക്കളിലെ കീഴ്ജാതിക്കാർ ഒരു ഘട്ടത്തിൽ മാപ്പിളമാർ ഉയർത്തിയ ശക്തമായ പ്രതിരോധത്തെ ഒറ്റു കൊടുത്തും അധികാരികളുടെ ദയാവായ്പുകൾ നേടാൻ ശ്രമം നടത്തിയതായി ഇഎംഎസ് മേൽ സൂചിപ്പിച്ച പുസ്തകത്തിൽ പറയുന്നു (page 11). സമരത്തെ പട്ടാളത്തിന് ഒറ്റു കൊടുത്തവർക്ക് മാപ്പിളമാർ വിധിച്ച ശിക്ഷ മരണം തന്നെ.
3). ജന്മിമാർ ഹിന്ദുക്കൾ മാത്രമല്ലായിരുന്നു, അപ്പോൾ മുസ്ലിം ജന്മിമാരെ എന്ത് കൊണ്ട് ലഹളക്കാർ കൊന്നില്ല?
മലബാറിൽ അന്നുണ്ടായിരുന്ന 86 ജന്മിമാരിൽ 84 പേർ ഹിന്ദുക്കൾ ആയിരുന്നു എന്ന് കെ.മാധവൻ നായരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നെ ഏത് മുസ്ലിം ജന്മിയുടെ കാര്യമാണ് ഇവർ പറയുന്നത്? ഇപ്പറഞ്ഞ രണ്ടു മുസ്ലിം ജന്മിമാരിൽ ഒരാളായിരുന്ന മണ്ണാടൻ മൊയിതീൻകുട്ടിയുടെ അനുഭവവും ചരിത്രത്തിൽ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്.
4). തുവ്വൂർ കിണർ നിരപരാധികളായ ഹിന്ദുക്കളുടെ മാത്രം ശവങ്ങൾ കൊണ്ട് നിറഞ്ഞത് എന്ത് കൊണ്ട്?
ഒന്നാമതായി തുവ്വൂരിൽ കൊലചെയ്യപ്പെട്ടവരുടെ ആധികാരികമായ കണക്കുകൾ ഇപ്പോഴും ലഭ്യമല്ല. രണ്ടാമത് കൊല്ലപ്പെട്ടവർ ഹിന്ദുക്കൾ മാത്രമെന്നത് സംഘ പരിവാർ പറഞ്ഞു പരത്തുന്ന നുണയാണ്. ബ്രിട്ടീഷുകാരെ സഹായിച്ച മുസ്ലീങ്ങളെയും കൊന്നതായി രേഖകളുണ്ട്. പിന്നെ, അവിടെ കൊലചെയ്യപ്പെട്ടവർ എല്ലാം നിരപരാധികൾ ആയിരുന്നു എന്നതും ഹിന്ദുത്വപ്രചാരകരുടെ കാടടച്ച വെടിയാണ്. പട്ടാളത്തിന് വിവരം കൈമാറിയ കോൺസ്റ്റബിൾ കുമാര പണിയ്ക്കരെ ഇമ്പിച്ചിക്കോയ തങ്ങളുടെ നേതൃത്വത്തിൽ വധിച്ച വിവരം കെ.മാധവൻ നായരുടെ പുസ്തകത്തിലും (page 207) റിച്ചാർഡ് ഹിച്കൊക്കിൻ്റെ ‘A History of Malabar Rebellion’ എന്ന പുസ്തകത്തിലും (page 287) രേഖപ്പെടുത്തിയിരിയ്ക്കുന്നു. ഇരു സമുദായങ്ങളിലും പെട്ട ജന്മിമാർ, ഒറ്റുകാർ, മറ്റ് ബ്രിട്ടീഷ് ആശ്രിതർ എന്നിവരുടെ കുഴിമാടമായി തുവ്വൂർ കിണർ മാറി എന്നതാണ് സത്യം. പിന്നെ കാര്യങ്ങൾ ഈ കിണർ വരെ എത്തിച്ചത് എന്താണെന്നും ഒന്ന് പരിശോധിയ്ക്കുന്നത് നന്നായിരിയ്ക്കും. സംഭവം നടക്കുന്നതിന് കുറച്ചു ദിവസങ്ങൾ മുൻപ് ബ്രിട്ടീഷ് പോലീസും പട്ടാളവും ചേർന്ന്, ചില ഹിന്ദുക്കളുടെ സഹായത്തോടെ, മുസ്‌ലിം ഭവനങ്ങൾ ചുട്ടു ചാമ്പലാക്കുകയും സ്ത്രീകളെ ബലാൽക്കാരം ചെയ്യുകയും ചെയ്ത സംഭവം റോബർട്ട് ഹാർഡ്‌ഗ്രേവ് എഴുതിയ പുസ്തകത്തിൽ വിവരിയ്ക്കുന്നുണ്ട്. പട്ടാളം പിന്മാറിയ ഉടനെ ഈ സംഭവത്തിന് മാപ്പിളമാർ ഹിന്ദുക്കളോട് കണക്ക് തീർത്തതാണ് തുവൂർ കൊലകൾ എന്നതും പ്രബലമായ ഒരു വാദമാണ്. കൊല്ലപ്പെട്ടവരെ അപമാനിച്ചു എന്ന നിലവിളി പ്രതീക്ഷിച്ചു കൊണ്ട് തന്നെ പറയട്ടെ, തുവ്വൂരിൽ കൊല ചെയ്യപ്പെട്ടവർ സംഘ പരിവാർ പാടിപ്പുകഴ്ത്തുന്നത് പോലെ മനുഷ്യസ്നേഹികളോ മാടപ്പിറാവുകളോ ആയിരുന്നില്ല എന്നത് പുസ്തകം വായിച്ചിട്ടുള്ളവർക്ക് വ്യക്തമാണ്.
5) ഗാന്ധി, അംബേദ്‌കർ, ആശാൻ, ആനി ബസന്റ് ഇവരൊക്കെ മലബാർ കലാപത്തെ ഹിന്ദു വംശഹത്യ എന്ന് വിളിച്ചല്ലോ, അതോ?

ഗാന്ധി ഒരിയ്ക്കലും ഖിലാഫത്തിനെയോ മലബാർ സമരത്തെയോ പൂർണ്ണമായും തള്ളിപ്പറഞ്ഞിട്ടില്ല, അതിൽ വന്ന മാർഗ്ഗഭ്രംശത്തെയാണ് തള്ളിപ്പറഞ്ഞത്. മറ്റു മൂന്നു പേർ അതിനെ ഹിന്ദു വംശഹത്യ എന്ന് അടച്ചാക്ഷേപിച്ചു എന്നത് സത്യം. അഹിംസയിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ഗാന്ധി തൻ്റെ സമരങ്ങൾ രാജ്യത്തിൻ്റെ ഏതെങ്കിലും ഭാഗത്ത് അക്രമത്തിലേക്ക് വഴുതി മാറിയപ്പോഴെല്ലാം അതിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ആധുനികരാഷ്ട്രീയ നേതൃത്വങ്ങളെപ്പോലെ സ്വന്തം അണികൾക്ക് വഴി തെറ്റിയപ്പോഴൊന്നും അക്രമത്തിന് ന്യായീകരണങ്ങൾ കണ്ടെത്താനോ പോലീസിനെ പഴിയ്ക്കാനോ ഗാന്ധി ശ്രമിച്ചിരുന്നില്ല. ചൗരിചൗര സംഭവത്തിന് ശേഷം ഗാന്ധി നിസ്സഹകരണ പ്രസ്ഥാനം തന്നെ പിരിച്ചു വിട്ടത് ഇതിനുള്ള ഉത്തമ ദൃഷ്ടാന്തമാണ്. ഖിലാഫത് സമരം അക്രമത്തിലേയ്ക്ക് തെന്നിമാറി നിരവധി കൊലപാതകങ്ങളിലേയ്ക്ക് ചെന്നെത്തിയപ്പോൾ ഇതേ നയം തന്നെ അദ്ദേഹം സ്വീകരിച്ചു എന്നതിൽ കവിഞ്ഞു മലബാറിൽ മുസ്ലീങ്ങൾ ഇസ്ലാമിക രാഷ്ട്രം സ്ഥാപിയ്ക്കാനായി ഹിന്ദുക്കളെ മുൻനിശ്ചയപ്രകാരം കൂട്ടക്കൊല ചെയ്തു എന്ന സംഘ പരിവാർ വാദം ഗാന്ധി ശരി വെച്ചു എന്നൊന്നും അതിന് അർത്ഥമില്ല. കൂട്ടത്തിൽ ഒന്ന് കൂടി സൂചിപ്പിയ്ക്കട്ടെ, സമരം ജന്മിമാർക്ക് എതിരായി മാറിയതാണ് അതിനെ തള്ളിപ്പറയാൻ ഗാന്ധിയെ പ്രേരിപ്പിച്ചത് എന്നൊരു പ്രചാരണവും ഇപ്പോൾ നടക്കുന്നുണ്ട്. ഇതും വാസ്തവവിരുദ്ധമാണ് എന്ന് പറയാതെ വയ്യ. കാരണം ദേശീയപ്രസ്ഥാനത്തിലേക്ക് ഗാന്ധി കാലെടുത്തു വെച്ചത് തന്നെ ബിഹാറിലെ ചമ്പാരനിൽ കർഷകരുടെ അവകാശങ്ങൾക്കായുള്ള ജന്മിവിരുദ്ധ സമരത്തിന് നേതൃത്വം നൽകിക്കൊണ്ടാണ്.
ഖിലാഫത്തിനെ സ്വാതന്ത്ര്യസമരവുമായി കൂട്ടിയിണക്കാൻ ഗാന്ധി തീരുമാനിച്ചപ്പോൾ കോൺഗ്രസിൽ അതിനെ ഏറ്റവും ശക്തിയായി എതിർത്തവരുടെ മുൻപന്തിയിൽ അംബേദ്കറും ആനി ബെസന്റുമായിരുന്നു എന്നത് നാം മറന്നു കൂടാ. ഖിലാഫത്തിൽ തലവെച്ചു കൊടുക്കുന്നത് സ്വാതന്ത്ര്യസമരത്തെ ഇസ്ലാമിസ്റ്റ് ശക്തികൾ ഹൈജാക്ക് ചെയ്തുകൊണ്ട് പോകാൻ വഴിവെക്കുമെന്ന് ഇരുവരും ശക്തിയായി വാദിച്ചു. സമരത്തിൻ്റെ ഗതി അക്രമത്തിൽ കലാശിച്ചപ്പോൾ ഇവർ രണ്ടു പേരും ആദ്യം ചെയ്തത് തങ്ങളുടെ എതിർപ്പ് വകവെയ്ക്കാതെ ഖിലാഫത്തുമായി ചങ്ങാത്തം സ്ഥാപിച്ച ഗാന്ധിയെ പ്രതിക്കൂട്ടിലാക്കാൻ ആ അവസരം ഉപയോഗിയ്ക്കുക എന്നതാണ്. ഇവരുടെ രണ്ടു പേരുടേതുമായി വന്നിട്ടുള്ള കുറിപ്പുകൾ (അംബേദ്കറുടെ Pakistan or the Partition of India, സി.ശങ്കരൻ നായരുടെ Gandhi and Anarchy എന്ന പുസ്തകത്തിലെ ആനി ബസന്റ് എഴുതിയ Malabar’s Agony എന്ന അദ്ധ്യായം) ഒരേപോലെ അക്രമത്തിൻ്റെ എല്ലാ ഉത്തരവാദിത്വവും ഗാന്ധിയ്ക്ക് മേൽ ചുമത്തുന്നതായിരുന്നു. ഗാന്ധിയ്ക്ക് ഹിന്ദു-മുസ്ലിം ഐക്യത്തോടുള്ള മതിഭ്രമത്തിൻ്റെ തിക്തഫലമെന്നാണ് അംബേദ്‌കർ ദുരന്തത്തെ വ്യാഖ്യാനിച്ചത്. “Mr. Gandhi was so much obsessed by the necessity of establishing Hindu-Muslim unity” (Pakistan or the Partition of India, p.158) എന്നതായിരുന്നു അംബേദ്‌കർ ഉപയോഗിച്ച വാക്കുകൾ. മാത്രമല്ല, മതം അനുശാസിയ്ക്കുന്ന രീതിയിൽ ഹിന്ദുക്കളെ കൊന്നുതള്ളിയ മാപ്പിളമാരെ ദൈവഭയമുള്ളവർ എന്ന് ഗാന്ധി പ്രശംസിച്ചതായും അദ്ദേഹം ആരോപിയ്ക്കുന്നു. അംബേദ്‌കർ ഉപയോഗിച്ച വാക്കുകൾ ഇതാ: ” He spoke of the Moplahs as the “brave God-fearing Moplahs who were fighting for what they consider as religion and in a manner which they consider as religious” (Pakistan or the Partition of India, p.158). അംബേദ്കറും ഗാന്ധിയും തമ്മിൽ ഉണ്ടായിരുന്ന വലിയ അഭിപ്രായഭിന്നതകളും ആനി ബസന്റിന് 1918ൽ കോൺഗ്രെസ്സിൻ്റെ അധ്യക്ഷസ്ഥാനം നഷ്ടപ്പെട്ടതുൾപ്പടെ പാർട്ടിയിൽ പ്രാധാന്യം കുറഞ്ഞതും ഗാന്ധി നേതൃത്വത്തിലേയ്ക്ക് കടന്ന് വന്നപ്പോഴാണെന്നതും നാം ഇവിടെ മറക്കാതിരിയ്ക്കുക.

കുമാരൻ ആശാൻ ഹിന്ദു വംശഹത്യയെക്കുറിച്ചു ദുരവസ്ഥയിൽ എഴുതിയത് മുസ്ലിം കലാപകാരികളെ പ്രകോപിപ്പിച്ചു എന്നും ആ വിരോധത്തിൽ അവർ അദ്ദേഹത്തെ ബോട്ടപകടത്തിൽപെടുത്തി കൊന്നുകളഞ്ഞു എന്നതുമാണ് സംഘ പരിവാറിൻ്റെ ഏറ്റവും പുതിയ കള്ളക്കഥ. ഇക്കാര്യങ്ങളെക്കുറിച്ചു ഒൻപത് പതിറ്റാണ്ട് ഇവരാരും ഒന്നും മിണ്ടിയിരുന്നില്ല എന്നിടത്തു തന്നെ ആരോപണത്തിൻ്റെ സത്യാവസ്ഥ വെളിവാകുന്നു. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ഒരു കവിത എഴുതി എന്നത് ആശാനെ മലബാർ കലാപത്തെക്കുറിച്ചു ആധികാരികമായി എഴുതാൻ കഴിയുന്ന ചരിത്രകാരനാക്കുന്നില്ല. നാട്ടിലെ പല പ്രമാദമായ കൊലപാതകങ്ങളെക്കുറിച്ചും സിനിമകൾ നിർമ്മിയ്ക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, സിനിമാ തിരക്കഥ വായിച്ച് പോലീസ് ഒരു സംഭവത്തിലും യഥാർത്ഥ കൊലപാതകിയെ പിടിച്ചിട്ടില്ല. സിനിമയും കവിതയും എല്ലാം കലാസൃഷ്ടികളാണ്, സംഭവത്തിൻ്റെ എഫ് ഐ ആർ അല്ല. പിന്നെ, ദുരവസ്ഥയിൽ കുമാരനാശാൻ മുസ്ലീങ്ങളെയും മഹത്തായ ഒരു ജനമുന്നേറ്റത്തെയും പ്രതിക്കൂട്ടിൽ നിർത്തുകയും അത് അന്നത്തെ ബ്രിട്ടീഷ് ഭരണകൂടത്തിന് ഗുണകരമായി ഭവിയ്ക്കുകയും ചെയ്ത അതേ വർഷം തന്നെ അവർ ആശാന് പട്ടും വളയും മഹാകവി എന്ന പേരും നൽകി ആദരിച്ചത് സംഘ പരിവാറിന് വെറും യാദൃശ്ചികത മാത്രമാകുമെങ്കിലും ചിന്താശേഷിയെ മതഭ്രാന്ത് പൂർണ്ണമായും കീഴടക്കിയിട്ടില്ലാത്തവർക്ക് അങ്ങനെയാവുമോ? അങ്ങനെ, ആംഗലേശ്വരൻ്റെ കൃപാവായ്‌പിനാൽ മഹാകാവ്യം എഴുതാതെ മഹാകവിപ്പട്ടം നേടിയ ആദ്യത്തെയും അവസാനത്തെയും മലയാളകവിയായി ആശാൻ മാറി എന്നതും ചരിത്രം.
മലബാർ കലാപം അക്രമാസക്തമാകാനുള്ള കാരണം ഖിലാഫത്-നിസ്സഹകരണ പോരാളികളുടെ അഹിംസയിൽ ഊന്നിയ സമരങ്ങൾക്ക് നേരെ ബ്രിട്ടീഷ് പോലീസും പട്ടാളവും നടത്തിയ അതിരുവിട്ട ക്രൂരതകളും പീഡനമുറകളും ആയിരുന്നു എന്ന് കെ.പി.കേശവമേനോൻ അദ്ദേഹത്തിൻ്റെ കഴിഞ്ഞകാലം എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട് (page 117). സംഘ പരിവാർ ഇന്ന് മലബാർ കലാപത്തെ ഹിന്ദുക്കൾക്കു നേരെ നടന്ന മാപ്പിള അഴിഞ്ഞാട്ടമായും ഹിന്ദു കൂട്ടക്കൊലയായുമൊക്കെ അപനിർമ്മിയ്ക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ ചരിത്രത്തെ തലകീഴായി നിർത്തലാണ്. കുറഞ്ഞത് 10,000 മാപ്പിളമാർ കൊല്ലപ്പെടുകയും അത്രതന്നെ മാപ്പിളമാർ നാട് കടത്തപ്പെടുകയും ചെയ്യപ്പെട്ട (എം ഗംഗാധരൻ്റെ പുസ്തകത്തിൽ നിന്ന്) ഒരു പോരാട്ടത്തെയാണ് സംഘ പരിവാർ ഹിന്ദു വംശഹത്യയാക്കി പൊതുബോധത്തിലേയ്ക്ക് തള്ളിവിടുന്നത് എന്നത് വിരോധാഭാസത്തെക്കാൾ വ്യാജചരിത്രരചനാഭാസമല്ലേ? ഭാരതസ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രൗഢോജ്ജ്വലമായ ഒരു അദ്ധ്യായമായ മലബാർ കലാപത്തെ ഹിന്ദുവിരോധികളായ മുസ്ലീങ്ങൾ മാപ്പിളസ്ഥാൻ സ്ഥാപിയ്ക്കുവാൻ നടത്തിയ ഹിന്ദു വംശഹത്യയാക്കി വളച്ചൊടിയ്ക്കാൻ സദാ ശ്രമിയ്ക്കുന്ന ക്ഷുദ്രശക്തികൾ ഒന്നോർക്കുക – ചരിത്രം ഏകമുഖമുള്ളതോ ഏകദിശയിൽ സഞ്ചരിയ്ക്കുന്നതോ ആയ ഒരു നേർരേഖയല്ല.