മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ചലച്ചിത്രത്തിന് ആശംസകളുമായി ബോളിവുഡ് തരാം അമിതാഭ് ബച്ചന്. മഹാനായ മോഹന്‍ലാല്‍ ആദ്യമായി സംവിധായകനായ ബറോസിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു അമിതാഭ് ബച്ചന്റെ കുറിപ്പ്. ട്വിറ്ററിലും ഫേസ്ബുക്കിലും മലയാളത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. ആശംസകള്‍ക്ക് മോഹന്‍ലാല്‍ മറുപടിയും നല്കി. ‘താങ്കളുടെ ആശംസ വളരെ നന്ദിയോടെ ഞാന്‍ സ്വീകരിക്കുന്നു. ആ വാക്കുകള്‍ ഞാന്‍ എന്നും ഹൃദയത്തോട് ചേര്‍ത്ത് വെക്കും. താങ്കളുടെ അനുഗ്രഹങ്ങളും എന്നും എനിക്ക് പ്രചോദനമായിരിക്കും. അങ്ങയോടുള്ള എന്റെ ബഹുമാനവും ആരാധനയും തുടരും. വളരെ നന്ദി’ മോഹന്‍ലാല്‍ കുറിച്ചു.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രമായ ‘ഭൂത’ത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്ന പ്രത്യേകതയും ബറോസിനുണ്ട്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ബറോസ് സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കും. ത്രീ ഡിയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്.