ബോളിവുഡിലെ താരസുന്ദരിമാര്‍ തെന്നിന്ത്യന്‍ സിനിമകളിലേക്കു ചേക്കേറുന്ന ട്രെന്‍ഡ് കൂടുന്നതായി പുറത്തുവരുന്ന വാര്‍ത്തകള്‍. തെലുങ്ക്, തമിഴ് ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ബോളിവുഡ് താരറാണിമാര്‍ നായികമാരാകുന്നു. ദീപിക പദുകോണ്‍, കിയാര അദ്വാനി, ജാന്‍വി കപൂര്‍ തുടങ്ങിയവരാണ് വിവിധ സിനിമകളില്‍ കരാറായിരിക്കുന്നത്. ഇവരുടെ വരവോടെ തെലുങ്കിലേക്കും തമിഴിലേക്കും കൂടുതല്‍ ബോളിവുഡ് നടിമാരെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. മലയാളത്തിലേക്കും ബോളിവുഡ് നടിമാരുടെ വരവുണ്ടാകുമെന്ന് ചില പുതു സംവിധായകര്‍ പറയുന്നു.
നാഗ് അശ്വിന്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന പേരിടാത്ത തെലുങ്കു ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത് ദീപിക പദുകോണ്‍ ആണ്. സി. അശ്വിനി ദത്ത് നിര്‍മിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാനകഥാപാത്രമാകുന്നു. ദീപികയെക്കൂടാതെ ബോളിവുഡ് താരം ദിഷ പഠാനിയും പ്രഭാസ് ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ദീപിക പദുകോണിന്റെ ആദ്യ തെലുങ്കു ചിത്രമാണിത്. കന്നഡയിലൂടെയാണ് താരം സിനിമാലോകത്തേക്കു പ്രവേശിക്കുന്നത്. കൊച്ചടിയാന്‍ എന്ന തമിഴ് ചിത്രത്തില്‍ രജനികാന്തിന്റെ നായികയായിട്ടുണ്ട് ദീപിക. ആദ്യ തെലുങ്കു ചിത്രത്തില്‍ ദീപികയുടെ പ്രതിഫലം പത്തു കോടി രൂപയാണ്. ദീപികയുടെ പ്രതിഫലത്തുക അറിഞ്ഞ് തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തു സജീവമായിനില്‍ക്കുന്ന താരങ്ങളുടെ നെറ്റി ചുളിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പ്രോജക്ട് കെ എന്ന പേരില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം അടുത്തവര്‍ഷം ജനുവരിയില്‍ തിയേറ്ററുകളിലെത്തും.