Director Lal Jose | ഒരു വീട്ടില്‍ റേഡിയോ വച്ച് എല്ലാവരും ഒന്നിച്ചു പാട്ടു കേള്‍ക്കുന്ന രീതിയായിരുന്നു കുട്ടിക്കാലത്ത്: ലാല്‍ ജോസ്

ലയാളത്തിലെ ജനപ്രിയ സംവിധായകന്മാരില്‍ ഒരാളാണ് ലാല്‍ ജോസ് (Director Lal Jose). വ്യത്യസ്തമായ ശൈലിയിലൂടെ, വിഷയവൈവിധ്യങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ചലച്ചിത്രകാരന്‍. മഹാവിജയങ്ങളും പരാജയങ്ങളുമൊക്കെ ചേര്‍ന്നതാണ് ലാല്‍ ജോസിന്റെ സംവിധായകന്റെ ജീവിതം. മീശമാധവന്‍, ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്‌മേറ്റ്‌സ് തുടങ്ങി വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍.

അടുത്തിടെ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ കുട്ടിക്കാലത്തെക്കുറിച്ചു പറഞ്ഞ വാക്കുകള്‍ അക്കാലത്തെ മലയാളി ബാല്യത്തിന്റെ ചരിത്രം കൂടിയാണ്:

1960കളുടെ അവസാനത്തില്‍ ജനിച്ച തലമുറയാണ് എന്റേത്. ടെലിവിഷന്‍ വരുന്നതിനു മുമ്പുള്ള തലമുറയാണ്. ഞങ്ങളുടെ കുട്ടിക്കാലത്ത് ടി.വി ഇല്ലായിരുന്നു. റേഡിയോ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട്, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി.വി വരുന്നു. തുടര്‍ന്ന് കളര്‍ ടി.വി വരുന്നു. പിന്നീട് വി.സി.ആര്‍ വന്നു, ലാന്‍ഡ് ഫോണ്‍ വന്നു. പേജര്‍ വന്നു, മൊബൈല്‍ വന്നു, സ്മാര്‍ട്ട് ഫോണ്‍ വന്നു. സി.ഡിയില്‍ നിന്ന് പെന്‍െ്രെഡവിലേക്ക് മാറി. അങ്ങനെയങ്ങനെ.. എന്തെല്ലാം മാറ്റങ്ങള്‍. സിനിമയുടെ സാങ്കേതിവിദ്യയിലും വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദിനംപ്രതി പുതിയ മാറ്റങ്ങള്‍ വരുന്നു.

ഒരു വീട്ടില്‍ റേഡിയോ വച്ച് എല്ലാവരും ഒന്നിച്ച് പാട്ടു കേള്‍ക്കുന്ന രീതി മാറി, ഒരു വീട്ടില്‍ ഹെഡ്‌ഫോണ്‍ വച്ച് കുടുംബാംഗങ്ങള്‍ വിവിധ പാട്ടുകള്‍ കേള്‍ക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. അവനവനിലേക്കു ചുരുങ്ങുന്നതായി തോന്നും. ടെക്‌നോളജി വരുത്തിയ മാറ്റം മനുഷ്യരുടെ അപ്രോച്ചിലും ആറ്റിറ്റിയൂഡിലും സംഭവിച്ചിട്ടുണ്ട്. ഇവര്‍ക്കിടയിലേക്ക് വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമയാണ് നമുക്ക് ചെയ്യാന്‍ കഴിയുക.

എല്ലാ സിനിമകളും കാണുന്ന ആളാണ്. പുതിയ ആളുകളുടെ സിനിമ വിട്ടുപോകാതെ കാണാന്‍ ശ്രമിക്കാറുണ്ട്. സംവിധായകന്‍, അസിസ്റ്റന്റ് ഡയറക്ടര്‍, അസോസിയേറ്റ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സിനിമയുമായി അത്രയും പരിചയമാണ് എനിക്കുള്ളത്. പുതിയ സാങ്കേതികവിദ്യകള്‍ പഠിക്കാനും സിനിമയില്‍ ഉപയോഗിക്കാനും എന്നും ശ്രമിക്കുന്ന ആളാണ് ഞാന്‍.
പുതിയ സിനിമകളുടെ അപ്രോച്ചില്‍ മാറ്റം വന്നിട്ടുണ്ട്. ആറ്റിറ്റിയൂഡിലും മാറ്റങ്ങള്‍ കാണാം. സബ്ജക്ടില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല. പ്രതീക്ഷയുള്ളവര്‍ പുതിയ തലമുറയിലുണ്ട്.