ഓസ്ട്രേലിയയിലെ വിക്ടോറിയയ്ക്കു സമീപം ലാന്‍സ്ഫീല്‍ഡിലെ വനമേഖലയില്‍ നിന്നു ബരാക്കിനെ നാട്ടുകാര്‍ കണ്ടെത്തുമ്പോള്‍ ചെമ്മരിയാടാണെന്ന് മനസ്സിലാക്കാനേ കഴിഞ്ഞില്ല. ദേഹം മുഴുവന്‍ കട്ടിപിടിച്ച ഭീമന് കമ്പിളി മൂടിയ ഒരു സത്വം. ചിലര്‍ക്ക് ആകാശത്തു നിന്ന് ഏതോ മേഘം ഇറങ്ങി വന്ന് മണ്ണില്‍ കിടക്കുകയാണെന്നു തോന്നി. ഇതെന്തു ജീവിയാണെന്ന ആശ്ചര്യത്തിലായവര്ക്ക് വനം വകുപ്പ് അധികൃതര്‍ ചെറുതായി ഒന്നു പരിശോധിച്ചപ്പോള്‍ ബെരാക്ക് ഒരു ചെമ്മരിയാടാണെന്ന് അറിഞ്ഞപ്പോള്‍ മൂക്കത്തൊന്ന് വിരല്‍ വെച്ചു. ദീര്‍ഘകാലമായി മുറിച്ചു നീക്കാത്തതിനാല്‍ 35 കിലോ കമ്പിളിയാണ് അവന്റെ ദേഹത്തു കുന്നുകൂടി വളര്‍ന്നത്. മുഖത്തേക്കും കമ്പിളിരോമം വളര്‍ന്നതിനാല്‍ കാഴ്ചയ്ക്കും തകരാറുണ്ടായിരുന്നു. ഈ വലിയ ഭാരം കാരണം നേരെ നടക്കാന്‍ പോലുമാകാത്ത സ്ഥിതിയിലായിരുന്നു.അതേസമയം ബരാക്കിന്റെ ദേഹത്തു നിന്നെടുത്ത കമ്പിളി ഉപയോഗിച്ച് ഏകദേശം 62 സ്വെറ്ററുകളുണ്ടാക്കാം, അല്ലെങ്കില്‍ 490 ജോടി സോക്സുകള്‍.
ഏതോ ഫാമില്‍ വളര്‍ത്തിയിരുന്ന ബരാക്ക് 5 വര്‍ഷം മുന്‍പ് അവിടെ നിന്നു ഓടി രക്ഷപ്പെട്ടാണ് കാട്ടിലെത്തിയതെന്നാണു കരുതപ്പെടുന്നത്. അന്നു മുതല്‍ അവന്റെ ശരീരത്തില്‍ കമ്പിളി വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ചെവിയില്‍ ഏതു ഫാമിലേതാണെന്നു വ്യക്തമാക്കിയുള്ള അടയാളമുണ്ടായിരുന്നെങ്കിലും അന്നു മുതല്‍ അവന്റെ ശരീരത്തില്‍ വളര്‍ന്ന് കമ്പിളി രോമം ഉരഞ്ഞതിനാല്‍ അതു നഷ്ടമായി. അതിനാല്‍ ഓസ്ട്രേലിയയിലെ മൃഗസംരക്ഷണ കേന്ദ്രമായ എഡ്ഗാര്‍ സാങ്ച്വറിയിലേക്ക് അവനെ മാറ്റി.
ഏതായാലും കിട്ടിയ ഉടനെ തന്നെ ബരാക്കിന്റെ കമ്പിളി വെട്ടുകയാണ് ആദ്യം ചെയ്തത്. ഒരു മണിക്കൂറോളം ചെലവിട്ടാണ് അവന്റെ ശരീരത്തില്‍ നിന്നുള്ള കമ്പിളി പ്രത്യേക കത്രിക ഉപയോഗിച്ചാണ് നീക്കം ചെയ്തത്. ജഡപോലെ കട്ടിപിടിച്ചിരുന്ന കമ്പിളിക്കുള്ളില്‍ ചുള്ളിക്കമ്പുകള്‍, മുള്ളുകള്‍, ചെള്ളുകള്‍, പുഴുക്കള്‍, മറ്റു കീടങ്ങള്‍ എന്നിവയൊക്കെയുണ്ടായിരുന്നു.കമ്പിളി നീക്കം ചെയ്തപ്പോള്‍ ഇവയില്‍ പലതും പുറത്തുചാടി. കമ്പിളി പോയതോടെ നന്നേ മെലിഞ്ഞു ക്ഷീണിതനായ ബരാക്കിനെ മരുന്നുകള്‍ കലക്കിയ വെള്ളത്തില്‍ ഒരു കുളി കൂടിയായതോടെ ഉഷാറായി.