അടുത്തിടെ നടന്ന ഏറ്റവും വലിയ താര വിവാഹമായിരുന്നു കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും ആഡംബര വിവാഹം. രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോട്ടല്‍ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന എന്ന ആഡംബര റിസോര്‍ട്ടിലായിരുന്നു മൂന്ന് ദിവസം നീണ്ട ഇരുവരുടേയും വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 120 പേര്‍ക്കായിരുന്നു ക്ഷണം. എന്നാൽ ചടങ്ങിൽ പങ്കെടുത്ത ആർക്കും ചിത്രങ്ങളെടുക്കാനുള്ള അനുവാദമുണ്ടായിരുന്നില്ല. തുടർന്ന് വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇരുവരും നേരത്തെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് മുന്നോട്ടിയായി നടന്ന ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങളും (Haldi Pics) സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് കത്രീനയും വിക്കിയും.
‘ഈ നിമിഷത്തിലേക്ക് ഞങ്ങളെ എത്തിച്ചതിന് ഞങ്ങളുടെ ഹൃദയത്തില്‍ നന്ദിയും സ്നേഹവും മാത്രം. ഞങ്ങള്‍ ഒരുമിച്ചുള്ള ഈ യാത്രയില്‍ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണം’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം കത്രീനയും വിക്കിയും കുറിച്ചത്.
കത്രീന-വിക്കി വിവാഹത്തിന്റെ വീഡിയോ അവകാശം വന്‍ തുക മുടക്കി ആമസോണ്‍ പ്രൈം വീഡിയോ വാങ്ങിയിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 80-100 കോടിയാണ് ആമസോണ്‍ മുടക്കിയതെന്നാണ് ലഭ്യമായ വിവരം. സിരീസ് ആയിട്ടാവും വിവാഹനിമിഷങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുക.