സുകുമാരക്കുറുപ്പ് ഇന്ന് ഖത്തറില്‍; ദുല്‍ഖര്‍ ഫാന്‍സ് ആവേശത്തില്‍

kurup movie

ദോഹ: മലയാളി സിനിമാ പ്രേക്ഷകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് ഇന്ന് ഖത്തറിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കുപ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാര കുറുപ്പിന്റെ കഥ പറയുന്ന ‘കുറുപ്പി’നെ വരവേല്‍ക്കാന്‍ ഖത്തറില്‍ ദുല്‍ഖര്‍ ആരാധകര്‍ ഒരുങ്ങി കഴിഞ്ഞു.

കോവിഡിന്റെ നിഴലകന്ന് രാജ്യം സാധാരണനിലയിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ ഖത്തറിലെ തിയേറ്ററുകളില്‍ ഒരു വലിയ മലയാളം ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത് പ്രവാസി ചലച്ചിത്രപ്രേമികളില്‍ ഏറെ ആവേശം ജനിപ്പിച്ചിട്ടുണ്ട്.

ഖത്തറിലെ സാധാരണക്കാരായ സിനിമാ പ്രേമികളുടെ ആശ്രയമായ ഏഷ്യന്‍ ടൗണിന് പുറമേ തവാര്‍ മാള്‍, മാള്‍ ഓഫ് ഖത്തര്‍, സൂഖ് വാഖിഫ് സിനിമ, 01 മാള്‍ (അബൂഹമൂര്‍), ദി പേള്‍ ഖത്തര്‍, ബി സ്‌ക്വയര്‍ മാള്‍(അല്‍ തുമാമ), അല്‍ ഖോര്‍ മാള്‍, സിറ്റി സെന്റര്‍ എന്നിവിടങ്ങളിലും കുറുപ്പ് പ്രദര്‍ശിപ്പിക്കുന്നുണ്ട്.

യുഎഇയിലെ വിവിധ എമിറേറ്റുകളിലും കുറുപ്പ് ഇന്നെത്തും.

സൗദിയിലെ തിയേറ്ററുകളില്‍ നാളെയാണ് കുറുപ്പ് റിലീസ്.
സുകുമാര കുറുപ്പ് സൗദിയിലുണ്ടെന്ന നിലയില്‍ ധാരാളം വാര്‍ത്തകള്‍ മുമ്പ് പ്രചരിച്ചിരുന്നു. തന്നെ കുറിച്ചുള്ള സിനിമ കാണാന്‍ ഇനി സാക്ഷാല്‍ സുകുമാരക്കുറുപ്പ് തന്നെ തിയറ്ററിലെത്തുമോ എന്ന നിലയില്‍ വരെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 25ഓളം തിയേറ്ററുകളിലാണ് കുറുപ്പ് പ്രദര്‍ശനത്തിനെത്തുന്നത്.

സൗദിയിലെ പ്രമുഖ സിനിമ തിയറ്ററുകളായ വോക്സ് സിനിമ, എ.എം.സി, എമ്പയര്‍ സിനിമാസ്, സിനി പോളീസ് എന്നീ തിയറ്ററുകളിലാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്. വെള്ളിയാഴ്?ച രാവിലെ 8.25 നാണ് ആദ്യ ഷോ.

കഴിഞ്ഞ ദിവസം ദുബൈയിലെ ബുര്‍ജ് ഖലീഫയില്‍ സിനിമയുടെ ട്രെയ്ലര്‍ പ്രദര്‍ശിപ്പിച്ചതോടെ ഗള്‍ഫ് രാജ്യങ്ങളിലെ സിനിമാപ്രേമികള്‍ ആകാംക്ഷയിലാണ്. താരവും കുടുംബവും ബുര്‍ജ് ഖലീഫയിലെ ട്രെയ്ലര്‍ കാണുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.