ചലച്ചിത്രമേളയിലെ കൊച്ചി എഡിഷന് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരിച്ച് നടന് സലീം കുമാര്‍. ദേശീയ പുരസ്കാര ജേതാക്കളാണ് മേളയുടെ തിരി തെളിക്കേണ്ടത്. തന്നെ വിളിക്കാതിരുന്നതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൊച്ചിയില്‍ നടക്കുന്നത് സിപിഎം ചലച്ചിത്രമേളയാണെന്ന് സലിം കുമാര്‍ ആഞ്ഞടിച്ചു.
‘എറണാകുളം ജില്ലയിലെ അവാര്‍ഡ് ജേതാക്കളായ 25 പേര് ചേര്‍ന്ന് തിരി തെളിക്കുന്നു എന്നാണ് താന്‍ അറിഞ്ഞത്. സ്വാഭാവികമായും എന്റെ പേരും ഉണ്ടാകുമല്ലോ. ഒരു ഗവണ്മെന്റ് തരുന്ന മൂന്നു പുരസ്കാരങ്ങള്‍ കിട്ടിയ സ്ഥിതിക്ക് ഞാനും ഉണ്ടാകുമെന്ന് വിചാരിച്ചു. പക്ഷേ പിന്നീടൊന്നും അതിനെക്കുറിച്ച് കേള്‍ക്കാതെയായി. അപ്പോള്‍ മേളയിലെ കമ്മിറ്റി അംഗമായ സോഹന്‍ലാലിനെ വിളിച്ച് അന്വേഷിച്ചു. പ്രായക്കൂടുതലുള്ള ആളുകളെ ഒഴിവാക്കി ചെറുപ്പക്കാരെയാണ് വിളിക്കുന്നതെന്നാണ് മറുപടി ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇവിടെ രാഷ്ട്രീയമാണ് വിഷയം. അവാര്‍ഡ് കിട്ടിയ ഏക കോണ്ഗ്രസുകാരന് ആയതുകൊണ്ടാണ് അടുപ്പിക്കാഞ്ഞതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അവിടെ നടക്കുന്നത് ഒരു സിപിഎം മേളയാണ്. അവരുടെ ആളുകളെ മാത്രമേ പങ്കെടുപ്പിക്കൂ എന്നും സലീം കുമാര്‍ വിമര്‍ശിച്ചു. ഏതെങ്കിലും നേട്ടങ്ങള്‍ക്കു വേണ്ടി പാര്‍ട്ടി മാറാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഷിക് അബുവും അമല്‍ നീരദുമെല്ലാം ജൂനിയര്‍മാരായി കോളജില്‍ പഠിച്ചവരാണെന്നും താനും അവരും തമ്മില്‍ അധികം പ്രായവ്യത്യാസമൊന്നുമില്ല. കൂടി വന്നാല്‍ മൂന്നു വയസ്സു വ്യത്യാസമെന്ന നടന് പറഞ്ഞു. ഇതിനിടെയില്‍ പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ വിളിച്ച് നാളെ വരാമോ എന്ന് ചോദിച്ചു. എന്നെ കളിയാക്കുകയാണോ എന്നു ഞാന്‍ തിരിച്ചുചോദിച്ചു. കാരണം തിരിതെളിക്കുന്ന ആളുകളുടെ പട്ടിക ഒരു മാസം മുമ്പു വന്നശേഷം, ഞാന്‍ അങ്ങോട്ട് വിളിച്ചുചോദിച്ചതുകൊണ്ടു മാത്രം അവസരം തരാമെന്നു പറഞ്ഞാല്‍ എന്താണു ചെയ്യുക. അതേസമയം തന്റെ പേര് അബദ്ധത്തില്‍ വിട്ടുപോയതല്ലെന്നും തിരുവനന്തപുരത്തു വച്ച് ടിനി ടോം ഇക്കാര്യം അധികൃതരോടു പറഞ്ഞിരുന്നു. എന്നെ മാറ്റി നിര്‍ത്തുന്നതില്‍ ആരൊക്കെയോ വിജയിച്ചിട്ടുണ്ടെന്നും ചടങ്ങിനു പോകുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ മാത്രമല്ല എനിക്ക് സിപിഎം ഭരിക്കുമ്പോഴും പുരസ്കാരം നേടിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം മേശപ്പുറത്തു വച്ചു നല്‍കിയതിനെയും സലിം കുമാര്‍ വിമര്‍ശിച്ചു. കലാകാരന്മാരെ എന്തു വേണമെങ്കിലും ചെയ്യാമെന്ന് അവര്‍ നേരത്തേ തെളിയിച്ചതാണ്. അതാണല്ലോ പുരസ്കാരം മേശപ്പുറത്തു വച്ചു നല്‍കിയതെന്നാണ് നടന് ഇതിനെകുറിച്ച് പരാമര്‍ശിച്ചത്.