രാസ്ത ഓണ്‍ ദി വേ മസ്‌കറ്റില്‍ പൂര്‍ത്തിയായി

ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലിനു ശ്രീനിവാസ് നിര്‍മിച്ച് അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന രാസ്ത ഓണ്‍ ദി വേ എന്ന ചിത്രത്തിന്റെ ആദ്യഘട്ടം ഷൂട്ടിങ് ഒമാനില്‍ പൂര്‍ത്തിയായി.

സര്‍ജാനോ ഖാലിദ്, അനഘ നാരായണന്‍, ആരാധ്യ ആന്‍, സുധീഷ്, ഇര്‍ഷാദ് അലി, ടി.ജി. രവി തുടങ്ങിയ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അല്‍ റവാഹി, ഫഖ്‌റിയ ഖാമിസ് അല്‍ അജ്മി, ഷമ്മ സൈദ് അല്‍ ബര്‍ക്കി എന്നിവരും ഒമാനില്‍ നിന്നുള്ള മറ്റു നിരവധി താരങ്ങളും ഈ ഇന്‍ഡോ-ഒമാന്‍ ചിത്രത്തിന്റെ ഭാഗമാകുന്നു.

സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം, ഗ്രാന്‍ഡ് ഫാദര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സക്കറിയയുടെ ഗര്‍ഭിണികള്‍ 2013ല്‍ നാല് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിട്ടുണ്ട്.

ഇരുന്നൂറിലധികം പരസ്യചിത്രങ്ങള്‍ ഒരുക്കിയ ആഡ് ഫിലിം മേക്കര്‍ കൂടിയാണ് അനീഷ് അന്‍വര്‍. ഷാഹുല്‍, ഫായിസ് മടക്കര എന്നിവരാണ് രാസ്തയുടെ കഥ-തിരക്കഥ-സംഭാഷണം എഴുതുന്നത്. മലയാള ചലച്ചിത്ര സാങ്കേതിക വിദഗ്ധരും ഒമാനിലെ പ്രവാസികളും തദ്ദേശീയരും ഒരുപോലെ കൈകോര്‍ക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വഹിക്കുന്നു.

സംഗീതം വിഷ്ണു മോഹന്‍ സിതാര, എഡിറ്റര്‍ അഫ്തര്‍ അന്‍വര്‍, മേക്കപ്പ് രാജേഷ് നെന്മാറ, പ്രൊജക്റ്റ് ഡിസൈനര്‍ സുധാ ഷാ, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ രാഹുല്‍ ആര്‍ ചേരാല്‍. മസ്‌കറ്റിലും ബിദിയയിലുമായി ആദ്യഘട്ടം ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ അടുത്ത ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിക്കും.

മലയാളത്തിനു പുറമെ അറബിയിലും അവതരിപ്പിക്കുന്ന ചിത്രം വേള്‍ഡ് വൈല്‍ഡ് റിലീസിനായി ഒരുങ്ങുകയാണ്.