മമ്മൂട്ടിയും മോഹന്‍ലാലും ഗോള്‍ഡന്‍ വിസ സ്വീകരിച്ചു; എത്തിയത് യൂസുഫലിക്കൊപ്പം

mammootty-and-mohanlal-receives-uaes-golden-visa

അബൂദബി: കലാരംഗത്തെ സംഭാവനകള്‍ക്ക് യുഎഇ നല്‍കിയ ആദരമായ ഗോള്‍ഡന്‍ വിസ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും സ്വീകരിച്ചു. അബൂദബി സാമ്പത്തിക വികസന വിഭാഗം ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷൊറാഫ അല്‍ ഹമ്മാദി ഇരുവര്‍ക്കും വിസ പതിച്ച പാസ്‌പോര്‍ട്ട് കൈമാറി. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കലാരംഗത്തെ സംഭാവനകള്‍ അദ്ദേഹം പ്രകീര്‍ത്തിച്ചു.
mammootty-and-mohanlal-receives-uaes-golden-visa210 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മലയാള സിനിമയ്ക്ക് തന്നെ ലഭിച്ച അംഗീകാരമായാണ് കാണുന്നത്. മലയാളികളായ തങ്ങള്‍ക്ക് നല്‍കിയ സമ്മാനമാണ് ഗോള്‍ഡന്‍ വിസയെന്ന് മമ്മൂട്ടി പറഞ്ഞു. ഗോള്‍ഡന്‍ വിസ ലഭ്യമാക്കാന്‍ പ്രയത്‌നിച്ച പ്രമുഖ വ്യവസായി എം എ യൂസഫലിക്ക് ഇരുവരും നന്ദി പറഞ്ഞു.

എത്തിയത് യൂസുഫലിയുടെ റോള്‍സ് റോയ്‌സില്‍
mohanlal-golden-visa

രാവിലെ ചുവന്ന റോള്‍സ് റോയ്‌സ് കാറില്‍ എം എ യൂസഫലിയോടൊപ്പമായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും അബൂദബി സാമ്പത്തിക വികസന വിഭാഗം ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത്. നേരത്തെ സഞ്ജയ് ദത്ത് അടക്കം ചില ബോളിവുഡ് താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വീസ ലഭിച്ചിരുന്നെങ്കിലും മലയാള സിനിമാ താരങ്ങള്‍ക്ക് ആദ്യമായാണ് ഈ ബഹുമതി.