തിയറ്ററുകൾ ഇളക്കിമറിക്കപ്പെടുമെന്ന് പ്രിയദർശനും മോഹൻലാലുമടക്കം വൻ പ്രതീക്ഷ നൽകിയ ചിത്രമായിരുന്നു മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ബ്രഹ്മാണ്ഡ ചിത്രം പ്രതീക്ഷിച്ച ആരാധകർക്ക് വലിയ തിരിച്ചടിയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബാഹുബലി പോലെ ഒരു ചിത്രമെന്ന പ്രിയദർശന്റെ വാഗ്ദാനം തിരക്കഥയിലെ കാസ്റ്റിംഗിലെ പിഴവുകൾകൊണ്ട് തിരിച്ചടിച്ചുവെന്നതാണ് സത്യം. കാമ്ബില്ലാത്ത തിരക്കഥ മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ കഥാപാത്രങ്ങളെ അശക്തരാക്കുന്നു.
പ്രിയദർശന്റെ തന്നെ മുൻ സിനിമകളുടെ ആവർത്തനമെന്ന വിധമാണ് മരക്കാറിലെ പല സീനുകളും. ഹോളിവുഡ് പിരീഡ് മൂവികളിൽ നിന്ന് കടമെടുത്ത ചില രംഗങ്ങളും ആവർത്തന വിരസത സമ്മാനിക്കുന്നു. പ്രേക്ഷകനെ ഇമോഷണൽ ലൂപ്പിലേക്ക് തള്ളി വിടുന്ന രംഗങ്ങളാണ് സിനിമയ്ക്ക് തിരിച്ചടിയായത്. ആരാധകർ കാത്തിരിന്ന മാസ് രംഗങ്ങൾ സിനിമയിൽ കുറവായിരുന്നു. ദുർബലമായ തിരക്കഥയും അവതരണ ശൈലിയുമെല്ലാം തിരിച്ചടിയായി. അതിനിടയിൽ അൽപ്പമെങ്കിലും ആശ്വാസം നൽകിയത് പ്രണവ് മോഹൻലാലിന്റെ മമ്മാലി എന്ന കഥാപാത്രമാണ്. പ്രണവിന്റെ കരിയരിലെ മികച്ച വേഷങ്ങളിൽ ഒന്നായി മമ്മാലിയെ പരിഗണിക്കാം.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്ബാവൂരും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്ബാവൂർ, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിർമാതാക്കൾ. അനിൽ ശശിയും പ്രിയദർശനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്.
മോഹൻലാൽ നെടുമുടി വേണു, മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, മുകേഷ്, സുനിൽ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. അറുപതോളം രാജ്യങ്ങളിൽ വേൾഡ് വൈഡ് റിലീസിനൊപ്പം ഇറ്റലി, പോളണ്ട്, അർമേനിയ, സൗദി തുടങ്ങി നിരവധി രാജ്യങ്ങളിലും ഫാൻസ് ഷോയും ചിത്രത്തിനുണ്ട് . 850ലധികം ഫാൻസ് ഷോയാണ് കേരളത്തിൽ മാത്രം ചാർട്ട് ചെയ്തത്. നിരവധി തിയേറ്ററുകളിലെ ഫസ്റ്റ് ഡേ ടിക്കറ്റുകളും ദിവസങ്ങൾക്ക് മുൻപേ വിറ്റുതീർന്നിരുന്നു.