Sunday, October 24, 2021
HomeEntertainmentതമിഴ് നടന്‍ വിവേക് ഹൃദയാഘാതം മൂലം അന്തരിച്ചു

തമിഴ് നടന്‍ വിവേക് ഹൃദയാഘാതം മൂലം അന്തരിച്ചു

ചെന്നൈ: തമിഴിലെ പ്രമുഖ താരവും ഗായകനുമായ വിവേക്(59) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വിവേകിനെ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണവിഭാഗത്തിലായിരുന്ന വിവേകിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്നായിരുന്നു ഇന്നലെ രാത്രി വന്ന മെഡിക്കല്‍ ബുള്ളറ്റിനും വ്യക്തമാക്കിയിരുന്നത്. യന്ത്രങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എക്‌മോ (Extracorporeal membrane oxygenation)ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ലെജന്റ് ശരവണ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍വെച്ചാണ് അദ്ദേഹത്തിന് അനാരോഗ്യം അനുഭവപ്പെട്ടത്. അസ്വസ്ഥത തോന്നിയ ഉടന്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ പലരും വിവേകിന് വേണ്ടി പ്രാര്‍ത്ഥനകളുമായി സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകള്‍ പങ്കുവച്ചിരുന്നു.

വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെത്തിച്ചപ്പോള്‍ത്തന്നെ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നില്ല. കൊവിഡ് ബാധയുണ്ടായിരുന്നില്ല വിവേകിന് എന്നും ആശുപത്രി സ്ഥിരീകരിക്കുന്നു. വിവേകും സുഹൃത്തുക്കളും ചേര്‍ന്ന് വ്യാഴാഴ്ച ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചിരുന്നു. എല്ലാവരും വാക്‌സീന്‍ സ്വീകരിക്കണമെന്നും നടന്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ വിവേകിന് ഹൃദയാഘാതമുണ്ടായതും കൊവിഡ് വാക്‌സിനേഷനും തമ്മില്‍ ബന്ധമില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വിവേകിന്റെ ഇടത് ആര്‍ട്ടെറിയില്‍ 100% രക്തം കട്ടപിടിച്ചതാണ് ഹൃദയാഘാതമുണ്ടാകാന്‍ കാരണമായതെന്ന് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന സിംസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുത്തനെ കുറയുന്ന വെന്‍ട്രിക്കുലര്‍ ഫിബ്രിലേഷന്‍ കൂടി സംഭവിച്ചതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് മോശമാക്കിയത്.

സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം തേടിയെത്തിയിട്ടുണ്ട്.

Most Popular