Monday, July 26, 2021
Home Entertainment പുതിയ ഡിജിപിക്കും സിനിമയിൽ നിന്ന് അപരനെ കണ്ടെത്തി സോഷ്യൽ മീഡിയ: ഇതുവരെ ഡിജിപി ആയിട്ടില്ല, ഡിവൈഎസ്പി...

പുതിയ ഡിജിപിക്കും സിനിമയിൽ നിന്ന് അപരനെ കണ്ടെത്തി സോഷ്യൽ മീഡിയ: ഇതുവരെ ഡിജിപി ആയിട്ടില്ല, ഡിവൈഎസ്പി ആയിട്ടുണ്ടെന്ന് ചെമ്പിൽ അശോകൻ

കൊച്ചി: മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ അപരനായി ആഘോഷിച്ചത് പാഷാണം ഷാജിയെ ആയിരുന്നെങ്കിൽ ഇത്തവണത്തെ ഡിജിപിക്കും സോഷ്യൽ മീഡിയ അപരനെ കണ്ടെത്തിയിട്ടുണ്ട്. നടൻ ചെമ്പിൽ അശോകനാണ് ആ അപരൻ. ഇരുവരും തമ്മിൽ നല്ല സാമ്യം ഉണ്ടുതാനും. നടൻ ചെമ്പിൽ അശോകനെയും ഡിജിപിയെയും ചേർത്ത് ട്രോളര്മാര് ആഘോഷമാക്കി മാറ്റി. ചെമ്ബില്‍ അശോകന്‍ പൊലീസായി വേഷമിട്ട ചിത്രങ്ങള്‍ അനില്‍കാന്തിനൊപ്പം ചേര്‍ത്താണ് പുതിയ ട്രോളുകള്‍. പാഷാണം ഷാജി മാറി ഡിജിപിയായി ചെമ്ബില്‍ അശോകന്‍ ചുമതലയേറ്റു എന്നുളള അടിക്കുറിപ്പോടെയും ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഡിജിപിക്കൊപ്പം ട്രോളുകളുടെ ഭാ​ഗമാകാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നാണ് ഇതിനെക്കുറിച്ച്‌ ചെമ്ബില്‍ അശോകന്‍ പ്രതികരിച്ചത്. ചിലര്‍ വിളിച്ചുപറഞ്ഞപ്പോഴാണ് ഇത് അറിഞ്ഞത്. പിന്നെ ട്രോളുകള്‍ കാണുകയും ചെയ്തു. ഡിജിപിയാക്കിയുളള വൈറല്‍ ട്രോളുകള്‍ കണ്ടപ്പോള്‍ ആദ്യമൊന്ന് അത്ഭുതപ്പെട്ടു. പിന്നെ മറ്റുളളവരെ പോലെ ഇപ്പോള്‍ താനും അതൊക്കെ ആസ്വദിക്കുകയാണെന്നും ചെമ്ബില്‍ അശോകന്‍ പറഞ്ഞു. സിനിമാ വേഷങ്ങളില്‍ ഇതുവരെ ഡിജിപി ആയിട്ടില്ല, അനാര്‍ക്കലിയെന്ന ചിത്രത്തിലെ ഡിവൈഎസ്പി വേഷമാണ് ഏറ്റവും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റേതായി ചെയ്തിട്ടുള്ളത്.

ഭക്ഷണമെല്ലാം കഴിച്ച്‌ ഇപ്പോള്‍ കുറച്ച്‌ പുഷ്ടിപ്പെട്ടതിനാല്‍ രൂപത്തില്‍ ചെറിയ മാറ്റമുണ്ട്. എന്നാല്‍ പഴയ മീശയില്ലാത്ത ചിത്രങ്ങള്‍ അനില്‍കാന്തുമായി വളരെ സാമ്യമുണ്ട്. സന്ദര്‍ഭം ഒത്തുവന്നാല്‍ പുതിയ ഡിജിപിയെ കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയും പാഷാണം ഷാജിയും ഇടയ്ക്ക് കണ്ടുമുട്ടിയതും നേരത്തെ വാര്‍ത്തയായിരുന്നു.

Most Popular