സിനിമയുടെ പേര് ദഹിച്ചില്ല; ഷാരൂഖിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് സംഘികള്‍

shah Rukh Khan

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ട്വിറ്ററില്‍ സംഘപരിവാരത്തിന്റെ ആസൂത്രിത പ്രചാരണം. ഷാരൂഖിന്റെ പുറത്തിറങ്ങാനിരിക്കുന്ന ബിഗബജറ്റ് ചിത്രത്തിന്റെ പേരാണ് സംഘികളെ പ്രകോപിപ്പിച്ചത്. പത്താന്‍ എന്ന് പേരുള്ള സിനിമയ്‌ക്കെതിരേ #BoycottShahRukhKhan എന്ന ഹാഷ് ടാഗോട് കൂടിയാണ് പ്രചാരണം.

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ട്വിറ്ററില്‍ ട്രെന്‍ഡിങായിരുന്നു #BoycottShahRukhKhan ഹാഷ് ടാഗ്. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ കൂടെയുള്ള പഴയ ചിത്രങ്ങളും ഹിന്ദുത്വ വര്‍ഗീയതയ്ക്കും അസഹിഷ്ണുതയ്ക്കും എതിരായ ഷാരൂഖിന്റെ മുന്‍കാല പ്രസ്താവനകളും ഒക്കെ കുത്തിപ്പൊക്കിയാണ് പ്രചാരണം.


ഷാരൂഖ് ഖാന്‍ ഫിറോസ് പത്താന്‍ എന്ന പേരിലുള്ള റോ ഏജന്റിന്റെ വേഷത്തിലെത്തുന്ന സിനിമയാണ് പത്താന്‍ എന്നാണ് റിപോര്‍ട്ട്. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം തുടങ്ങിയവരും ഈ ബിഗ് ബജറ്റ് സിനിമയില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്.


അക്ഷയ് കുമാര്‍ എന്നയാളുടെ ട്വീറ്റ് ഇങ്ങിനെയാണ്: എസ്ആര്‍കെ ഞങ്ങളുടെ ഹിന്ദു രാജാവ് അശോകയെ മോശമാക്കുകയാണ്. അജയ് ദേവ്ഗണും അക്ഷയ് കുമാറും തന്‍ഹാജിയുടെയും പ്രിഥ്വി രാജ് ചൗഹാന്റെയും സിനിമകള്‍ നിര്‍മിക്കുമ്പോള്‍ അയാള്‍ പത്താനെക്കുറിച്ച് സിനിമ നിര്‍മിക്കുകയാണ്. ഇതൊരു സ്‌പൈ ആക്ഷന്‍ മൂവിയാണ്. അതിന് എന്ത് കൊണ്ട് ഒരു ഹിന്ദു പേര് നല്‍കുന്നില്ല. എന്തിനാണ് ഇന്ത്യയില്‍ പത്താനെ പുകഴ്ത്തുന്നത്?


ഷാരൂഖ് ഖാനെ ബഹിഷ്‌കരിക്കണം. ഷാരൂഖ് ഖാന്‍ ഹിന്ദു സംസ്‌കാരത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്-എന്നാണ് കൗശല്‍ മീണ എന്നയാളുടെ ട്വീറ്റ്.

2018ലെ സീറോയ്ക്ക് ശേഷം ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് പത്താന്‍. സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് സംവിധാനം. സല്‍മാന്‍ ഖാന്‍ സിനിമയില്‍ അതിഥി താരമായി എത്തുന്നുണ്ട്. ചിത്രം 2022ല്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോമില്‍ ഷാരൂഖ് ഖാന്‍ അഭിനയിക്കുന്ന ഷോ വരുന്നതായി വാര്‍ത്തകളുണ്ട്. ഇതേക്കുറിച്ച് സൂചിപ്പിക്കുന്ന പരസ്യ വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.