
ആപ്പിളിന്റെ പുതിയ ഉല്പന്നങ്ങള് ഉടന്‍ ഖത്തര്‍ വിപണിയിലെത്തും.
ദോഹ: മൊബൈല്‍ ശ്രേണിയില്‍ ആഡംബരവും നൂതന സാങ്കേതികതയും സമന്വയിക്കുന്ന ഉല്പ്പന്നങ്ങളാല് സമ്പന്നമാണ് ആപ്പിളിന്റെ ശേഖരം. ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രൊ, ഐഫോണ്‍ 12 മിനി, ഐഫോണ്‍ പ്രൊ മാക്സ് എന്നീ സ്മാര്‍ട്ട്ഫോണ്‍ മോഡലുകളുമായി വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. ഹോം പോഡ് മിനി സ്മാര്‍ട്ട് സ്പീക്കറുകളും മാഗ്സേഫ് ആക്സസറികളും പുതിയ സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ക്കൊപ്പം ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടന്ന വെര്‍ച്ച്വല്‍ ഇവന്റിലാണ് പുതിയ ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള പ്രഖ്യാപനം കമ്പനി നടത്തിയത്. ഈ മാസം അവസാനത്തോടെ പുതിയ ഉല്‍പ്പന്നങ്ങളില്‍ ചിലത് ഖത്തറിലെത്തുമെന്ന് ഖത്തറിലെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലായ സ്റ്റാര്‍ടെക് വ്യക്തമാക്കി.
5ജി നെറ്റ്വര്‍ക്ക് കണക്ടിവിറ്റിയാണ് ഈ മോഡലുകളുടെ എടുത്തു പറയേണ്ട സവിശേഷത. മികച്ച ലോ ലൈറ്റ് ഫോട്ടോഗ്രാഫി , കരുത്തുറ്റ OLED ഡിസ്പ്ലേ , അതിവേഗതയാര്‍ന്ന A14 bionic ചിപ്പ് എന്നിവയും പുതിയ ഐഫോണ്‍ മോഡലുകളെ സവിശേഷമാക്കുന്ന ഘടകങ്ങളാണ്. വയര്‍ലസ് ചാര്‍ജ്ജറുമായി ഫോണിനെ ബന്ധിപ്പിക്കാന്‍ അനുവദിക്കുന്ന ഇന്‍-ബില്‍റ്റ് മാഗ്നറ്റുകള്‍ മറ്റൊരു പുതുമ തന്നെ. ഫോട്ടോഗ്രാഫി തല്‍പ്പരരെ ലക്ഷ്യം വെച്ച് കൊണ്ട് അധിക സൗകര്യങ്ങള്‍ സംയോജിക്കുന്ന ക്യാമറയും ഇവയെ സവിശേഷമാക്കുന്നു.
വൈഡ്, അള്‍ട്രാ വൈഡ് ലെന്‍സുകള്‍ സംയോജിക്കുന്ന ഡ്യുവല്‍ ക്യാമറ സെറ്റ് അപ്, സ്മാര്‍ട്ട് HDR, സെല്‍ഫി ക്യാമറയെ പിന്തുണയ്ക്കുന്ന മെച്ചപ്പെട്ട നൈറ്റ് മോഡ്, നൈറ്റ്മോഡ് ടൈം ലാപ്സ് എന്നിവ ഐഫോണ്‍ 12 ഫോണുകളിലെ ക്യാമറയുടെ പ്രത്യേകതകളാണ്.
പുതിയ ഐഫോണ്‍ മോഡലുകള്‍ക്കൊപ്പം പവര്‍ അഡാപ്റ്ററുകളും ഇയര്‍ബഡ്ഡുകളും ഉണ്ടാവില്ല എന്നത് അല്പം നിരാശ തോന്നുന്ന കാര്യമാണ്. എന്നാല്‍ , ലോകത്ത് നിന്ന് ഓരോ വര്‍ഷവും 450,000 കാറുകള്‍ ഇല്ലാതാക്കുന്നതിനു തുല്യമാണ് ഈ നീക്കമെന്നാണ് ആപ്പിള്‍ സസ്റ്റെയിനബിലിറ്റി ചീഫ് ലിസാ ജാക്സണിന്റെ ഭാഷ്യം.
കൈക്കുള്ളിലൊതുങ്ങുന്ന കുഞ്ഞന്‍ ഡിസൈനിലാണ് ഐഫോണ്‍ 12 മിനി അവതരിപ്പിച്ചിരിക്കുന്നത്. 5.4 ഇഞ്ച് ഹൈ കോണ്ട്രാസ്റ്റ് OLED സ്ക്രീനുകളാണ് ഇവയ്ക്ക് നല്‍കിയിരിക്കുന്നത്. നവംബര്‍ പകുതിയാകുമ്പോഴേക്കായിരിക്കും ഐഫോണ്‍ 12 മിനി ഖത്തര്‍ വിപണിയില്‍ ചുവട് വെയ്ക്കുക.
6 മീറ്ററുകളോളം ആഴത്തില്‍ അര മണിക്കൂര്‍ വരെ വാട്ടര്‍ റെസിസ്റ്റന്‍സി ഉറപ്പു നല്കുന്ന IP68 റേറ്റിംഗ് ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി ഫോണുകളുടെ പ്രത്യേകതയാണ്. 64GB, 128GB, 256GB മോഡലുകളാണ് ഈ ശ്രേണിയില്‍ വിപണിയിലെത്തുക.
ആപ്പിള്‍ ഇതു വരെ പുറത്തിറക്കിയതില്‍ വെച്ച് ഏറ്റവും വലിയ സ്ക്രീനാണ് ഐഫോണ്‍ 12 പ്രൊ മാക്സ് ഉള്‍ക്കൊള്ളുന്നത്. 6.7 ഇഞ്ച് ഡിസ്പ്ലെയാണ് ഈ മോഡലിന്റെ പ്രത്യേകത. ഐഫോണ്‍ 12 പ്രൊ ശ്രേണിയിലെ ഉല്‍പ്പന്നങ്ങള്‍ ഈടുറ്റ സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഡീപ് ഫ്യൂഷന്‍ സാങ്കേതികത സംയോജിക്കുന്ന ക്യാമറകള്‍, അതായത് , 3 റിയര്‍ 1 ഫ്രണ്ട് , ഐഫോണ്‍ 12 പ്രൊ മോഡലുകളെ സവിശേഷമാക്കുന്ന മറ്റൊരു ഘടകമാണ്.
നവംബര്‍ പകുതിയോടെ ഖത്തര്‍ വിപണിയില്‍ ചുവടുറപ്പിക്കുന്ന പുതിയ ഐഫോണ്‍ മോഡലുകളുടെ ഖത്തറിലെ വിലനിലവാരത്തെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതു വരെ വന്നിട്ടില്ല. ഖത്തറിലെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലായ സ്റ്റാര്ടെക്ക് സ്റ്റോര്‍ വെബ്സൈറ്റിലോ സോഷ്യല്‍മീഡിയ പേജിലോ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. ആപ്പിളിന്റെ പുതിയ ഉല്‍പ്പന്നനിരയുടെ കൂടുതല്‍ സവിശേഷതകള്‍ അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കാം.