യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഷയത്തില്‍ പ്രതികരിച്ച്‌ ധര്‍മ്മജന്‍

വൈപ്പിനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും എന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. വൈപ്പിനിലെ സ്ഥാനാര്‍ത്ഥി ആകുന്നതിന് കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും, താന്‍ പാര്‍ട്ടി അനുഭാവിയായതിനാല്‍ ആരോ പടച്ചുവിട്ട വാര്‍ത്തയാണിത് എന്നാണ് ധര്‍മജന്‍ പറയുന്നത്. വൈപ്പിനില്‍ സ്ഥാനാര്‍ത്ഥി ആകുന്നുവെന്ന് ഒരു പ്രസ്താവന പോലും താന്‍ നടത്തിയിട്ടില്ല. പുതിയ ആള്‍ക്കാരെ പരിഗണിക്കുന്നു എന്നതും വൈപ്പിന്‍ തന്റെ ഏരിയയും ആയതിനാലാകാം അത്തരത്തിലൊരു വാര്‍ത്ത വന്നതെന്നും താരം പറയുന്നു.

താന്‍ സ്ഥാനാര്‍ത്ഥിയാകുന്നു എന്ന വാര്‍ത്ത കേട്ട് പിഷാരടി വരെ ഇപ്പോള്‍ വിളിച്ചു ചോദിച്ചു, ‘ടാ, കേട്ടതില്‍ വല്ല കയ്യുമുണ്ടോ’ എന്ന്. അവനോട് പറഞ്ഞത് തന്നെയാണ് കേരളത്തോടും പറയാനുളളത്. തനിക്ക് ഇതില്‍ കയ്യുമില്ല, കാലുമില്ല. വെറുതേ ഉറങ്ങിക്കിടന്ന താന്‍ എഴുന്നേറ്റപ്പോള്‍ സ്ഥനാര്‍ഥിയായി. ഇതൊന്നും താനൊറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ല, കെപിസിസിയും എഐസിസിയും ഇവിടുത്തെ ജനങ്ങളും ചേര്‍ന്നെടുക്കേണ്ട തീരുമാനമാണെന്നും ധര്‍മജന്‍ മനോരമയോട് പ്രതികരിച്ചു.

മത്സരിക്കാനാണെങ്കില്‍ തന്നെ കോണ്‍ഗ്രസിലേക്കേ താന്‍ പോവുകയുള്ളുവെന്ന് എല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ മുഴുവന്‍ സമയവും അതിനായ് മാറ്റിവയ്ക്കണമെന്നാണ് അഭിപ്രായമെന്നും എന്നാല്‍ ഇത് രാഷ്ട്രീയക്കാര്‍ക്കുള്ള ഉത്തരമായി കാണേണ്ടെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി. പണ്ടേ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയവനാണ് താനെന്നും പാര്‍ട്ടിക്കു വേണ്ടി സമരം ചെയ്ത് ജയിലില്‍ വരെ കിടന്ന താന്‍ ഇനി എങ്ങോട്ട് ഇറങ്ങാനാണെന്നും എന്നാണ് താരം യുഡിഎഫ് സമീപിച്ചാല്‍ നില്‍ക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയത്.