
പറഞ്ഞ് പറഞ്ഞ് എന്നെ നടനാക്കിയതാണ്; 1992ല്‍ ഖത്തറില്‍ നടത്തിയ കലാഭവന്‍ അബിയുടെ ആദ്യ അഭിമുഖം വൈറലാവുന്നു
ദോഹ: നവംബര്‍ 30നായിരുന്നു നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ അബിയുടെ മൂന്നാം ചരമവാര്‍ഷികം. ഈ സാഹചര്യത്തില്‍ മിമിക്രിയിലേക്കുള്ള തന്റെ വരവും അഭിനയ ജീവിതവുമൊക്കെ ജാഡകളില്ലാതെ പങ്കുവയ്ക്കുന്ന അബിയുടെ ആദ്യത്തെ വീഡിയോ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 1992ല്‍ നിന്നുള്ള ഇന്റര്‍വ്യൂ ഷെയ്ന് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. കൊച്ചിന് ഓസ്കറിന്റെ ഗള്‍ഫ് പര്യടന വേളയില്‍ ഖത്തറില്‍ എത്തിയപ്പോള്‍ നടത്തിയ അഭിമുഖമാണ് ഇത്. ഖത്തറില്‍ പ്രവാസിയും കലാകാരനുമായ എവിഎം ഉണ്ണി നടത്തിയ അപൂര്‍വ്വ അഭിമുഖം എവിഎം ഉണ്ണി ആര്‍ക്കൈവ്സ് എന്ന യുട്യൂബ് ചാനലാണ് പുറത്തുവിട്ടത്.
അഭിനയം തന്റെ സ്വപ്നമായിരുന്നില്ല എന്നും എല്ലാവരും പറഞ്ഞ് പറഞ്ഞാണ് താന്‍ സിനിമ നടനായി മാറിയതെന്നും അബി പറഞ്ഞു. അവസരങ്ങള്‍ വന്നപ്പോള്‍ അത് പ്രയോജനപ്പെടുത്തുകയായിരുന്നു താനെന്നും അബി പറയുന്നു.
രക്തസംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2017 നവംബര്‍ 30 നാണ് അബി മരണത്തിന് കീഴടങ്ങിയത്. മിമിക്രി വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന അബി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള നടനാണ്. മലയാളത്തില്‍ മിമിക്രി കാസറ്റുകള്‍ക്ക് സ്വീകാര്യത നല്കിയ താരമാണ് അബി. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമയില്‍ തുടങ്ങി ‘തൃശിവപേരൂര് ക്ലിപ്തം’ എന്ന അവസാന സിനിമ വരെ നീണ്ടു നില്ക്കുന്ന കലാ ജീവിതത്തില്‍ അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കൊച്ചിന് കലാഭവനിലൂടെയാണ് അബി കലാ ജീവിതം തുടങ്ങിയത്. മിമിക്രി വേദികളില്‍ സിനിമാ താരങ്ങളുടെ അനുകരണമായിരുന്നു അബി പ്രധാനമായും അവതരിപ്പിച്ചത്. മിമിക്രി കാസറ്റുകളിലൂടെയും അബി ശ്രദ്ധ നേടി. അബിയുടെ ‘ആമിനതാത്ത’ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയതാണ്.