പരസ്യത്തില്‍ വാഗ്ദാനം ചെയ്ത പോലെ മുടിവളര്‍ന്നില്ല; നടന്‍ അനൂപ് മേനോന് പിഴ

Anoop-menn-dhathri

പരസ്യത്തില്‍ വാഗ്ദാനം ചെയ്ത പോലെ മുടിവളര്‍ന്നില്ലെന്ന പരാതിയില്‍ നടന്‍ അനൂപ് മേനോനെതിരെയും ധാത്രി ഹെയര്‍ ക്രീം കമ്പനിക്കെതിരെയും ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നടപടി സ്വീകരിച്ചു. തൃശ്ശൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ആണ് മലപ്പുറം വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന്റെ പരാതിയില്‍ നടപടി എടുത്തത്.

2012 ജനുവരിയിലാണ് പരാതിക്കാരനായ ഫ്രാന്‍സിസ് വടക്കന്‍ 376 രൂപ നല്‍കി ധാത്രിയുടെ ഉത്പ്പന്നം വാങ്ങിയത്. ആറ് മാസം കൊണ്ട് ഇടതൂര്‍ന്ന മുടിവളരുമെന്ന ധാത്രിയുടെ അനൂപ് മേനോന്‍ അഭിനയിച്ച പരസ്യം കണ്ടാണ് ഉത്പ്പന്നം വാങ്ങിയതെന്ന് പരാതിക്കാരന്‍ പറയുന്നു. ആറ് മാസം ഉപയോഗിച്ചിട്ടും മുടിയില്‍ ഒരു മാറ്റവും വന്നില്ലെന്നും ഉത്പ്പന്നം വാങ്ങിയതിന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും പരിഹസിച്ചതായും പരാതിയില്‍ പറയുന്നു. അപമാനിതനായി എന്ന കാരണത്താല്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചാണ് തൃശ്ശൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ ഫ്രാന്‍സിസ് വടക്കന്‍ സമീപിക്കുന്നത്.

താന്‍ ഇത് വരെ ധാത്രിയുടെ ഹെയര്‍ ക്രീം ഉപയോഗിച്ചിട്ടില്ലെന്നും ആകെ ഉപയോഗിച്ചത് വീട്ടില്‍ അമ്മ തയ്യാറാക്കിയ ഹെയര്‍ ഓയില്‍ മാത്രമാണെന്നുമായിരുന്നു അനൂപ് മേനോന്‍ കോടതിയെ അറിയിച്ചത്. പരസ്യത്തിലെ വാഗ്ദാനം വെറും ‘കഥ’ മാത്രമാണെന്നാണ് അനൂപ് മേനോന്‍ കോടതിയെ അറിയിച്ചത്. മുടി വളരാനല്ല, അത് സംരക്ഷിക്കുന്നതിനുള്ള ഉത്പ്പന്നമായാണ് അതിനെ മനസ്സിലാക്കിയതെന്നും അനൂപ് മേനോന്‍ പറഞ്ഞു. ഭാവിയില്‍ ഇനി പരസ്യം ചെയ്യുമ്പോള്‍ പരസ്യത്തിലെ ഉത്പ്പന്നത്തിന്റെ ആധികാരികത മനസ്സിലാക്കണമെന്നും ഉപഭോക്തൃ കോടതി അനൂപ് മേനോനോട് ആവശ്യപ്പെട്ടു.

ഉത്പ്പന്നത്തിന്റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തില്‍ അഭിനയിച്ചെന്നാണ് ധാത്രി ഹെയര്‍ ക്രീം പരസ്യ അംബാസഡര്‍ അനൂപ് മേനോനെതിരായ കുറ്റം. ഉല്‍പ്പന്നം വിറ്റ വൈലത്തൂരിലെ എ വണ്‍ മെഡിക്കല്‍സ് ഉടമയും ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡും പിഴ അടക്കണം. അനൂപ് മേനോനും ധാത്രിയും പതിനായിരം രൂപ വീതമാണ് പിഴ അടക്കേണ്ടത്. ഉല്‍പ്പന്നം വിറ്റ വൈലത്തൂരിലെ എ വണ്‍ മെഡിക്കല്‍സ് 3000 രൂപ പിഴ അടക്കാനും കോടതി വിധിച്ചു. പിഴത്തുക ഹരജിക്കാരനായ ഫ്രാന്‍സിസ് വടക്കന് നല്‍കാനാണ് കോടതി ഉത്തരവ്.