
തൃശൂര്‍ പ്രിമിയര്‍ ലീഗ് സീസണ്- 2 ജനുവരി 14 മുതല്‍
ദോഹ: തൃശൂര്‍ ജില്ലാ സൗഹൃദ വേദിയും തൃശൂര്‍ ക്രിക്കറ്റേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന തൃശൂര്‍ പ്രീമിയര്‍ ലീഗ് സീസണ് ടു 2020 ജനുവരി 14 മുതല്‍ 17 വരെ ഓള്‍ഡ് ഐഡിയല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദിവസവും വൈകീട്ട് 6 മണി മുതല്‍ 12 മണിവരെയാണ് മല്‍സരം നടക്കുക.
12 ടീമുകളാണ് 6 ഓവര്‍ വീതമുള്ള പ്രീമിയര്‍ ലീഗില്‍ കളിക്കുക. ഒരു ടീമില്‍ 16 കളിക്കാര്‍ വീതം മൊത്തം 192 കളിക്കാര്‍ ഉണ്ടാവും. വിവിധ മല്‍സരങ്ങളില്‍ കളിച്ച് പ്രാഗല്ഭ്യം തെളിയിച്ച ഖത്തറിലെ തൃശൂര്‍ ജില്ലക്കാരായ കളിക്കാരെ വിവിധ ഫ്രാഞ്ചൈസികള്‍ ലേലം വഴിയാണ് തിരഞ്ഞെടുക്കുക. ലേലത്തിനായി 250ഓളം കളിക്കാര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡിസംബര്‍ 12ന് മുമ്പായി ലേലം പൂര്‍ത്തിയാക്കും. ജേതാക്കള്‍ക്ക് 5555 ഖത്തര്‍ റിയാലും റണ്ണേഴ്സ് അപ്പിന് 3333 ഖത്തര്‍ റിയാലുമാണ് സമ്മാനത്തുക.
തൃശൂര്‍ പ്രീമിയര്‍ ലീഗ് സീസണ് വണ്‍ തൃശൂര്‍ ക്രിക്കറ്റേഴ്സ് തനിച്ചാണ് നടത്തിയിരുന്നത്. തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ജീവകാരുണ്യ സന്ദേശം കൂടുതല്‍ യുവാക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് 4000ഓളം അംഗങ്ങളുള്ള തങ്ങളുടെ സംഘടന ഇത്തവണ ടൂര്‍ണമെന്റില്‍ സഹകരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ തൃശൂര്‍ ജില്ലാ സൗഹൃദ വേദി പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍, തൃശൂര്‍ പ്രീമിയര്‍ ലീഗ് ചെയര്മാന് മുഹമ്മദ് ഷാഫി, സുജ നായര്‍, സാഗര്‍ ഋഷി, കെ എം എസ് ഹമീദ്, അലി ഹസന്, നവാസ് അലി, മുഹമ്മദ് മുസ്തഫ എന്നിവര്‍ സംബന്ധിച്ചു.