News Flash
X
ഖത്തറില്‍ 200 സ്വകാര്യ സ്‌കൂളുകള്‍ കൂടി തുറക്കും

ഖത്തറില്‍ 200 സ്വകാര്യ സ്‌കൂളുകള്‍ കൂടി തുറക്കും

personmtp rafeek access_timeSaturday January 9, 2021
HIGHLIGHTS
പഞ്ചവല്‍സര പദ്ധതിയുടെ അവസാനത്തോട് കൂടി ഖത്തറിലെ സ്വകാര്യ സ്‌കൂളുകളുടെ എണ്ണം 500 കടക്കുമെന്ന് പ്രൈവറ്റ് സ്‌കൂള്‍ ലൈസന്‍സിങ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍

ദോഹ: പഞ്ചവല്‍സര പദ്ധതിയുടെ അവസാനത്തോട് കൂടി ഖത്തറിലെ സ്വകാര്യ സ്‌കൂളുകളുടെ എണ്ണം 500 കടക്കുമെന്ന് പ്രൈവറ്റ് സ്‌കൂള്‍ ലൈസന്‍സിങ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഹമദ് അല്‍ ഗാലി. പദ്ധതി പ്രകാരം 200 സ്വകാര്യ സ്‌കൂളുകള്‍ കൂടി പുതുതായി നിര്‍മിക്കും. നിലവില്‍ 337 സ്വകാര്യ കിന്റര്‍ഗാര്‍ട്ടനുകളും സ്‌കൂളുകളുമാണ് ഖത്തറിലുള്ളത്. 40,650 ഖത്തരി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 200,782 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ടെന്നും അല്‍ റയ്യാന്‍ ടിവിയില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ആവശ്യമായ സീറ്റുകള്‍ക്ക് അനുസരിച്ചാണ് പുതിയ സ്‌കൂളുകള്‍ അനുവദിക്കുന്നത്. ഓരോ വര്‍ഷവും നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് പുതിയ സ്‌കൂളുകള്‍ക്കും കെജികള്‍ക്കും വേണ്ടിയുള്ള അപേക്ഷ ക്ഷണിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. സ്‌കൂളുകള്‍ക്ക് ആവശ്യമായ ഭൂമി ഓരോ പ്രദേശത്തിന്റെയും സാഹചര്യം പരിഗണിച്ച് അനുവദിച്ചു നല്‍കും.

വിദ്യാഭ്യാസ മന്ത്രാലയത്തില്‍ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ ഫീസ് വര്‍ധിപ്പിക്കാന്‍ അനുവദിക്കൂ എന്ന് അത് സംബന്ധമായ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. വരുന്ന മൂന്ന് വര്‍ഷത്തേക്ക് ഫീസ് വര്‍ധന അനുവദിക്കാന്‍ പദ്ധതിയില്ലെന്നും അല്‍ ഗാലി അറിയിച്ചു.

SHARE :
folder_openTags
content_copyCategory