
പ്രതികരണ ശേഷിയുള്ള സമൂഹത്തിനു മാത്രമേ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കൂ: തനത് സാംസ്കാരിക വേദി
ദോഹ: അനീതികള്‍ക്കെതിരേ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തവര്‍ക്ക് മാത്രമേ ലോകത്ത് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ എന്ന് തനത് സാംസ്കാരിക വേദി ഓപ്പണ്‍ ഡിസ്കഷന്. ഫാഷിസം ഇന്ത്യയില്‍ അതിന്റെ ഏറ്റവും ഭീകരമായ രൂപത്തില്‍ തിമര്ത്താടുമ്പോള് നിശ്ശബ്ദത ഒരു പരിഹാരമല്ലെന്നും ഓപ്പണ്‍ ഡിസ്കഷന് അഭിപ്രായപ്പെട്ടു.
ഇനിയെപ്പോഴാണ് നാം ശബ്ദിക്കുക എന്ന തലക്കെട്ടില്‍ സ്കില്‍സ് ഡവലപ്മെന്റ് ഹാളില്‍ നടന്ന തുറന്ന ചര്‍ച്ചയില്‍ സിറാജുല്‍ ഹസന് വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ബാബരി മസ്ജിദ് വിധി വന്നപ്പോള്‍ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല അനീതിയുടെ ഇരകള്‍ പോലും സമ്പൂര്‍ണ നിശ്ശബ്ദതയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുഎപിഎയും എന്‍ഐഎയും കൂടുതല്‍ ഭീകരമാവുകയും എന്‍ആര്‍സിയിലൂടെ രാജ്യത്തെ ഒരു വലിയ വിഭാഗം ജനതയെ രണ്ടാം തരക്കാരാക്കി മാറ്റുകയും ചെയ്യുമ്പോള്‍ വലിയൊരു വിഭാഗം നിശ്ശബ്ദമായി നോക്കി നില്‍ക്കുകയാണ്.
കശ്മീരിലെ ഏറ്റവും വലിയ ജനാധിപത്യ മനുഷ്യാവകാശ ധ്വംസനം മാസങ്ങളായി തുടരുമ്പോഴും പ്രതികരിക്കാന്‍ ഭയക്കുന്നു. ഈ നിന്ദ്യമായ നിശ്ശബദത ഭേദിക്കുകയും തെരുവിലിറങ്ങുകയും ചെയ്താല്‍ ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കുകയും അടിയന്തരാവസ്ഥ നടപ്പാക്കിയവരെ വലിച്ചെറിയുകയും ചെയ്ത ഇന്ത്യന്‍ ജനതയ്ക്ക് ഫാഷിസ്റ്റ് ഭരണകൂടത്തെയും വലിച്ച് താഴെയിടാനാവുമെന്നും സിറാജുല്‍ ഹസന് പറഞ്ഞു.
തനത് സാംസ്കാരിക വേദി പ്രസിഡന്റ് എ എം നജീബ് ചര്‍ച്ച നിയന്ത്രിച്ചു. എന്‍ എം സലാം, അബ്ദുറഹ്മാന് മൂഴിക്കര, ഷാനവാസ് ബാഖവി, ഫിറോസ്, മുഹമ്മദലി, ശരീഫ് ഹുദവി, നാസര്‍ നദ്വി, നസീര്‍, സജീര്‍, അഷ്റഫ് എന്നിവര്‍ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ചു. ഡോ. സി കെ അബ്ദുല്ല ചര്‍ച്ച ഉപഹസംഹരിച്ച് കൊണ്ട് സംസാരിച്ചു. നവാസ് പാടൂര്‍ സ്വാഗതം പറഞ്ഞു.