
സമാധാന നൊബേലിന് അബൂദബി കിരീടാവകാശിയുടെയും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെയും പേരുകളും
ദുബൈ: അബൂദബി കിരീടാവകാശി ശെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരെ സമാധാന നൊബേല്‍ പുരസ്കാരത്തിന് പരിഗണിക്കേണ്ടവരുടെ പട്ടികയിലേക്ക് നാമനിര്‍ദേശം ചെയ്തു.
സമാധാന നൊബേല്‍ ജേതാവ് ഡേവിഡ് ട്രിംബിള്‍, ശെയ്ഖ് മുഹമ്മദിന്റെയും നെതന്യാഹുവിന്റെയും പേരുകള്‍ നൊബേല്‍ കമ്മിറ്റിക്ക് സമര്‍പ്പിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യുഎഇയും ഇസ്രായേലും തമ്മില്‍ സമാധാന ഉടമ്പടിയില്‍ ഒപ്പിട്ടതിന്റെ ചുവടുപിടിച്ചാണ് നാമനിര്‍ദേശം. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ സപ്തംബറില്‍ വൈറ്റ്ഹൗസില്‍ നടന്ന ചടങ്ങിലാണ് ഇസ്രായേലുമായി യുഎഇ സമാധാന കരാര്‍ ഒപ്പിട്ടത്.
യുഎഇ വിദേശകാര്യമന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ബഹ്റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് അല്‍ സയാനിയുമാണ് പ്രതിനിധികളായി കരാറുകളില്‍ ഒപ്പിട്ടത്.
അറബ് ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സഹായിക്കുന്നതും സാമ്പത്തിക പുരോഗതി ഉണ്ടാക്കുന്നതുമാണ് പുതിയ സമാധാന കരാറെന്ന് നെതന്യാഹു പറഞ്ഞിരുന്നു.
തങ്ങളുടെ പ്രദേശങ്ങളില്‍ അധിനിവേശം നടത്തുകയും ഇപ്പോഴും കുടിയേറ്റം തുടരുകയും ചെയ്യുന്ന ഇസ്രായേലിനെ അംഗീകരിച്ച യുഎഇയുടെ നടപടിയെ കൊടുംചതിയായാണ് ഫലസ്തീന് വിശേഷിപ്പിക്കുന്നത്. ഫലസ്തീന് അവകാശപ്പെട്ടത് നല്‍കാതെ ഇസ്രായേലിനെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഖത്തര്‍, കുവൈത്ത് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍.
അതേസമയം, മധ്യപൂര്‍വദേശത്തെ സമാധാന നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതിന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ഇപ്രാവശ്യത്തെ നൊബേല്‍ സമാധാന സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തിരുന്നു.