ദോഹ: വീല്‍ചെയറില്‍ സഞ്ചരിക്കുന്നയാളെ റോഡ് കടക്കാന്‍ സഹായിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ഫുഡ് ഡെലിവറി ഏജന്റിന് അംഗീകാരം. തലബാത്ത് കമ്പനിയുടെ ഡെലിവറി ഏജന്റായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് യാസീനാണ് അഭിനന്ദനത്തിന് അര്‍ഹനായത്.
പൊടുന്നനെ തന്നെ താരമാക്കി മാറ്റിയ സംഭവത്തെക്കുറിച്ച് യാസീന്‍ വിവരിക്കുന്നത് ഇങ്ങിനെ:
മക്ഡൊണാള്‍ഡില്‍ നിന്നുള്ള ഒരു ഓര്‍ഡറുമായി പോവുകയായിരുന്നു ഞാന്‍. റോഡില്‍ നല്ല തിരക്കുണ്ടായിരുന്നു. ആ സമയത്താണ് ഒരാള്‍ വീല്‍ ചെയറില്‍ റോഡ് മുറിച്ച് കടക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്നത് കണ്ടത്. അദ്ദേഹത്തിന് പിറകില്‍ നിന്ന് വരുന്നതൊന്നും കാണാന്‍ സാധിക്കുമായിരുന്നില്ല. ഓര്‍ഡര്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ തിരക്കിട്ട് പോവുകയായിരുന്ന ഞാന്‍, അദ്ദേഹത്തെ സഹായിക്കാന്‍ തന്നെ തീരുമാനിച്ചു. ബൈക്ക് സൈഡിലേക്ക് ഒതുക്കി.
വീല്ചെയറിലില് ഇരിക്കുന്ന ആളോട് എവിടേക്കാണ് പോവേണ്ടതെന്ന് അന്വേഷിച്ചു. അദ്ദേഹം റോഡിന്റെ അപ്പുറത്തേക്ക് ചൂണ്ടിക്കാട്ടി. ഞാന്‍ അദ്ദേഹത്തെ റോഡ് മുറിച്ചുകടക്കാന്‍ സഹായിച്ചു. നിറഞ്ഞ ഹൃദയത്തോടെ നന്ദി പറഞ്ഞ് അദ്ദേഹം പോയി- യാസീന്‍ വിശദീകരിച്ചു.
യാദൃശ്ചികമായി ഈ ദൃശ്യം പകര്‍ത്തിയ ആരോ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അധികം വൈകാതെ യാസീന്റെ മനുഷ്യസ്നേഹം വൈറലായി മാറി.
ഒരാളെ അത്യാവശ്യ ഘട്ടത്തില്‍ സഹായിക്കാന്‍ സാധിച്ചതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. നിങ്ങള്‍ ഒരാളെ സഹായിച്ചാല്‍ അവശ്യ ഘട്ടത്തില്‍ വേറെ ആരെങ്കിലും നിങ്ങളെ സഹായിക്കുമെന്ന പിതാവിന്റെ വാക്കുകളാണ് തനിക്ക് പ്രചോദനമെന്നും യാസീന്‍ കുട്ടിച്ചേര്‍ത്തു.
സംഭവത്തെ തുടര്‍ന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് യാസീന്‍ വിളിവന്നു. നന്ദി അറിയിച്ച മന്ത്രാലയം സമ്മാനമായി ഒരു ഹെല്‍മറ്റും ജാക്കറ്റും ഷൂസും നല്‍കുകയും ചെയ്തു. അതിന് പിന്നാലെയാണ് ജോലിയില്‍ പ്രമോഷന് ലഭിച്ചത്. തലബാത്ത് കമ്പനിയില്‍ റൈഡര്‍ പോസ്റ്റില്‍ ഉണ്ടായിരുന്ന യാസീന്‍ ഇപ്പോള്‍ റൈഡര്‍ ക്യാപ്റ്റനാണ്. ഒരു കൂട്ടം റൈഡര്‍മാരുടെ തലവനാണ് റൈഡര്‍ ക്യാപ്റ്റന്‍.
After viral good deed, delivery agent gets promotion, call from Qatar Ministry