കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകളെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച സംഭവം കൂടുതല്‍ ദുരൂഹമാക്കുന്ന തെളിവുകള്‍ പുറത്തുവരുന്നു. അജ്നാസ് അജ്നാസ് എന്ന പേരില്‍ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ കമന്റിട്ടത് കിരണ്‍ ദാസ് എന്ന ഐഡിയില്‍ നിന്നു നിര്‍മിച്ച വ്യാജ പേരില്‍ നിന്നാണെന്ന് ഖത്തറിലുള്ള അജ്നാസ് ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് കിരണ്‍ ദാസിന്റെ അക്കൗണ്ട് കഴിഞ്ഞ ജനുവരിയില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു എന്നതിന് തെളിവുമായി അഭിലാഷ് മലയില്‍ എന്നയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
ഫറോക്ക് സ്വദേശി കിരണ്‍ദാസിന്റെ എഫ്ബി അക്കൗണ്ട് ജനുവരിയില്‍ ഹാക്ക് ചെയ്യപ്പെട്ടതായും അതില്‍ നിന്ന് അശ്ലീല പോസ്റ്റുകളും മറ്റും ഇട്ടിരുന്നതായും പോസ്റ്റില്‍ പറയുന്നു. 05-01-2021ന് ഇക്കാര്യത്തില്‍ ഫറോക്ക് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നു. ഇതിനിടയില്‍ പ്രൊഫൈലിന്റെ പേര് AjnaS Ajnas എന്നാക്കിയിരുന്നുവെന്നും അതില്‍ നിന്ന് വര്‍ഗീയ പോസ്റ്റുകള്‍ നിരന്തരം വന്നിരുന്നുവെന്നും അഭിലാഷ് മലയില്‍ അവകാശപ്പെടുന്നു. പോലിസില്‍ പല തവണ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും പറയുന്നു. അജ്നാസിന്റെ പേരില്‍ സുരേന്ദ്രന്റെ പോസ്റ്റിന് താഴെ കമന്റ് ഇട്ടയാളുടെ അക്കൗണ്ട് നേരത്തേ ഹാക്ക് ചെയ്യപ്പെട്ടിരുന്നു എന്ന് പറയുന്നത് സത്യമാണെങ്കില്‍ വളരെ ആസൂത്രിതമായ നീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ മകളെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട വിഷയം:
ഫറോക്ക് സ്വദേശി കിരണ്‍ദാസിന്റെ FB Account hack ചെയ്യപ്പെടുകയും, കിരണ്‍ദാസിന്റെ പെണ്‍സുഹൃത്തുക്കള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുക, നിയമ വിരുദ്ധ പോസ്റ്റുകള്‍ ഇടുക തുടങ്ങിയ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ 05-01-2021 ന് ഇക്കാര്യത്തില്‍ ഫറോക്ക് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. പരാതിയില്‍ നടപടിയുണ്ടാവാതിരുന്നപ്പോള് പ്രശ്നത്തിന്റെ ഗൗരവം കാണിച്ച് 09-01-2021 ന് ഫറോക്ക് പോലീസില്‍ വീണ്ടും പരാതി കൊടുത്തു. ഇതിനിടയില്‍ പ്രൊഫൈലിന്റെ പേര് AjnaS Ajnas എന്നാക്കി മാറ്റുകയും ഫോട്ടോ മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാഷ്ട്രീയ – വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന നിരവധി പോസ്റ്റുകള്‍ ഇതില്‍ കാണാനിടയായി… ഒടുവില്‍ BJP അദ്ധ്യക്ഷന്റെ മകളെ അപമാനിച്ച സംഭവം വരെ ഉണ്ടായിരിക്കുന്നു.
നിലവില്‍ കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന അജ്നാസിന്റെ ഫോട്ടോയും, വീഡിയോകളും ഹാക്ക് ചെയ്യപ്പെട്ട idയില്‍ കൊണ്ടിട്ട് ആള്‍മാറാട്ടം നടത്തി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണുണ്ടായിരിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇക്കാര്യം അറിഞ്ഞ് താന്‍ തെറ്റ് ചെയ്തിട്ടില്ലന്നും തെളിയിക്കപ്പെടുകയാണെങ്കില്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും അജ്നാസ് പറയുന്നു. ഇവിടെ കാണിച്ച പരാതിക്ക് പുറമെ മൂന്നാമതൊരു പരാതി കൂടി ഇക്കാര്യത്തില്‍ പോലീസ് നിര്‍ദ്ദേശപ്രകാരം കിരണ്‍ദാസ് കൊടുത്തിരുന്നു. കൂടാതെ കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്കും, DGP ക്കും 05-01-2021 ന് കിരണ്‍ദാസ് പരാതി നല്‍കിയിരുന്നു. അജ്നാസിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയതായി അറിയുന്നു. കിരണ്‍ ദാസ് നല്കിയ പരാതികളില്‍ പോലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നുവെങ്കില്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഒരു നിരപരാധിയും ക്രൂശിക്കപ്പെടരുത്, യഥാര്‍ത്ഥ പ്രതി രക്ഷപ്പെടാനും പാടില്ല. ‘ അലംഭാവം വെടിഞ്ഞ് പോലീസ് ഇക്കാര്യത്തില്‍ ശരിയായ അന്വേഷണം നടത്തി പ്രതിയെ പിടികൂടണം’
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ്റെ മകളെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട വിഷയം : ഫറോക്ക് സ്വദേശി കിരൺദാസിൻ്റെ…
Posted by Abhilash Malayil on Tuesday, January 26, 2021