ഗള്‍ഫില്‍ തൊഴില്‍ തേടുന്നവര്‍ക്കായി വലവിരിച്ച് തട്ടിപ്പുകാര്‍; ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

recruitment scam in uae

ദുബൈ: കോവിഡ് സാഹചര്യത്തില്‍ ഗള്‍ഫില്‍ തൊഴിലവസരങ്ങള്‍ തേടുന്നവരെ കാത്ത് തട്ടിപ്പുകാര്‍ വലവിരിക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ്. വ്യാജ റിക്രൂട്ടിങ് ഏജന്‍സികളുടെ വലയില്‍ വീഴരുതെന്നാണു മുന്നറിയിപ്പ്. തട്ടിപ്പിലകപ്പെട്ട ഒട്ടേറെ പേര്‍ക്ക് വിദേശരാജ്യങ്ങളില്‍ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്നു. ജോലി നഷ്ടമായി മടങ്ങിയവരടക്കം ജാഗ്രത പുലര്‍ത്തണമെന്നും വിദേശകാര്യമന്ത്രാലയം സെക്രട്ടറി സഞ്ജയ ഭട്ടാചാര്യ ട്വീറ്റ് ചെയ്തു.

ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ വിവിധ എംബസികള്‍ക്കും നല്‍കി. വ്യാജ റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. തൊഴില്‍ തേടുന്നവര്‍ നോര്‍ക്ക ഉള്‍പ്പെടെയുള്ള ഔദ്യോഗിക ഏജന്‍സികളുടെ സഹായമാണ് തേടേണ്ടത്. ഗള്‍ഫ് രാജ്യങ്ങള്‍ പഴയനിലയിലേക്കു മടങ്ങിവരുന്നതിനാല്‍ വ്യാജ ഏജന്‍സികള്‍ വീണ്ടും സജീവമാകാന്‍ സാധ്യതയേറെയാണ്.

മികച്ച ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ഉന്നത വിദ്യാഭ്യാസമുള്ളവരെയടക്കം തട്ടിപ്പുകാര്‍ വലയിലാക്കുന്നത്. പലരും സാമൂഹിക സംഘടനകളുടെയും എംബസികളുടെയും സഹായത്തോടെയാണ് നാട്ടിലേക്കു മടങ്ങിയത്. യഥാര്‍ഥ കമ്പനിയുടെ ലെറ്റര്‍ പാഡ് വരെ തയാറാക്കിയാണു തട്ടിപ്പുകാരുടെ ഇടപാടുകളെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

-അസാധാരണമായ രീതിയില്‍ വലിയ ശമ്പളവും ആനുകൂല്യവും വാഗ്ദാനം ചെയ്യുന്നവരെ കരുതിയിരിക്കുക.

-നിയമനരേഖയുടെ ആധികാരികത ഉറപ്പാക്കണം.

-കമ്പനിയുടെ വിശദാംശങ്ങള്‍ ഗള്‍ഫിലെ സുഹൃത്തുക്കളോടോ സാമൂഹിക സംഘടനകളോടോ അന്വേഷിക്കാം. കമ്പനിയുടെ വെബ്‌സൈറ്റിലും പരിശോധിക്കാം.

-പാസ്‌പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളും കൈമാറാതിരിക്കുക.

-രജിസ്‌ട്രേഷന്റെയും മറ്റും പേരില്‍ പണം ആവശ്യപ്പെടുന്നവരെയും സൂക്ഷിക്കുക. ഇത്തരക്കാര്‍ മിക്കവാറും തട്ടിപ്പുകാരായിരിക്കും

-തട്ടിപ്പു ബോധ്യമായാല്‍ മറച്ചുവയ്ക്കാതെ പോലിസില്‍ അറിയിക്കുക.

യുഎഇയില്‍ ഓഫര്‍ ലെറ്ററിന്റെ നിജസ്ഥിതി അറിയാന്‍ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം തേടാം. സൈറ്റ്: [email protected] പരാതികള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ട് വരുന്നതിന് www.madad.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ALSO WATCH