റിയാദ്: റിയാദില്‍ ഇന്നലെ മലയാളിയുടെ ജീവനെടുത്ത കറുത്ത ഉറുമ്പുകളെ സൂക്ഷിക്കണമെന്ന് വിദഗ്ധര്‍. കോവിഡിനോടൊപ്പം കറുത്ത ഉറുമ്പിന്റെ ആക്രമണത്തെയും പ്രവാസികള്‍ കരുതിയിരിക്കണമെന്ന് സൗദി നാഷനല്‍ ഗാര്‍ഡ് ആശുപത്രിയിലെ ഡോ. അബ്ദുല്‍ അസീസ് മുന്നറിയിപ്പ് നല്കി.
കറുത്ത ഉറുമ്പിന്റെ കടിയേറ്റാല്‍ ചിലരില്‍ അലര്‍ജി പോലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. എന്നാല്‍, ആവശ്യമായ ചികിത്സ കൃത്യസമയത്ത് ലഭിക്കാതിരുന്നാല്‍ ജീവന് വരെ അപകടത്തിലാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച കരുനാഗപ്പള്ളി സ്വദേശി എം. നിസാമുദ്ദീനാണ് ഈ ഉറുമ്പിന്റെ കടിയേറ്റ് മരിച്ചത്. കഴിഞ്ഞ വര്‍ഷം സൗദിയില്‍ രണ്ടു മലയാളികള്‍ ഉറുമ്പ് കടിയേറ്റ് മരിച്ചിരുന്നു. ചികിത്സ വൈകിയത് കാരണമാണ് മരണം സംഭവിച്ചത്.
ഇപ്പോള്‍ ഇത്തരം ഉറുമ്പുകളുടെ സീസണാണ്. കടിയേറ്റാല്‍ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടണം. ഉറുമ്പ് കടിയെ തുടര്‍ന്ന് അനാഫൈലാക്ടിക് ഷോക്ക് എന്ന അവസ്ഥ അഥവാ കടുത്ത നെഞ്ചുവേദന, ഓക്കാനം, ശ്വാസതടസ്സം, വിയര്‍പ്പ്, തലചുറ്റല്‍, നാവുകുഴയല്‍, ദേഹമാസകലം നീര് തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ക്ഷണനേരം കൊണ്ട് മരണം സംഭവിക്കാം. അലര്‍ജി, ആസ്ത്മ രോഗമുള്ളവരിലാണ് മരണ സാധ്യതയേറുന്നത്.
എന്നാല്‍, കറുത്ത എല്ലായ്പ്പോഴും അപകടകാരിയാവണമെന്നില്ല കടിയേറ്റ ഭാഗത്ത് ചെറിയ തോതിലുള്ള വീക്കം, ചൊറിച്ചില്‍, പഴുപ്പുണ്ടാക്കല് എന്നിവ മാത്രമായും അനുഭവപ്പെടാം. ‘പാച്ചികൊണ്ടയില’ അഥവാ ‘സെന്നഅരിനെന്സിസ്’ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നതാണ് ഈ ഉറുമ്പുകള്‍. മാരക വിഷം അടങ്ങിയിരിക്കുന്ന ഇവയെ മനുഷ്യവാസമുള്ള പ്രദേശത്താണ് കൂടുതലായി കാണുക. ജീര്‍ണിച്ച വസ്തുക്കള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍ എന്നിവയാണ് പ്രധാന തീറ്റ. സാധാരണയായി ചൂട് കാലം തുടങ്ങുന്ന സന്ദര്‍ഭത്തിലാണ് കറുത്ത ഉറുമ്പുശല്യം കൂടുതലായി അനുഭവപ്പെടുക. അതിനാല്‍ താമസസ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
വിഷം സൂചിപോലുള്ള അവയവത്തിലൂടെ കുത്തിവെക്കുകയാണ് ഉറുമ്പ് ചെയ്യുന്നത്. ചെറിയ തരം അലര്‍ജി ആണെങ്കില്‍ കടിയേറ്റ ഭാഗത്തെ നീര്‍വീക്കം മാറാന്‍ 20 മിനിറ്റുനേരം ഐസ് വെക്കുക, ഹൈഡ്രോകോര്‍ട്ടിസോണ്‍ ക്രീം പുരട്ടുക എന്നിവയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് ആന്റിഹിസ്റ്റമിന്‍ മരുന്ന് കഴിക്കണം.
സൂക്ഷിക്കേണ്ട കാര്യങ്ങള്‍:
1. കറുത്ത ഉറുമ്പാണ് കടിച്ചതെന്ന് ബോധ്യമായാല്‍ ഉടന്‍ വിദഗ്ധ ചികിത്സക്ക് വിധേയമാക്കണം 2. ശരീരമാസകലം ചൊറിച്ചില്‍, നീര്‍ക്കെട്ട്, തൊണ്ടയടപ്പ്, പെട്ടെന്ന് ശ്വാസതടസ്സം എന്നിവ കണ്ടാല്‍ ഉടന്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യമുള്ള ആശുപത്രിയില്‍ എത്തിക്കണം 3. മുമ്പ് അലര്‍ജി രോഗമുള്ളവരാണെങ്കിന് ആന്റിഹിസ്റ്റമിന്‍ ഗുളിക പോലുള്ള പ്രതിരോധ മരുന്നുകള്‍ വീട്ടില്‍ കരുതണം 4. കടുത്ത അലര്‍ജിയുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം എപ്പിനെഫ്രിന്‍ പേന (എപ്പിപെന്‍) വീട്ടില്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും. അപകടകരമായ അലര്‍ജി ഉണ്ടാകുന്ന പക്ഷം ത്വക്കിനടിയില്‍ ഈ മരുന്ന് സ്വയം കുത്തിവെക്കാനുള്ള പരിശീലനവും നേടിയിരിക്കണം