സൗദി തലസ്ഥാനത്തെ പിടിച്ചുകുലുക്കി സ്‌ഫോടനം

riyadh blast

റിയാദ്: സൗദി തലസ്ഥാനമായ റിയാദിനെ പിടിച്ചുകുലുക്കുന്ന രീതിയില്‍ സ്‌ഫോടനം നടന്നതായി റിപോര്‍ട്ട്. മൂന്ന് ദിവസം മുമ്പ് റിയാദിനെ ലക്ഷ്യമാക്കി വന്ന മിസൈല്‍ സൈന്യം തകര്‍ത്തിരുന്നു. സ്‌ഫോടനം സംബന്ധിച്ച് സൗദിയുടെ പ്രതികരണം അറിവായിട്ടില്ലെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. അയല്‍ രാജ്യമായ യമനില്‍ നിന്ന് ഹൂഥി വിമതര്‍ സൗദിയെ ലക്ഷ്യമിട്ട് ആക്രമണം നടത്തുക പതിവാണ്.

ഉച്ചയ്ക്ക് 1 മണിയോടെ ഉണ്ടായ സ്‌ഫോടനത്തില്‍ റിയാദിന്റെ വിവിധ ഭാഗങ്ങളിലുള്ള കെട്ടിടങ്ങളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. രണ്ട് തവണ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികളില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ റിപോര്‍ട്ട് ചെയ്തു. സൗദി ഉടമസ്ഥതയിലുള്ള അല്‍ അറബിയ ടിവിയും സ്‌ഫോടനം സംബന്ധിച്ച് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. റിയാദിനു മുകളില്‍ മിസൈലിനെ തടയുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയും അല്‍ അറബിയ ടിവി സംപ്രേക്ഷണം ചെയ്തു.

ശനിയാഴ്ച്ച റിയാദിനെ ലക്ഷ്യമിട്ട് വന്ന മിസൈല്‍ തകര്‍ത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യ സേന അറിയിച്ചിരുന്നു. യമനില്‍ ഹൂഥി വിമര്‍തക്കെതിരേ സര്‍ക്കാരിനെ സഹായിക്കുന്നത് സഖ്യസേനയാണ്. എന്നാല്‍, എവിടെ നിന്നാണ് മിസൈല്‍ വന്നതെന്ന് സേന വ്യക്തമാക്കിയിരുന്നില്ല. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഹൂഥികള്‍ അറിയിച്ചു. ശനിയാഴ്ച്ചത്തെ സംഭവത്തെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ വൈകിയതായി റിയാദ് കിങ് ഖാലിദ് വിമാനത്താവളം അറിയിച്ചിരുന്നു.
Blast shakes Riyadh three days after projectile intercepted