News Flash
X
ആദ്യമല്‍സരത്തില്‍ സൂപ്പറായി ചൈന്നെ; മുംബൈക്കെതിരേ മധുരപ്രതികാരം

ആദ്യമല്‍സരത്തില്‍ സൂപ്പറായി ചൈന്നെ; മുംബൈക്കെതിരേ മധുരപ്രതികാരം

personmtp rafeek access_timeSaturday September 19, 2020
HIGHLIGHTS
വയസ്സന്‍ പടയെന്ന പരിഹാസവും പേറി യുഎഇയില്‍ എത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐപിഎല്‍ 13ാം സീസണില്‍ വിജയത്തുടക്കം.

അബുദാബി: വയസ്സന്‍ പടയെന്ന പരിഹാസവും പേറി യുഎഇയില്‍ എത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐപിഎല്‍ 13ാം സീസണില്‍ വിജയത്തുടക്കം. കഴിഞ്ഞ സീസണിലെ കലാശപ്പോരിന് പ്രതികാരം വീട്ടി നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് ചെന്നൈയുടെ വിജയക്കുതിപ്പ്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇടംനല്‍കാതെ അവഗണിച്ച സിലക്ടര്‍മാര്‍ക്ക് മറുപടി നല്‍കി തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി പടനയിച്ച അമ്പാട്ടി റായുഡുവാണ് ചെന്നൈയുടെ വിജയശില്‍പി.

മുംബൈ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ചെന്നൈയ്ക്ക് കരുത്തായത് റായുഡു നേടിയ 71 റണ്‍സാണ്. ഒരറ്റത്ത് ഉറച്ചുനിന്ന് കളിച്ച ഫാഫ് ഡുപ്ലേസിയുടെ ഇന്നിങ്‌സും (44 പന്തില്‍ പുറത്താകാതെ 58) ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായി.

മികച്ച തുടക്കത്തിനുശേഷം പ്രതീക്ഷിച്ച സ്‌കോറിലേക്ക് എത്താനാകാതെ പോയ മുംബൈയെ, മോശം തുടക്കത്തിനുശേഷം തിരിച്ചടിച്ചാണ് ചെന്നൈ തോല്‍പ്പിച്ചത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 162 റണ്‍സെടുത്തത്. സൗരഭ് തിവാരി 31 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 42 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ക്വിന്റന്‍ ഡികോക്ക് 20 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 33 റണ്‍സെടുത്തു. ഇരുവരും പുറത്തായ ശേഷമെത്തിയവര്‍ക്ക് ഉദ്ദേശിച്ച രീതിയില്‍ റണ്‍നിരക്ക് ഉയര്‍ത്താനാകാതെ പോയതോടെ മുംബൈ 162 റണ്‍സില്‍ ഒതുങ്ങി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സുള്ളപ്പോള്‍ ഷെയ്ന്‍ വാട്‌സനും (അഞ്ച് പന്തില്‍ നാല്), ആറു റണ്‍സുള്ളപ്പോള്‍ മുരളി വിജയും (ഏഴു പന്തില്‍ ഒന്ന്) മടങ്ങി. ആദ്യ ഓവറിലെ അവസാന പന്തില്‍ ട്രെന്റ് ബോള്‍ട്ട് വാട്‌സനെയും രണ്ടാം ഓവറിന്റെ അവസാന പന്തില്‍ ജയിംസ് പാറ്റിന്‍സന്‍ വിജയിനെയും എല്‍ബിയില്‍ കുരുക്കി. പിന്നീടായിരുന്നു ചെന്നൈ ഇന്നിങ്‌സിന്റെ നട്ടെല്ലായ കൂട്ടുകെട്ട്. മൂന്നാം വിക്കറ്റില്‍ 14 ഓവര്‍ ക്രീസില്‍നിന്ന അമ്പാട്ടി റായുഡു ഫാഫ് ഡുപ്ലേസി സഖ്യം പടുത്തുയര്‍ത്തിയത് 115 റണ്‍സ്. റായുഡു 48 പന്തില്‍ ആറു ഫോരും മൂന്നു സിക്‌സും സഹിതും 71 റണ്‍സെടുത്തു. ഡുപ്ലേസി 44 പന്തില്‍ ആറു ഫോറുകള്‍ സഹിതം 58 റണ്‍സുമായി പുറത്താകാതെ നിന്നു.

SHARE :
folder_openTags
content_copyCategory
UAE