X
കൊവിഡ് ടെസ്റ്റിനുള്ള സ്റ്റിക്ക് ഒടിഞ്ഞ് മൂക്കിനകത്ത് കുടുങ്ങി; സൗദിയില്‍ ബാലന്‍ മരിച്ചു

കൊവിഡ് ടെസ്റ്റിനുള്ള സ്റ്റിക്ക് ഒടിഞ്ഞ് മൂക്കിനകത്ത് കുടുങ്ങി; സൗദിയില്‍ ബാലന്‍ മരിച്ചു

personmtp rafeek access_timeTuesday July 14, 2020
HIGHLIGHTS
കൊവിഡ് ടെസ്റ്റിന് സാംപിള്‍ ശേഖരിക്കുന്ന സ്റ്റിക്ക് മൂക്കിനകത്ത് കുടുങ്ങി സൗദി ബാലന്‍ മരിച്ചു.

റിയാദ്: കൊവിഡ് ടെസ്റ്റിന് സാംപിള്‍ ശേഖരിക്കുന്ന സ്റ്റിക്ക് മൂക്കിനകത്ത് കുടുങ്ങി സൗദി ബാലന്‍ മരിച്ചു. സൗദിയിലെ ശഖ്‌റ ജനറല്‍ ഹോസ്പിറ്റലിലാണ് സംഭവം. കടുത്ത പനിയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കൊവിഡ് പരിശോധനയ്ക്കായി സാംപിള്‍ എടുക്കുന്നതിന് മൂക്കിനകത്തേക്ക് കയറ്റിയ സ്റ്റിക്ക് ഒടിഞ്ഞ് ശ്വാസനാളത്തിനകത്ത് കുടുങ്ങുകയായിരുന്നു.

സ്റ്റിക്ക് എടുക്കുന്നതിന് ജനറല്‍ അനസ്‌തേഷ്യ നല്‍കി. തുടര്‍ന്ന് മറ്റ് നടപടികളൊന്നും സ്വീകരിച്ചില്ലെന്നും ശ്വാസനാളത്തിലെ തടസ്സം കാരണം കുട്ടിയുടെ ബോധം നഷ്ടപ്പെടുകയായിരുന്നുവെന്നും സബഖ് ന്യൂസ് പോര്‍ട്ടലിന്റെ റിപോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 24 മണിക്കൂറിന് ശേഷമാണ് കുട്ടി മരിച്ചത്.

കുട്ടിക്ക് ജനറല്‍ അനസ്‌തേഷ്യ കൊടുക്കുന്നത് താന്‍ എതിര്‍ത്തിരുന്നുവെന്ന് പിതാവ് അബ്ദുല്ല അല്‍ ജൗഫാന്‍ പറഞ്ഞു. എന്നാല്‍, ഡോക്ടര്‍ അതിന് നിര്‍ബന്ധിക്കുകയായിരുന്നു. ഓപറേഷന് ശേഷം കുട്ടിയെ സ്‌പെഷ്യലിസ്റ്റ് ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ലീവിലാണെന്നാണ് ജീവനക്കാര്‍ അറിയിച്ചത്.

അടുത്ത ദിവസം ശ്വാസനാളത്തിലെ തടസ്സം കാരണം പൊടുന്നനെ കുട്ടിയുടെ ബോധം നഷ്ടപ്പെടുകയായിരുന്നു. റിയാദിലെ സ്‌പെഷ്യലൈസ്ഡ് ആശുപത്രിയിലേക്കു മാറ്റുന്നതിന് വേണ്ടി ആവശ്യപ്പെട്ടെങ്കിലും ആംബുലന്‍സ് വളരെ വൈകിയാണ് എത്തിയത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയതായി പിതാവ് പറഞ്ഞു. മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ തന്നെ ഫോണില്‍ ബന്ധപ്പെട്ടതായും അന്വേഷണം നടത്താമെന്ന് ഉറപ്പ് നല്‍കിയതായും അല്‍ ജൗഫാന്‍ പറഞ്ഞു.

SHARE :
folder_openTags
content_copyCategory