News Flash
X
കോവിഡ്: നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി യുഎഇ

കോവിഡ്: നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി യുഎഇ

personmtp rafeek access_timeSaturday September 19, 2020
HIGHLIGHTS
രണ്ട് ആഴ്ചയ്ക്കിടെ രാജ്യത്തുണ്ടായ കോവിഡ് കേസുകളിൽ 88% ഒത്തുചേരലിലൂടെയും 12% ക്വാറന്റീൻ ലംഘിച്ചതിലൂടെയും ആണെന്നു കണ്ടെത്തിയ പശ്ചാത്തലാണ് നടപടി.

അബുദാബി: രണ്ട് ആഴ്ചയ്ക്കിടെ രാജ്യത്തുണ്ടായ കോവിഡ് കേസുകളിൽ 88% ഒത്തുചേരലിലൂടെയും 12% ക്വാറന്റീൻ ലംഘിച്ചതിലൂടെയും ആണെന്നു കണ്ടെത്തിയ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച് യുഎഇ. വീടുകളിലെ ഒത്തുചേരലുകളിൽ 10 പേരിൽ കൂടുതൽ ആളുകളുണ്ടാകാൻ പാടില്ല. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിലും 10 പേരിൽ കൂടാൻ പാടില്ലെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു.

ചെറിയ ഒത്തുചേരൽ അനുവദിച്ചിട്ടുണ്ടെങ്കിലും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. ഒത്തുചേരുന്നവർ 24 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പാക്കണം.

മരണവീടുകളിൽ മൃതദേഹം എടുത്തു കൊണ്ടുപോകാൻ ആറ് പേരിൽ കൂടുതൽ ആളുകൾ ഉണ്ടാകരുത്. സംസ്‌കാര സ്ഥലത്ത് രണ്ട് പേർ മാത്രമേ പ്രവേശിക്കാവൂ. ശ്മശാന ജീവനക്കാരും ചടങ്ങിൽ പങ്കെടുക്കുന്നവരും മാസ്‌ക് ധരിക്കണം. സംസ്‌കാരത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം മുൻപും ശേഷവും അണുവിമുക്തമാക്കണം. പങ്കെടുക്കുന്നവരെല്ലാം കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ഇതിനു സൗകര്യമില്ലാത്തവർ 60% ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപോയോഗിച്ച് കൈകൾ നിരന്തരം വൃത്തിയാക്കണം.

ശ്മശാന ജീനക്കാർക്ക് ക്ഷീണമോ രോഗലക്ഷണമോ ഉണ്ടെങ്കിൽ ഉടൻ സൂപ്പർവൈസറെ അറിയിക്കണം. രോഗമുള്ളവരെ ഐസലേഷനിലാക്ക് മാറ്റണം. സുരക്ഷാ മാർഗനിർദേശങ്ങൾ ശ്മശാനത്തിലും പ്രദർശിപ്പിക്കണം. ഒത്തുചേരൽ നിരീക്ഷിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരുണ്ടാകും. കോവിഡ് നിയമലംഘകർക്ക് കനത്ത പിഴയുണ്ട്.

ഏതു തരത്തിലുള്ള ഒത്തുചേരൽ ആയാലും താഴെ പറയുന്ന നിബന്ധനകൾ എല്ലാവരും (കുടുംബാംഗളുൾപ്പെടെ) നിർബന്ധമായും പാലിക്കണം.

രണ്ട് മീറ്റർ അകലം പാലിക്കൽ, ഇടയ്ക്കിടെ കൈകൾ കഴുകാൻ അതിഥികളെ ഓർമിപ്പിക്കണം, മാസ്‌ക് ധരിക്കുന്നതടക്കം സുരക്ഷാമാർഗങ്ങൾ പാലിക്കണം, ബുഫെ സിസ്റ്റം പാടില്ല, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങളിലേ ഭക്ഷണം നൽകാവൂ, ഒത്തുചേരുന്ന സ്ഥലം ഇടയ്ക്കിടെ അണുവിമുക്തമാക്കണം, അതിഥികളെ നിരന്തരം നിരീക്ഷിക്കണം, കോവിഡ് മാർഗനിർദേശങ്ങളെക്കുറിച്ച് അതിഥികളെ ആതിഥേയൻ ഓർമിപ്പിക്കണം, ചുമയോ തുമ്മലോ ഉണ്ടാകുമ്പോൾ മുഖം മറയ്ക്കുന്നത് എങ്ങനെയെന്ന് വിവരിച്ചുകൊടുക്കണം, രോഗലക്ഷണമുള്ളവർക്കായി പ്രത്യേക മുറി ഒരുക്കണം, വയോധികരും ഗുരുതര അസുഖങ്ങളുള്ളവരും ഒരു കാരണവശാലും പങ്കെടുക്കരുത്.

നിയമം ലംഘിച്ച് പൊതു, സ്വകാര്യ സ്ഥലങ്ങളിൽ ഒത്തു ചേർന്നവർക്കെല്ലാം കനത്ത പിഴയുണ്ടാകും. ആതിഥേയന് 10,000 ദിർഹവും അതിഥികൾ ഓരോരുത്തരും 5000 ദിർഹവും പിഴ അടയ്‌ക്കേണ്ടി വരും. ആരോഗ്യസുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാതിരുന്നാൽ 2000 ദിർഹം, പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാതിരുന്നാൽ 3000, കുടുംബാംഗങ്ങളല്ലാത്ത മൂന്ന് പേർ വാഹനത്തിൽ കയറിയാൽ 3000, കോവിഡ് മറച്ചുവെച്ചാലും ചികിത്സയ്ക്ക് വിസമ്മതിച്ചാലും 50,000, ക്വാറന്റീൻ നിയമം ലംഘിച്ചാലും സ്മാർട്ട് വാച്ച് കേടുവരുത്തിയാലും 50,000 ദിർഹം എന്നിങ്ങനെയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.

SHARE :
folder_openTags
content_copyCategory