
ദോഹ മെട്രോയില്‍ ഇനി വൈഫൈ സേവനവും; മെട്രോ ലിങ്ക് സര്‍വീസുകളും സപ്തംബര്‍ 1 മുതല്‍ ആരംഭിക്കും
ദോഹ: സപ്തംബര്‍ 1ന് ദോഹ മെട്രോ സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ സൗജന്യ വൈഫൈ സേവനവും. ആദ്യത്തെ 30 മിനുട്ട് നേരത്തേക്കായിരിക്കും സൗജന്യം. 30 മിനുട്ടിന് ശേഷമുള്ള അധിക ഉപയോഗത്തിന് പ്രത്യേക നിരക്ക് ഈടാക്കും. എന്നാല്‍ അധിക ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ദോഹ മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലുമാണ് യാത്രക്കാര്‍ക്ക് സെപ്തംബര്‍ 1 മുതല്‍ സൗജന്യ വൈഫൈ സേവനം നല്‍കുകയെന്ന് ദോഹ മെട്രോ ട്വീറ്റ് ചെയ്തു.
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ നാലാം ഘട്ടത്തോടനുബന്ധിച്ച് സപ്തംബര്‍ 1നാണ് ദോഹ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. സ്പതംബര്‍ 1 മുതല്‍ മെട്രോ ലിങ്ക് സര്‍വീസും ആരംംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദോഹ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് സമീപത്തെ പ്രധാന പ്രദേശങ്ങളിലേക്കുള്ള വാഹന സര്‍വീസാണ് മെട്രോ ലിങ്ക്.
ശനിയാഴ്ച്ച മുതല്‍ ബുധനാഴ്ച്ച വരെ രാവിലെ 6 മുതല്‍ രാത്രി 11 വരെയും വ്യാഴം രാവിലെ 6 മുതല്‍ രാത്രി 11.59 വരെയും വെള്ളി ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 11.59വരെയുമാണ് മെട്രോ ലിങ്ക് സര്‍വീസ് നടത്തുക.
അല്‍ വക്റ, ഫ്രീസോണ്‍, ഉഖ്ബ ബിന്‍ നാഫി, മതാര്‍ ഖദീം, ഉം ഗുവൈലിന, ദോഹ ജദീദ്, കോര്‍ണിഷ്, ഡിഇസിസി, ലുസൈല്‍, അല്‍ അസീസിയ, അല്‍ മെസ്സില, എജുക്കേഷന്‍ സിറ്റി എന്നീ 17 റൂട്ടുകളിലാണ് മെട്രോ ലിങ്ക് സര്‍വീസ് ഉണ്ടാവുക.