
തട്ടിപ്പുകാര്‍ കൈക്കലാക്കിയ കാര്‍ ദുബൈ പോലിസ് തിരിച്ചുപിടിച്ചത് കടലിന് നടുവില്‍; അമ്പരന്ന് ഉടമയായ പ്രവാസി
ദുബൈ: തട്ടിപ്പുകാര്‍ രാജ്യത്തിന് പുറത്തേക്ക് എത്തിക്കാന്‍ ശ്രമിച്ച കാര്‍ കടലിന് നടവില്‍ തിരിച്ചുപിടിച്ച ദുബൈ പോലിസിന്റെ വൈദഗ്ധ്യത്തില്‍ അമ്പരന്ന് പ്രവാസി. അമേരിക്കക്കാരനായ ബ്രയാന്‍ സിഡ്ലിയുടെ കാറാണ് ദുബൈ പോലിസ് പഴുതടച്ച നീക്കങ്ങളിലൂടെ കണ്ടെത്തിയത്.
കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട ബ്രയാന്‍ വില്പ്പയനയ്ക്ക് വച്ചതായിരുന്നു കാര്‍. ഓണ്‍ലൈനിലെ പരസ്യം കണ്ട് കാര്‍ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് ഒരാള്‍ സമീപിച്ചു. കാര്‍ വാങ്ങാനെത്തിയ ആളുടെ തിരിച്ചറിയല്‍ രേഖകളും മറ്റും കണ്ടു വിശ്വസിച്ച ബ്രയാന്‍ ചെക്ക് വാങ്ങി കാര്‍ നല്‍കുകയായിരുന്നു. ജൂണ്‍ 2ന് ആയിരുന്നു ചെക്ക് നല്‍കിയത്. എന്നാല്‍, ദിവസങ്ങള്‍ക്കകം പണമില്ലാതെ ചെക്ക് മടങ്ങി. തുടര്‍ന്ന് വാഹനം വാങ്ങാനെത്തിയ ആളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഒടുവില്‍ ദുബൈ പോലിസില്‍ പരാതിപ്പെടുകയായിരുന്നു.
സാമ്പത്തിക പ്രയാസത്തിലായിരുന്ന ബ്രയാന്‍ ദിവസങ്ങള്‍ക്കു ശേഷം അമേരിക്കയിലേക്കു മടങ്ങി. കാര്‍ മോഷണ സംഘം വലയിലായതായി ദുബൈ പോലിസ് ആണ് അറിയിച്ചത്. തന്റെ കാര്‍ കണ്ടെയ്നറില്‍ കയറ്റി ചെറുകപ്പലില്‍ ഗ്രീസിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു. മോഷണ സംഘവുമായി ബന്ധമുള്ള ചിലരെ പിന്തുടര്‍ന്ന പോലിസ് കടലിന് നടുവില്‍ യാത്രാ മധ്യേ കപ്പല്‍ തടഞ്ഞ് കാര്‍ തിരിച്ചുപിടിക്കുകയായിരുന്നു. ജൂണ്‍ 2ന് കാര്‍ നഷ്ടപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് കാര്‍ തിരിച്ചുകിട്ടിയത്. എങ്ങിനെയാണ് പോലിസ് ഇത് സാധിച്ചതെന്ന് തനിക്ക് അറിയില്ലെന്ന് ബ്രയാന്‍ പറഞ്ഞു.
കുറച്ച് കാലം ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശത്ത് കാര്‍ സൂക്ഷിച്ച ശേഷമാണ് മോഷണ സംഘം കടല്‍ കടക്കാന്‍ തീരുമാനിച്ചതെന്ന് ദുബൈ പോലിസ് ആന്റി ഫ്രോഡ് ക്രൈം സെക്ഷന്‍ മേധാവവി ക്യാപ്റ്റന്‍ അഹ്മദ് സുഹൈല്‍ അല്‍ സമാഹി പറഞ്ഞു. അന്വേഷണത്തില്‍ കാര്‍ കണ്ടെയ്നറിലാക്കി കടത്താന്‍ പദ്ധതിയിടുന്നതായി വ്യക്തമായി. തുടര്‍ന്ന് കസ്റ്റംസിന്റെ സഹായത്തോടെയാണ് കടലിന് നടുവില്‍ വച്ച് കാര്‍ തിരിച്ച് പിടിച്ചത്.
Dubai Police recover stolen car from middle of the sea