
ഖത്തറില്‍ ഇലക്ട്രോണിക് ഗെയിം സെന്ററുകളും ട്രംപോലിനുകളും തുറന്നു
ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി വിനോദപരിപാടികള്‍ പുനരാരംഭിക്കുന്നതിന്റെ രണ്ടാംഘട്ടത്തിന് ഖത്തറില്‍ ഇന്ന് മുതല്‍ തുടക്കമായി. ഇതിന്റെ ഭാഗമായി രാജ്യത്തെ ഇലക്ട്രോണിക് ഗെയിം സെന്ററുകളും ട്രംപോലിനുകളും(കുട്ടികള്‍ക്ക് ചാടി കളിക്കാനുള്ള കേന്ദ്രം) ഭാഗിക ശേഷിയില്‍ തുറന്നു. മൂന്ന് ഘട്ടമായാണ് ഖത്തറിലെ വിനോദ കേന്ദ്രങ്ങള്‍ തുറക്കുന്നത്. ജനുവരി 3ന് ആരംഭിച്ച ആദ്യ ഘട്ടത്തില്‍ ഔട്ട്ഡോര്‍ കളി സ്ഥലങ്ങള്‍, ഔട്ട്ഡോര്‍ ഗെമിയുകള്, ബില്ല്യാര്‍ഡ്സ്, ബൗളിങ് തുടങ്ങിയവ തുറന്നിരുന്നു. രണ്ടാംഘട്ടമാണ് ജനുവരി 11ന് ആരംഭിച്ചത്. 50 ശതമാനം ശേഷിയിലാണ് ഇലക്ട്രോണിക് ഗെയിം സെന്ററുകള്‍ ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിക്കുക.
ആന്ഗ്രി ബേര്‍ഡ്സ് വേള്‍ഡ്, വെര്ച്വോസിറ്റി, സ്നോ ഡ്യൂണ്‍സ് എന്നിവ ഇന്നു മുതല്‍ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്ന് ദോഹ ഫെസ്റ്റിവല്‍ സിറ്റി അറിയിച്ചു. അല്‍ഖോര്‍ മാള്‍, അസ്മഖ് മാള്‍, എസ്ദാന്‍ മാള്‍ എന്നിവിടങ്ങളിലുള്ള ബ്രാഞ്ചുകള്‍ തുറന്നതായി ഫണ്‍ വില്ലെയും അറിയിച്ചു. വില്ലേജിയോ മാളിലെ ഗോണ്ടോലാനിയ തീം പാര്‍ക്ക്, പേള്‍ ഖത്തറിലെ മെഗാപോളിസ് എന്നിവയും സന്ദര്‍ശകരെ സ്വീകരിക്കാനൊരുങ്ങിയിട്ടുണ്ട്. വിനോദ കേന്ദ്രങ്ങള്‍ തുറക്കുന്നതിന്റെ മൂന്നാം ഘട്ടമായ ജനുവരി 24 മുതലാണ് ബൗണ്‍സറുകള്‍, ഇന്‍ഫ്ളേറ്റബിള്‍ ഗെയിംസ്, ബോള്‍ പിറ്റ്സ് തുടങ്ങിയവ തുറക്കുക.