
ഒടുവില്‍ ലിവര്‍പൂള്‍; ജയം എക്സ്ട്രാ ടൈമിലെ ഗോളിന്
ദോഹ: തീപാറിയ ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ ഫൈനല്‍ മല്‍സരത്തില്‍ ലിവര്‍പൂളിന് മറുപടിയില്ലാത്ത ഒരു ഗോള്‍ ജയം. അധിക സമയത്തേക്കു നീണ്ട മല്‍സരത്തില്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് ലിവര്‍പൂളിന് വേണ്ടി ഗോള്‍ നേടിയത്. 99ാം മിനിറ്റിലായിരുന്നു വിജയഗോള്‍ പിറന്നത്.
ദോഹയിലെ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ ലിവര്‍പൂളിന്റെ ഏകപക്ഷീയ വിജയം പ്രതീക്ഷിച്ചവരുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്നതായിരുന്നു ബ്രസീലിയന്‍ ക്ലബ്ബായ ഫ്ളമിങോയുടെ പോരാട്ടവീര്യം. അര ലക്ഷത്തോളം കാണികളുടെ സാന്നിധ്യത്തിലായിരുന്നു ആവേശപ്പോരാട്ടം.
പന്തടക്കത്തിലും പാസുകളുടെ എണ്ണത്തിലുമെല്ലാം ഫ്ളമിങോയാണ് മികച്ചുനിന്നത്. ലോകോത്തര താരങ്ങളായ മുഹമ്മദ് സലാഹും ഫിര്‍മിനോയും സാദിയ മാനെയുമായിരുന്നു ലിവര്‍പൂളിന്റെ മുന്‍നിരയില്‍. വാന്‍ ജിക്കും അലെക്സാണ്ടര്‍-ആര്‍നോള്‍ഡും ഗോമസും റോബര്ട്സണുമാണ് 4-3-3 ശൈലിയില്‍ കളിച്ച ലിവര്‍പൂളിന്റെ പ്രതിരോധ നിര കാത്തത്. ഗോള്‍വല കാക്കാന്‍ അലിസണും ഉണ്ടായിരുന്നു.