ദുബായ്: കോവിഡ് 19 മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ജീവനക്കാരോട് കൂടുതൽ ദിവസങ്ങൾ ശമ്പളമില്ലാത്ത അവധിയെടുക്കാൻ എമിറേറ്റ്സ്, ഇത്തിഹാദ് എയർലൈൻസ് അധികൃതർ ആവശ്യപ്പെട്ടു. ക്യാബിൻ ക്രൂ അംഗങ്ങളോടാണ് കൂടുതൽ ദിവസം അവധി എടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ആഗോളതലത്തിൽ കൊറോണവൈറസ് ബാധയുണ്ടായപ്പോൾ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായ വ്യവസായങ്ങളിലൊന്നാണ് ഏവിയേഷൻ. എല്ലാ രാജ്യങ്ങളും യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ നിലവിൽ എണ്ണപ്പെട്ട സർവീസുകൾ മാത്രമാണ് നടത്താകുന്നത്. യുഎഇയിലെ എമിറേറ്റ്സ്, ഇത്തിഹാദ് വിമാനകമ്പനികൾ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
സെപ്റ്റംബർ ഒന്ന് മുതൽ നവംബർ 30 വരെ മൂന്ന് മാസം ശമ്പളമില്ലാത്ത അവധി എടുക്കാമെന്നാണ് ക്യാബിൻ ക്രൂവിനെ കമ്പനി അധികൃതർ രേഖാപൂർവം അറിയിച്ചിരിക്കുന്നത്. ജൂലൈയിൽ പൈലറ്റുമാരോടും ക്രൂവിനോടും നാല് മാസത്തെ ശമ്പളമില്ലാത്ത അവധി എടുക്കാൻ ആവശ്യപ്പെട്ട എമിറേറ്റ്സ് കഴിഞ്ഞയാഴ്ച നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ജൂലൈയിൽ ആരംഭിച്ച പിരിച്ചുവിടൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
നിലവിൽ കമ്പനിയിൽ ആവശ്യത്തിലധികം ജീവനക്കാരുണ്ടെന്ന് ഇത്തിഹാദ് ഇന്റേണൽ മെമ്മോയിൽ പറഞ്ഞു. ക്രൂവിന് സെപ്റ്റംബർ 16 മുതൽ ആറ് മാസം വരെ ശമ്പളമില്ലാത്ത അവധി എടുക്കാമെന്നും അവർ ഇ-മെയിലിലൂടെ അറിയിച്ചിട്ടുണ്ട്.