News Flash
X
സൗദിയില്‍ നിന്ന് അബൂസംറ ചെക്ക് പോസ്റ്റ് വഴി ആദ്യ വാഹനം ഖത്തറില്‍ പ്രവേശിച്ചു

സൗദിയില്‍ നിന്ന് അബൂസംറ ചെക്ക് പോസ്റ്റ് വഴി ആദ്യ വാഹനം ഖത്തറില്‍ പ്രവേശിച്ചു

personmtp rafeek access_timeSaturday January 9, 2021
HIGHLIGHTS
മൂന്നരവര്‍ഷമായി അടഞ്ഞുകിടന്ന ഖത്തറും സൗദിയും തമ്മിലുള്ള അതിര്‍ത്തി തുറന്നതോടെ അബൂസംറ ചെക്ക്‌പോസ്റ്റ് വഴി വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി.

ദോഹ: മൂന്നരവര്‍ഷമായി അടഞ്ഞുകിടന്ന ഖത്തറും സൗദിയും തമ്മിലുള്ള അതിര്‍ത്തി തുറന്നതോടെ അബൂസംറ ചെക്ക്‌പോസ്റ്റ് വഴി വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. ഇന്ന് രാവിലെ പ്രാദേശിക സമയം 11.20 ഓടെയാണ് എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി ആദ്യ വാഹനം അതിര്‍ത്തി കടന്നത്. ഖത്തര്‍ സ്വദേശിയുടെ വാഹനമാണ് മൂന്നര വര്‍ഷത്തെ പ്രവേശനവിലക്കിന് അന്ത്യം കുറിച്ച് ഖത്തറിലേക്ക് പ്രവേശിച്ചത്.

പി.സി.ആര്‍ പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യാത്രക്കാരെ കടത്തിവിടുന്നത്. ഇതിനായി സല്‍വാ അതിര്‍ത്തിയില്‍ സൗദി പ്രത്യേകം പരിശോധനാ കേന്ദ്രവും ഒരുക്കിയിരുന്നു. നാലിന് അതിര്‍ത്തി തുറക്കുന്നതായി സൗദി പ്രഖ്യാപിച്ചത് മുതല്‍ നൂറുകണക്കിന് വാഹനങ്ങളാണ് അതിര്‍ത്തിയില്‍ എത്തിയത്. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഈ വാഹനങ്ങള്‍ പൊലീസ് തിരിച്ചയക്കുകയായിരുന്നു.എന്നാല്‍ ശനിയാഴ്ച അതിര്‍ത്തി തുറക്കുമെന്ന പ്രഖ്യാപനം വന്നതോടെ ഇന്നലെ രാത്രിയോടെ തന്നെ നിരവധി വാഹനങ്ങള്‍ അതിര്‍ത്തിയിലെത്തി കാത്തു കിടക്കുകയായിരുന്നു.

അതിര്‍ത്തി കടക്കുന്നതിനുള്ള കോവിഡ് പ്രോട്ടോക്കോള്‍ ഖത്തര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. 72 മണിക്കൂറിനകം പരിശോധന നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മുന്‍കൂട്ടി ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യുകയും വേണം. ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണമെന്നും നിബന്ധനയില്‍ പറയുന്നു.
ALSO WATCH

SHARE :
folder_openTags
content_copyCategory